SignIn
Kerala Kaumudi Online
Friday, 29 March 2024 6.01 AM IST

കനകക്കുന്നിലെ പൂന്തോട്ടംവിട്ട് കണ്ടംവഴി

kanakakkunnu

വള്ളുവനാടൻ ശൈലിയിൽ വർത്തമാനം പറയുന്ന ചില സീരിയലുകൾ സ്ഥിരമായി കണ്ടുകൊണ്ടിരുന്ന തിരുവനന്തപുരത്തുള്ളവർ 'അതു ശരിയാവില്ല്യ കുട്ട്യേ...' എന്നും 'നേരം ശ്ശി വൈകിയിരിക്കുണു ' എന്നുമൊക്കെ സംസാരിച്ചു തുടങ്ങിയെന്നൊരു കൊച്ചുവർത്തമാനം മുമ്പ് കേട്ടിരുന്നു. രോഗവ്യാപനം പോലെ തന്നെ ഭാഷാശൈലീ വ്യാപനവും! നിത്യേനയുള്ള ഞങ്ങളുടെ പ്രഭാതവസവാരി കൂട്ടായ്മയിലേക്ക് ഈയിടെ ഒരു സുഹൃത്ത് രംഗപ്രവേശം ചെയ്തു. ജീൻസും ജൂബയുമണിഞ്ഞ് മുടിയും താടിയും അലസമായി പറത്തി നടന്ന കക്ഷിയെ ഒറ്റനോട്ടത്തിൽ തന്നെ ഒരു ബുദ്ധിജീവിയായി നമുക്ക് പ്രഖ്യാപിക്കാൻ കഴിയും.!
വൈദ്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം, നിയമം, ശാസ്ത്ര സങ്കേതികം തുടങ്ങിയ മേഖലകളിൽ വ്യവഹരിക്കുന്നവരടങ്ങിയ ഞങ്ങളുടെ കൂട്ടായ്മയിലേക്ക് ഒരു ബുദ്ധിജീവി കൂടി കടന്നുവന്നത് സന്തോഷകരമായ കാര്യമായിരുന്നു.
രാഷ്ട്രീയം, കല, സാഹിത്യം, സിനിമ, വൈദ്യശാസ്ത്രം. വൈവിദ്ധ്യങ്ങളായ വിഷയങ്ങളായിരുന്നു ഞങ്ങളുടെ വോക്ക് ആന്റ് ടോക്കിൽ കൈകാര്യം ചെയ്തിരുന്നത്. ഞങ്ങളുടെ മേഖലകൾ വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട് എല്ലാവർക്കും എല്ലാം മനസിലാകുന്ന ഭാഷാ ശൈലിയിലായിരുന്നു സംഭാഷണങ്ങൾ. എന്നാൽ നമ്മുടെ ബുജി, പ്രഹ്ളാദൻ ചീരത്തോട്ടത്തിന്റെ ഭാഷാശൈലി വളരെ വ്യത്യസ്തമായിരുന്നു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എ.യ്ക്കും എത്ര സീറ്റുകൾ കിട്ടുമെന്ന് വളരെ നാടൻ ശൈലിയിൽ ഞങ്ങൾ കണക്കു പറഞ്ഞു കൊണ്ടിരുന്നതിനിടയിലാണ് ചീരത്തോട്ടം വളരെ ഗഹനമായ രീതിയിൽ ഇങ്ങനെ പ്രസ്താവിച്ചു കളഞ്ഞത് ! ജനാധിപത്യത്തിന്റെ പരിസരം പാടേ മാറിയിരിക്കുന്നു. ഇടതുപക്ഷ പരിപ്രേക്ഷ്യവും വലതുപക്ഷ നിലപാടുകളും വമ്പിച്ച മാറ്റങ്ങൾ അടയാളപ്പെടുത്തുന്നതായി നമുക്കു കാണാൻ കഴിയും. പാർശ്വവത്‌കരിക്കപ്പെട്ടവരുടെ സ്വത്വം അന്യവത്‌കരിക്കപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിലെ ഉത്സവമാണെന്ന ധാരണ പൊതുബോധത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നിയോലിബറലിസത്തിന്റെ കടന്നുവരവോടെ ഒരുപക്ഷേ തിരഞ്ഞെടുപ്പു ഫലങ്ങൾ ധിഷണാപരമായ ചിഹ്നങ്ങൾ അവശേഷിപ്പിക്കാതെ അരാഷ്ട്രീയതയുടെ കെട്ടുകാഴ്ചയായി പരിണമിച്ചാലും അതിശയിക്കാനില്ല...
മുകളിലോട്ടായിരുന്നു നോക്കേണ്ടിയിരുന്നതെങ്കിലും ഞങ്ങൾ പരസ്പരം അമ്പരപ്പോടെ നോക്കി.
ഞാൻ പറഞ്ഞതു ശരിയല്ലേ എന്ന് പ്രഹ്‌ളാദൻ ചീരത്തോട്ടം ചോദിച്ചപ്പോൾ എല്ലാവരും മുക്കിയും മൂളിയും യോജിച്ചു!
കക്ഷി ഇടതാണോ വലതാണോ എന്നുപോലും ആർക്കും പിടികിട്ടിയില്ല.
വിഷയങ്ങൾ മാറിമാറി വന്നപ്പോഴും ചീരത്തോട്ടത്തിന്റെ ഭാഷണങ്ങളിൽ സ്വത്വം, പാർശ്വവത്‌കരണം, ശാക്തീകരണം, നിയോ ലിബറലിസം, നരേറ്റീവ്, പൊതുബോധം, പരിപ്രേക്ഷ്യം, ചിഹ്നങ്ങൾ, അടയാളപ്പെടുത്തലുകൾ, പെണ്ണെഴുത്ത്... എന്നിവയൊക്കെ മലവെള്ളപ്പാച്ചിൽ പോലെ നിറഞ്ഞുകവിഞ്ഞു. ആഴ്ചകൾക്കകം ഇദ്ദേഹവുമായുള്ള ചങ്ങാത്തത്തിന്റെ ബഹിർസ്ഫുരണങ്ങൾ ഞങ്ങളുടെ ഭാഷാ ശൈലിയിലും പ്രകടമാകാൻ തുടങ്ങി! ഒരു ദിവസം ഞങ്ങളുടെ ടീമിലെ പ്രൊഫസർ ഒരല്പം വൈകിയാണ് നടത്തത്തിന് എത്തിയത്. കാരണം തിരക്കിയപ്പോൾ പ്രൊഫസർ പറഞ്ഞു. കാർ പാർശ്വവത്‌കരിച്ച് പാർക്ക് ചെയ്യാൻ കുറേ സമയമെടുത്തു. അതാണ് സാന്നിദ്ധ്യം അടയാളപ്പെടുത്താൻ വൈകിയത്! അഞ്ചുവയസിനു താഴെയുള്ള കുട്ടികൾ പുറത്തിറങ്ങാൻ പാടില്ലെന്ന സർക്കാർ തിട്ടൂരം കാരണം എന്നെപോലെയുള്ള ശിശുരോഗ ചികിത്സകർ വല്ലാതെ പാർശ്വവത്‌കരിക്കപ്പെടുകയും ഇതു തുടർന്നാൽ ഞങ്ങൾ അന്യം നിന്നുപോകുകയും ചെയ്യും. എനിക്കു കിട്ടിയ അവസരം ഞാനും പാഴാക്കിയില്ല ! സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടായിരിക്കണം എന്റെ ഭാര്യ ഇന്നലെ ചില അരാഷ്ട്രീയ വാദങ്ങളുമായി എനിക്കെതിരെ നിലയുറപ്പിച്ചു. അത് പെണ്ണെഴുത്തിന്റെ സ്വാധീനമാണെന്നാണ് എന്റെ പക്ഷം. ശാസ്ത്രസങ്കേതിക പദങ്ങൾ മാത്രം ഉരുവിട്ടുകൊണ്ടിരുന്ന എൻജിനിയറും മോശക്കാരനായില്ല.
ചാനൽ ചർച്ചാ തൊഴിലാളിയാകാൻ മോഹമുള്ള വക്കീൽ വളരെ ഗൗരവത്തോടെയാണ് ടി വി ചർച്ചകളെ പരാമർശിച്ചത്. അമിതമായ ദൃശ്യവത്‌കരണം മൂലം ജനാധിപത്യത്തിന്റെ സത്തയും ഉണ്മയും വേരറ്റുപോകുന്നോ എന്ന ആശങ്കയോടെ ജനപക്ഷത്തു നിന്നു നോക്കുന്ന ഒരാൾക്ക് വാർത്തകളുടെ അപനിർമ്മാണം നടത്തുന്നവരെ കുറ്റവത്‌കരിക്കാതിരിക്കാൻ കഴിയില്ല തന്നെ.
കുറേനാൾ കാണാതിരുന്ന പ്ലാന്റർ പൗലോസ് നടക്കാൻ വന്നയുടൻ തന്നെ പ്രഹ്‌ളാദൻ ചീരത്തോട്ടത്തിനോട് പറഞ്ഞു. ഏലത്തോട്ടത്തിൽ ചെടികളുടെ അരികുവത്‌കരണം ഉണ്ടായിരുന്നു. ഉപരിപ്ലവമായി ഒന്നും പ്രകടമല്ലെങ്കിലും അവയുടെ അത്യഗാധതലങ്ങളിൽ ചില ശൈഥില്യങ്ങൾ ഉണ്ടെന്നു വേണം അനുമാനിക്കാൻ. അതുകൊണ്ട് ചില കരുതലുകൾ...ഇതു കൂടിയായപ്പോൾ, ഞങ്ങളുടെയൊക്കെ സ്വത്വബോധം ഉൾക്കൊള്ളാനാകാതെ, ഒരു സാദാ മനുഷ്യന്റെ പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആത്മബോധം വീണ്ടെടുത്ത് പ്രഹ്‌ളാദൻ ചീരത്തോട്ടം കനകക്കുന്നിലെ പൂന്തോട്ടംവിട്ട് കണ്ടംവഴി ഓടി !

( ലേഖകന്റെ ഫോൺ: 94470 55050)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.