SignIn
Kerala Kaumudi Online
Thursday, 25 April 2024 10.48 PM IST

എന്ന് തീരും കൊവിഡിന്റെ വ്യാപനം ?

covid

" ഇത് ഉടനെയെങ്ങാനും തീരുമോ ? അതോ കൊവിഡ് നമ്മളേയും കൊണ്ടേ പോവുകയുള്ളോ? " - നാലുപേർ കൂടുന്നിടത്തൊക്കെ കേൾക്കുന്ന ചോദ്യമാണിത്.

ഈ ചോദ്യം പ്രമുഖരായ ചില ഡോക്ടർമാരോട് ചോദിച്ചു. വൈറസ് ആയതിനാൽ കൊവിഡ് എന്ന് തീരുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പ്രയാസമാണെങ്കിലും ഈ മഹാമാരി അധികം വൈകാതെ നിയന്ത്രണ വിധേയമാകുമെന്ന ശുഭപ്രതീക്ഷ പുലർത്തുന്നവരാണ് അവരിൽ ഭൂരിഭാഗവും. രാജ്യത്ത് നിലവിലുള്ള സ്ഥിതി ആശങ്കാജനകമാണെങ്കിലും അതിനൊരു അറുതി ഉണ്ടാവുകതന്നെ ചെയ്യും. എന്നാൽ കൊവിഡിനെ ഓടിച്ചുവിടണമെങ്കിൽ ഓരോരുത്തരും സ്വയം നിയന്ത്രണങ്ങൾ പാലിക്കണം. ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.

കൊവിഡ് എന്ന് അവസാനിക്കുമെന്ന ചോദ്യത്തോട് " അവസാനിക്കണമല്ലോ.." എന്നു പറഞ്ഞാണ് വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ.ടി.ജേക്കബ് ജോൺ പ്രതികരിച്ചു തുടങ്ങിയത്. ജൂൺ അവസാനത്തോടെ ഇന്നത്തെ സ്ഥിതിയിൽ പ്രകടമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഒന്നാം തരംഗത്തിന്റെ പീക്കെത്തിയത് കഴിഞ്ഞ സെപ്‌തംബറിലായിരുന്നു. മാർച്ച് മുതൽ ഉയർന്ന് സെപ്‌തംബർ 16 ലെത്തിയപ്പോൾ ഏറ്റവും കൂടുതൽ എന്ന കണക്കിലെത്തി. ആറു മുതൽ ഏഴുമാസം വേണ്ടിവന്നു അതിന്. പിന്നീടാകട്ടെ താഴോട്ടായിരുന്നു. പീക്കിലെത്താനുള്ള അതേസമയ പരിധി താഴോട്ടിറങ്ങാനും വേണ്ടിവന്നു. രണ്ടാം തരംഗം ഈ വർഷം മാർച്ച് രണ്ടാം വാരത്തോടെ തുടങ്ങി. ഈ മാസം അവസാനത്തോടെ പീക്കിലെത്താം. മേയിൽ എണ്ണത്തിൽ വലിയ വ്യത്യാസം വന്നുകൊള്ളണമെന്നില്ല. എന്നാൽ പീക്കിൽ നിന്ന് താഴേക്കുവരും. അങ്ങനെ ജൂണോടെ പ്രകടമായ കുറവിലേക്കെത്തി അപകടാവസ്ഥ മാറുമെന്നാണ് ഞാൻ കരുതുന്നത്. ഇതൊരു പുതിയ രോഗമാണ്. വാക്സിനും പ്രതിരോധവും കൊണ്ടേ വ്യാപനത്തെ ചെറുക്കാനാവൂ. അതിനെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗവും നാലാം തരംഗവുമൊക്കെ." -ജേക്കബ് ജോൺ വിശദീകരിച്ചു.

എന്നുതീരുമെന്ന് പറയാനാവില്ലെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാൽ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സംസ്ഥാനത്തെ കൊവിഡ് വിദഗ്ധോപദേശക സമിതിയുടെ ചെയർമാനായ ഡോ.ബി.ഇക്ബാലിന്റെ അഭിപ്രായം. " നിപ്പയും എബോളയും പോലെയല്ല കൊവിഡ്. നിപ്പയിലും എബോളയിലുമൊക്കെ രോഗലക്ഷണം പ്രകടമായിരുന്നു. അതിനാൽ രോഗികളെ ഐസൊലേറ്റ് ചെയ്ത് രോഗത്തെ പ്രതിരോധിക്കാൻ വേഗം കഴിഞ്ഞു. എന്നാൽ എഴുപത് ശതമാനം കൊവിഡ് രോഗികൾക്കും രോഗലക്ഷണമില്ല. ആരും ഒരു കൊവിഡ് രോഗിയായേക്കാം എന്ന അവസ്ഥയാണ്. പ്രതിരോധവും വാക്സിൻ ഉപയോഗവും ഫലപ്രദമായാൽ രണ്ടോ മൂന്നോ മാസം കൊണ്ട് നിയന്ത്രണ വിധേയമായേക്കാം. മുമ്പുണ്ടായിട്ടുള്ള പകർച്ച വ്യാധിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മഹാമാരിയുടെ കാലത്തുതന്നെ വാക്സിനുണ്ടായി എന്നത് കൊവിഡിനെ പ്രതിരോധിക്കാനുള്ള അനുകൂലഘടകമാണ്. മറ്റു പകർച്ചവ്യാധികൾക്കൊക്കെ വാക്സിൻ കണ്ടുപിടിക്കാൻ സമയം വേണ്ടി വന്നിരുന്നു. " ഡോ.ഇക്ബാൽ പറയുന്നു.

" ജനസംഖ്യയുടെ എഴുപതു ശതമാനത്തിന് രോഗം വന്ന് ഭേദമാവുകയോ, അത്രയും പേർ പ്രതിരോധ വാക്സിൻ എടുക്കുകയോ ചെയ്യുമ്പോൾ കൊവിഡ് പകർച്ചവ്യാധിക്ക് ശമനം ഉണ്ടാകും. എന്നാൽ കൊവിഡ് മറ്റൊരു രൂപത്തിൽ, ഒരുപക്ഷേ ജലദോഷം പോലെ നമ്മോടൊപ്പം തുടരും. പ്രതിവാര വ്യതിയാനത്തിന് വൈറസ് വിധേയമാവുമെങ്കിലും അത് നിയന്ത്രിക്കാൻ പറ്റുന്ന വാക്സിനുകളുമുണ്ടാകും." -അമേരിക്കയിലെ പ്രമുഖ ഡോക്ടറായ എം.വി.പിളള പറഞ്ഞു.

" മരം ചാടി കുരങ്ങു പോലെയാണ് ഈ വൈറസ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. ശ്വാസകോശമാണ് ലക്ഷ്യം. ദുർബലമായിടത്ത് ശക്തിപ്രാപിച്ച് വികസിക്കും. പ്രതിരോധശേഷിയുള്ള ശരീരത്തിൽ പാവമായി ഇരിക്കുകയും ചെയ്യും. ഇരുപത് നാനോ മീറ്ററാണ് സൈസ്. പക്ഷേ ഇവൻ രാജ്യങ്ങളെ അകറ്റും, ആളുകളെ ഭിന്നിപ്പിക്കും. വൈറസായതിനാൽ കൃത്യമായ പ്രതിരോധമാണ് ആവശ്യം. എന്നു മാറുമെന്ന് പറയാനാവില്ല. " പ്രമുഖ ബയോ ടെക്നോളജി വിദഗ്ധൻ ഡോ.സി.മോഹൻകുമാർ വാദിക്കുന്നു.

വൈറസിന് ജനിതക വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ അതിൽ നിന്നുണ്ടാകുന്നവയിൽ അപകടകാരിയാകുന്ന വൈറസുകൾ പോലെ ,വൈറസിനെതന്നെ ഇല്ലാതാക്കുന്നതും വരാമെന്ന് വിദഗ്ധോപദേശക സമിതി അംഗമായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ടി.എസ്.അനീഷ് പറഞ്ഞു. ആ സ്ഥിതി വന്നാൽ അവ ഗുണം ചെയ്യും. സ്പാനിഷ് ഫ്ളൂ അഞ്ചു വർഷം നീണ്ടുനിന്നു. ഇത് മൂന്നോ നാലോ വർഷം നീണ്ടുനിന്നേക്കാം. കുളത്തിൽ ഒരു കല്ലെടുത്തെറിയുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത് കുറഞ്ഞു പോകുന്നതു പോലെ കൊവിഡ് തരംഗങ്ങളുടെയും വേഗത കുറയാമെന്നും അനീഷ് പറയുന്നു. കൊവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാകുന്നതോടെ വ്യാപനം കുറയുമെന്നാണ് തൃശൂർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.പി.എസ്.ബിന്ദുവിന്റെ അഭിപ്രായം.

" പകർച്ചവ്യാധികൾ മുമ്പുമുണ്ടായിട്ടുണ്ട്. അവയൊക്കെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവസാനിച്ചിട്ടുമുണ്ട് .കൊവിഡിന്റെ ഗതിയും അതിൽ നിന്ന് വ്യത്യസ്‌തമാവില്ല. " ശുഭാപ്തി വിശ്വാസത്തോടെ ഡോ. എം.എസ്.വല്യത്താൻ പറഞ്ഞു.

പ്രതീക്ഷ പകരുന്ന ഒരു വിവരം കൂടി ഡോ.ജേക്കബ് ജോൺ പങ്കുവച്ചു. " രോഗം കൂടുകയായിരിക്കാം .പക്ഷേ അത് വർദ്ധിക്കുന്ന തോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.അതായത് എണ്ണം കൂടുന്നുണ്ടെങ്കിലും അതിന്റെ സ്പീഡ് കുറയുകയാണ്. കൊവിഡ് മാറാതെ എവിടെപ്പോകാൻ...?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.