തൃശൂർ: മുഖ്യമന്ത്രിയുടെ 'കൊവിഡ് വാക്സിൻ ചാലഞ്ച്' ദുരിതാശ്വാസ നിധിയിലേക്ക് വധൂവരന്മാർ പതിനായിരം രൂപ സംഭാവന നല്കി. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്കാണ് തുക കൈമാറിയത്. മുണ്ടൂർ, തെക്കൻപുരയ്ക്കൽ വീട്ടിൽ ദീപകിന്റെയും കൂർക്കഞ്ചേരി കരിക്കന്ത്ര വീട്ടിൽ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിലാണ് തുക കൈമാറിയത്. ഉജ്ജീവൻ ബാങ്കിന്റെ പടിഞ്ഞാറെകോട്ട ശാഖയിൽ ക്ളാർക്കാണ് ദീപക്. ബി.ബി.എ. പൂർത്തിയാക്കിയ ലക്ഷ്മി, 2010ൽ ഇറങ്ങിയ ജലച്ചായം സിനിമയിൽ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.
2416 പേർക്ക് കൂടി കൊവിഡ്
തൃശൂർ: ജില്ലയിൽ 2416 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 861 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശൂർ സ്വദേശികളായ 116 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 22.90 % ആണ്. സമ്പർക്കം വഴി 2392 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 11 പേർക്കും, ആറ് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത ഏഴ് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 156 പുരുഷന്മാരും 143 സ്ത്രീകളും പത്ത് വയസിന് താഴെ 88 ആൺകുട്ടികളും 65 പെൺകുട്ടികളുമുണ്ട്. 2891 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 324 പേർ ആശുപത്രിയിലും 2567 പേർ വീടുകളിലുമാണ്. 10,552 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |