SignIn
Kerala Kaumudi Online
Saturday, 20 April 2024 3.40 AM IST

'ഗ്രാമവൃക്ഷത്തിലെ കുയിൽ" തിയേറ്ററുകളിലെത്തട്ടെ!

kumaranasan

മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന ചലച്ചിത്രത്തെപ്പറ്റി കാലം പംക്‌തിയിൽ (ഏപ്രിൽ 13) വി.എസ്. രാജേഷ് എഴുതിയ 'ഗ്രാമവൃക്ഷത്തിലെ കുയിൽ പാടട്ടെ" വായിച്ചു.

ചിത്രം നിർമ്മിച്ചിട്ട് ഒരു വർഷമായെങ്കിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മാത്രമാണ് പ്രദർശിപ്പിച്ചതെന്നും പ്രേക്ഷകരുടെ മുമ്പിലെത്തിക്കാൻ കഴിയാതെ ചിത്രം പെട്ടിയിൽത്തന്നെ ഇരിക്കുകയാണെന്നും ലേഖനത്തിലുണ്ട്. കൊറോണക്കാലമായതാവും കാരണമെന്നു തോന്നുന്നു.

നവോത്ഥാന ശില്പികളിൽ മഹാകവി കുമാരനാശാനുള്ള സ്ഥാനം ചെറുതല്ല. ജാതീയതയ്ക്കെതിരെ ഇത്രയും ശക്തമായി തൂലിക ചലിപ്പിച്ച മറ്റൊരു കവിയെ കാണാനില്ല. 'അജ്ജാതി രക്തത്തിലുണ്ടോ മജ്ജയതുകളിലുണ്ടോ" എന്ന് വേറൊരു കവി​യും ചോദി​ച്ചി​ട്ടി​ല്ല. കരുണയി​ലെ വി​ല്ലുവണ്ടി​ പോലൊരു വി​ല്ലുവണ്ടി​ മലയാള സാഹി​ത്യത്തി​ൽ വേറൊരി​ടത്തും കാണി​ല്ല. 'കി​ലുകി​ലെ കി​ലുങ്ങുന്ന മണി​മാലയാർന്ന കണ്ഠം കുലുക്കി​യും കുതിച്ചാഞ്ഞു താടയാട്ടിയും - കാള രണ്ടു വലിച്ചൊരു കാഞ്ചനക്കളിത്തേരോടി മാളികതൻ മുന്നിലിതാവന്നണയുന്നു" ഇങ്ങനെ എഴുതാൻ മഹാകവി കുമാരനാശാനു മാത്രമേ കഴിയുകയുള്ളൂ.

മഹാകവിയുടെ ജീവിതത്തിലെ സംഘർഷം നിറഞ്ഞ സംഭവത്തെ അവലംബിച്ചെഴുതിയ കവിതയാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ". മഹാകവിയുടെ മറ്റു ഖണ്ഡകൃതികളും ചലച്ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നാണറിയാൻ കഴിഞ്ഞത്. 'ഗ്രാമവൃക്ഷത്തിലെ കുയിൽ" കേരളത്തി​ലെ എല്ലാ തി​യേറ്ററുകളി​ലും പ്രദർശി​പ്പി​ക്കണം. മഹാകവി​യെ അടുത്തറി​യാനുള്ള സുവർണാവസരം പാഴാക്കരുത്. പുതുതലമുറ മഹാകവി​യെ അറി​യേണ്ടത് അത്യാവശ്യമാണ്.

ബാബുസേനൻ

അരീക്കര പി​.ഒ.

ചെങ്ങന്നൂർ

വാക്സിനേഷൻ തിരക്കൊഴിവാക്കാൻ

കേരളത്തിൽ കൊവിഡ് വ്യാപിക്കുന്നതിന് ഒരു കാരണം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിയന്ത്രണാതീതമായ രീതിയിൽ എത്തിച്ചേരുന്ന ജനക്കൂട്ടമാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അമിതമായ തിരക്ക് നിയന്ത്രിക്കാൻ പ്രായോഗിക മാർഗങ്ങൾ സ്വീകരിക്കണം. വാക്സിൻ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ കൃത്യമായ സമയം ലഭ്യമാക്കാൻ അടിയന്തര ശ്രദ്ധ പതിയണം.

ബഹ്‌റൈൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വാക്സിനേഷന് കൃത്യമായ ഓൺലൈൻ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് തിരക്കുകൾ ഇല്ലാതെ വാക്സിൻ ലഭ്യമാക്കിയ സൗകര്യപ്രദമായ മാതൃക കേരളത്തിലും മാതൃകയാക്കാം.

സുനിൽ തോമസ്, റാന്നി

അലംഭാവം വെടിയണം

മഹാമാരിയിൽ രാജ്യം ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ് . പ്രാണവായു ലഭിക്കാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികൾ മരണത്തിനു കീഴടങ്ങുന്ന അതി ദയനീയമായ സാഹചര്യമാണ് നിലവിലുള്ളത്. ഗുരുതര കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഉൾപ്പെടെയുള്ള മെഡിക്കൽ സംവിധാനങ്ങളുടെ ദൗർലഭ്യത രാജ്യതലസ്ഥാനമായ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രൂക്ഷമായി തുടരുന്നു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യരംഗത്തെ അലംഭാവം കുറച്ചൊന്നുമല്ല കൊവിഡ് പ്രതിരോധ മേഖലയെ ബാധിച്ചത്. വാക്സിനേഷൻ ക്യാമ്പുകളിൽ വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുന്നു. പല വാക്സിനേഷൻ ക്യാമ്പുകളും നിശ്ചലമാണ്.

വാക്സിൻ നിർമ്മാണ രംഗത്ത് ഇന്ത്യ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 6.4 കോടി ഡോസ് എഴുപത്തിയാറോളം വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തതായാണ് കണക്ക്. എന്നാൽ രാജ്യം നിർമ്മിച്ച വാക്സിനേഷന്റെ പകുതിയിലധികവും വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കാനായിരുന്നു കേന്ദ്രം താത്‌പര്യം പ്രകടിപ്പിച്ചത്. ആഭ്യന്തര ഉപയോഗത്തിന് വേണ്ടത്ര വാക്സിൻ ഉണ്ടോ എന്ന് ചിന്തിക്കാതെയായിരുന്നു ഈ കയറ്റുമതി. കൊവിഡ് രണ്ടാം തരംഗം രാജ്യത്തുണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ സമയം ലഭിച്ചിട്ടും കുറ്റകരമായ അലംഭാവമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
അലംഭാവം കൈവെടിഞ്ഞ് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സംരക്ഷണം ഒരുക്കാൻ ഭരണകൂടം മുന്നോട്ടു വരണം.


പാറൽ അബ്ദുസ്സലാം സഖാഫി,
തൂത, മലപ്പുറം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.