SignIn
Kerala Kaumudi Online
Wednesday, 04 August 2021 9.26 AM IST

വിദേശ രാജ്യങ്ങൾക്ക് നന്ദി പറയാം

editorial-

കൊവിഡ് രണ്ടാംവരവിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമാണ് രണ്ടാംവരവിലെ തീവ്രത. അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങളും കണക്കുകൂട്ടലുമെല്ലാം തെറ്റിക്കും വിധത്തിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. ഇത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ചികിത്സാ ഉപകരണങ്ങൾക്കും ഔഷധങ്ങൾക്കും അനുഭവപ്പെടുന്ന ക്ഷാമം ഡൽഹി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളിലേക്കു വരെ വളർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖ വിദേശരാജ്യങ്ങളുടെ സഹായവാഗ്ദാനം ഏറെ ആശ്വാസകരമാകുന്നത്. രൂക്ഷമായ ഓക്സിജൻ ക്ഷാമം മറികടക്കാൻ റഷ്യ, ജർമ്മനി, ഫ്രാൻസ്, സൗദി, യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ അടിയന്തര സഹായം പ്രഖ്യാപിച്ചുകഴിഞ്ഞു. ഓക്സിജൻ മാത്രമല്ല പുതിയ ഓക്സിജൻ നിർമ്മാണ പ്ളാന്റുകളും എത്തിക്കാമെന്നാണ് വാഗ്ദാനം. പ്രതിരോധവാക്സിൻ ഉത്‌പാദിപ്പിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സാ ഉപകരണങ്ങളും ഓക്സിജനും മറ്റുമായി റഷ്യ പ്രത്യേക വിമാനങ്ങൾ ഉടനെ അയച്ചുതുടങ്ങും. ബ്രിട്ടനും സമാനമായ നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ സ്വന്തം നിലയിൽ രാജ്യത്തൊട്ടാകെ 551 ജില്ലാ ആശുപത്രികളിൽ പുതിയ ഓക്സിജൻ പ്ളാന്റുകൾ തുടങ്ങാൻ ഫണ്ട് നൽകാമെന്ന് ഏറ്റിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന ഓക്സിജനും ബന്ധപ്പെട്ട ഉപകരണങ്ങൾക്കും കസ്റ്റംസ് തീരുവയും ഒഴിവാക്കിയിട്ടുണ്ട്. ഓക്സിജൻ ക്ഷാമത്താൽ വലയുന്ന ആശുപത്രികൾക്ക് ആശ്വാസം പകരുന്ന കാര്യങ്ങളാണിതൊക്കെ. കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയും ഉദാസീനതയും കൊണ്ടാണ് ഇപ്പോഴത്തെ ഓക്സിജൻ ദുരവസ്ഥ ഉണ്ടായതെന്നത് നിഷേധിക്കാനാവില്ല. പരസ്പരം കുറ്റപ്പെടുത്തുന്നതു മതിയാക്കി സ്ഥിതിഗതികൾ എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് നോക്കേണ്ടത്. ജില്ലാ ആശുപത്രികളോടനുബന്ധിച്ച് തുടങ്ങുന്ന ഓക്സിജൻ പ്ളാന്റുകൾ അടിയന്തരമായി ഉത്‌പാദനം തുടങ്ങണം. പി.എം കെയർ ഫണ്ടിൽ നിന്ന് 162 പ്ളാന്റുകൾ തുടങ്ങാൻ ഈ വർഷമാദ്യം അനുമതി നൽകിയിട്ടും മുപ്പത്തിമൂന്നെണ്ണം മാത്രമാണ് പ്രവൃത്തിപഥത്തിലെത്തിയത് ! ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കൊവിഡ് രോഗികൾ കൂട്ടത്തോടെ മരിക്കാൻ തുടങ്ങിയപ്പോഴാണ് ഇതൊക്കെ അധികൃതർ തന്നെ ഓർത്തെടുക്കുന്നത്.

കൊവിഡ് വ്യാപനം ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്രത്തിനു വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ കക്ഷികൾ കടുത്ത വിമർശനം തുടരുകയാണ്. സംസ്ഥാനങ്ങൾക്കുമില്ലേ ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമെന്ന് ആലോചിക്കേണ്ടതാണ്. ഇതിനിടെ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതും രാജ്യതാത്‌പര്യത്തിന് എതിരായതുമായ പോസ്റ്റുകൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തത് സമൂഹ മാദ്ധ്യമങ്ങളിൽ വലിയ വിമർശനത്തിനു കാരണമായിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു സമാനമായ സ്ഥിതിവിശേഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ സംയമനം പാലിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്തും വിളിച്ചുപറയാനും എഴുതാനുമുള്ള അവകാശമല്ല. ഉത്തരവാദിത്വബോധം ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അതിനു നിരക്കാത്ത പെരുമാറ്റങ്ങൾക്ക് സ്വയം നിയന്ത്രണം പാലിക്കുന്നതാകും ഉചിതം. സമൂഹമാദ്ധ്യമങ്ങൾക്കുമുണ്ട് ഉത്തരവാദിത്വങ്ങളും ചുമതലകളും. വ്യക്തിഹത്യ ഉൾപ്പെടെ പലതും അസഹനീയമായപ്പോഴാണ് ഐ.ടി നിയമം കേന്ദ്രം കടുപ്പിച്ചത്. എന്നാലിപ്പോഴും ആർക്കെതിരെയും എന്തും പറയാനും കാണിക്കാനുമുള്ള ഇടങ്ങളായി മാറിയിട്ടുണ്ട് സമൂഹ മാദ്ധ്യമങ്ങൾ പലതും. കൊവിഡിന്റെ രൂക്ഷതയും വ്യാപ്തിയും ജനങ്ങളെ അറിയിക്കാനായി മുഖ്യധാരാ മാദ്ധ്യമങ്ങളും കടുത്ത മത്സര ഓട്ടത്തിലാണിപ്പോൾ. ജനമനസുകളെ, പ്രത്യേകിച്ചും കുട്ടികളുടെ മനസിനെ വല്ലാതെ ഉലയ്ക്കുന്ന ദൃശ്യങ്ങൾ ആവർത്തിച്ചു കാണിക്കുന്നതിൽ മുൻ നിരക്കാർ കാണിക്കുന്ന മത്സരം സമൂഹത്തെ ഞെട്ടിക്കുന്ന വിധത്തിലാണ്. പരിഷ്‌കൃത രാജ്യങ്ങളിൽ ഇതിനെല്ലാം കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.