കോട്ടയം: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. വിവാഹം അടക്കമുള്ള ചടങ്ങുകൾക്കും യോഗങ്ങൾക്കും 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കുടുംബ ചടങ്ങുകൾ നടത്തുന്നതിന് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതു ചടങ്ങുകൾക്കും യോഗങ്ങൾക്കും തഹസിൽദാരുടെയോ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ അനുമതി വാങ്ങണം. ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. സമ്മർ ക്യാമ്പുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് സെന്ററുകൾ എന്നിവയും അടയ്ക്കണം.
കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ പൂർണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാർഡുകളിലും ശനിയാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിന്റെ തീരുമാനപ്രകാരമുള്ള പ്രത്യേക നിയന്ത്രണങ്ങളും ഈ മേഖലകളിലുണ്ടാകും.
പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
കൊവിഡ് വ്യാപനം രൂക്ഷമായ കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കൽ പഞ്ചായത്തുകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ഏപ്രിൽ 30ന് അർദ്ധരാത്രി വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. വിവാഹ, മരണ ചടങ്ങുകൾക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു.
എറണാകുളത്തും കോഴിക്കോട്ടും കടുത്ത നിയന്ത്രണം
കൊവിഡ് രോഗവ്യാപനം രൂക്ഷമായ എറണാകുളത്തും കോഴിക്കോടും ഇന്നും കടുത്ത നിയന്ത്രണമുണ്ടാകും. കോഴിക്കോട് കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നു. രണ്ടു ജില്ലകളിലും അതിതീവ്ര മേഖലകൾ അടച്ചിട്ടുണ്ട്.
അതേസമയം, സ്ഥിതിഗതികൾ രൂക്ഷമായതോടെ ,സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക്പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാൽ പരീക്ഷകളില്ലാത്തതും മിക്കജില്ലകളിലും വാക്സിനേഷൻ ക്യാമ്പുകൾ കുറവായിരുന്നതും തിരക്ക് കുറച്ചു. സ്വകാര്യവാഹനങ്ങളിൽ വിവാഹം,മരണം തുടങ്ങിയ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. പ്രധാന നിരത്തുകളിലെല്ലാം പൊലീസ് പരിശോധനയുണ്ടായിരുന്നു.
. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് 3883 പേർക്കെതിരെ കേസെടുത്തു. 1145 പേർ അറസ്റ്റിലായി. 100 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19467 കേസുകളും ക്വാറൻറൈൻ ലംഘിച്ച രണ്ട് കേസും റിപ്പോർട്ട് ചെയ്തു. കെ.എസ്.ആർ.ടി.സി പകുതിയിൽ താഴെ സർവീസാണ് നടത്തിയത്. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |