SignIn
Kerala Kaumudi Online
Sunday, 25 July 2021 6.19 PM IST

അവിടെ താലികെട്ട്, ഇവിടെ പരിശോധന

s

വീടുകളിലെ വിവാഹങ്ങളിൽ നിയന്ത്രണം തെറ്റുന്നു

ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം പ്രവേശന കവാടത്തിൽ വെള്ള പേപ്പറിൽ എഴുതി ഒട്ടിച്ച ശേഷം എല്ലാം മറന്ന് വീടുകളിൽ നടത്തുന്ന ആൾക്കൂട്ട വിവാഹങ്ങൾ കൊവിഡ് വ്യാപനത്തിന് വളക്കൂറാവുന്നു. ജാഗ്രതാ പോർട്ടിൽ രജിസ്റ്റർ ചെയ്ത ചടങ്ങുകൾ പരിശോധിക്കാൻ നിയമിച്ച സെക്ടറൽ മജിസ്ട്രേട്ടുമാരും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും രംഗത്തില്ല. എന്നാൽ, ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന ചടങ്ങുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് തിടുക്കമാണെന്ന് ഉടമകൾ ആരോപിക്കുന്നു.

വിവാഹത്തിന് 50 പേരെ മാത്രം പങ്കെടിപ്പിച്ച് ഒരു ദിവസമായി ചടങ്ങ് നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ വേണ്ടത്ര സ്ഥലസൗകര്യം ഇല്ലാത്ത വീടുകളിൽ പോലും നടക്കുന്ന ചടങ്ങിൽ 500 പേർ വരെ പങ്കെടുക്കുന്നു. ഇത് രോഗവ്യാപനത്തിന് വേദിയാകുമെന്ന ആശങ്കയിലാണ് അധികൃതർ. പരിശോധനയ്ക്കായി നിയമിച്ച ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്ന ആക്ഷേപവും ഉയരുന്നു. ഉദ്യോഗസ്ഥർ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന ചടങ്ങുകൾ പരിശോധിക്കാനാണ് ജാഗ്രത കാട്ടുന്നത്. ആദ്യ ലോക്ക്ഡൗൺ കാലത്ത് മരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്ന പ്രദേശത്ത് വാർഡ് തല ജാഗ്രത സമിതി സജീവമായി രംഗത്തുണ്ടായിരുന്നതിനാൽ കുറച്ച് നിയന്ത്രണം ഉണ്ടായിരുന്നു. നിലവിൽ ഈ സംവിധാനം

സജീവമല്ല.

ഓഡിറ്റോറിയങ്ങളിൽ നിരാശ

നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഓഡിറ്റോറിയം ഉടമകൾ. ജില്ലയിൽ എ.സി, നോൺ എ.സി പട്ടികയിൽ സ്വകാര്യ മേഖലയിൽ ഉള്ളത് 100ൽ അധികം ഓഡിറ്റോറിയങ്ങളാണ്. ഇതിനു പുറമേ ക്ഷേത്രങ്ങളുടെയും സാമുദായിക, മതസംഘടനകളുടെയും ഉടമസ്ഥതയിൽ ഇത്രയും തന്നെ ഓഡിറ്റോറിയങ്ങളുണ്ട്. ഇതിൽ 60 ശതമാനവും എ.സിയാണ്. ക്ഷേത്രങ്ങളുടെയും സാമുദായിക, മത സംഘടനകളുടെയും ഉടമസ്ഥതയിലുള്ളത് പൂർണ്ണമായും നോൺ എ.സിയാണ്. കൊവിഡിനെ തുടർന്ന് നിലവിലുണ്ടായിരുന്ന വാടക കുത്തനേ കുറച്ചു. സെക്യൂരിറ്റി, ക്‌ളീനിംഗ് ജീവനക്കാർ എന്നിവർക്കുള്ള അഡീഷണൽ ശമ്പളം ഉൾപ്പെടെ എ.സി ഓഡിറ്റോറിയത്തിന് 50 ശതമാനവും നോൺ എ.സിക്ക് 60 ശതമാനവും വരെ കുറച്ചാണ് ഓഡിറ്റോറിയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 50 പേരിൽ കൂടുതൽ ഹാളിലുണ്ടായാൽ ഉടമയ്ക്കെതിരെ കേസ് എടുക്കും. 400 സീറ്റ് ഉള്ള ഭക്ഷണശാലയിൽ ഒരു ഡെസ്കിൽ രണ്ട് പേർ വീതം 50 സീറ്റുമാത്രമേ ഉണ്ടാകൂ. ശേഷിക്കുന്നവരെ ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ സാമൂഹിക അകലം പാലിച്ച് കസേര നിരത്തി ഇരുത്തുകയാണ്.

നികുതി പഴയപടി

1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സദ്യാലയവും പാർക്കിംഗ് ഏരിയയും ഉൾപ്പെടെയുള്ള ഓഡിറ്റോറിയ നിർമ്മാണ ചെലവ് നാലു കോടിയോളമാവും. 18 ശതമാനമാണ് ആഡംബര നികുതി. പഴയ ഓഡിറ്റോറിയങ്ങൾക്ക് അന്നത്തെ നിർമ്മാണ അനുമതിയനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്ന് മുൻ സർക്കാരിന്റെ കാലത്ത് തീരുമാനം എടുത്തിരുന്നു. ക്ഷേത്രങ്ങളുടെയും സമുദായ സംഘടനകളുടെയും ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയങ്ങളുടെ കെട്ടിട നികുതി കുറവാണ്. ശീതീകരിച്ച ഓഡിറ്റോറിയങ്ങളിൽ എ.സിയും ജനറേറ്ററുകളും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിപ്പിക്കേണ്ടി വരും.

..............................

കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പൊലീസ് സേനയ്ക്ക് പൂർണ്ണ അധികാരം നൽകണം. ലോക്കൽ പൊലീസിന്റെ കുറവ് പരിഹരിക്കാൻ ക്യാമ്പിലുള്ള സേനാ അംഗങ്ങളെയും ഉപയോഗപ്പെടുത്തണം. സർക്കാർ നിർദേശം പാലിച്ചാണ് ഓഡിറ്റോറിയങ്ങളിൽ വിവാഹം നടത്തുന്നത്. വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാത്ത വീടുകളിൽ പോലും സാമൂഹിക അകലം പാലിക്കാതെയുള്ള ചടങ്ങുകൾ നടക്കുന്നത് പരിശോധിക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാർ തയ്യാറാകുന്നില്ല. ഇതേ ഉദ്യോഗസ്ഥർ സർക്കാർ നിർദേശം പാലിക്കുന്ന ഓഡിറ്റോറിയങ്ങളിൽ എത്തി പിഴചുമത്തുന്നു

പി.കെ.ജി.പണിക്കർ, സംസ്ഥാന പ്രസിഡന്റ്, ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷൻ കേരള

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.