SignIn
Kerala Kaumudi Online
Thursday, 25 April 2024 2.17 PM IST

കാർട്ടൂൺ കഥാപാത്രങ്ങൾ ശില്പങ്ങളാകുമ്പോൾ

ee

പൂനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റിയൂട്ടിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കോമൺ മാൻ എന്ന വെങ്കല പ്രതിമയാണ് ഒരു കാർട്ടൂൺ കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ പ്രതിമ.

ആർ കെ ലക്ഷ്‌മണിന്റെ പ്രശസ്തമായ കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രം അത്രമേൽ ജനസ്വാധീനം നേടിയതിന് തെളിവാണ് ഇത്. ഒരു കഥാപാത്രത്തെ ജനം തങ്ങളുടെ പ്രതിനിധിയായി സ്വീകരിക്കുന്നു എന്നതിന് ഉദാഹരണം കൂടിയാണ് ഇത്. എയർ ഡെക്കാൺ തങ്ങളുടെ ചെലവുകുറഞ്ഞ വിമാന സർവീസുകളുടെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തതും കോമൺ മാൻ എന്ന കഥാപാത്രത്തെയാണ്.

ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം നൂറ്റി അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പുറത്തിറക്കിയ സ്റ്റാമ്പിലും കോമൺ മാൻ ആയിരുന്നു കഥാപാത്രം.ഈ അവസരത്തിൽ പത്രം ഒരു മെമന്റോ തയ്യാറാക്കിയിരുന്നു കോമൺ മാൻ എന്ന കഥാപാത്രമായിരുന്നു വെങ്കലത്തിൽ തീർത്ത ആ മെമന്റോയുടെയും മുഖ്യ ആകർഷണം.ഈ പ്രതിമ അന്ന് 150 എണ്ണമാണ് ടൈംസ് ഓഫ് ഇന്ത്യ നിർമ്മിച്ചതെന്ന് ലക്ഷ്മൺ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.അതിൽ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മകഥ പലതവണ വായിച്ചപ്പോഴെല്ലാം കൊതിച്ചിട്ടുണ്ട്.ജലം അതിന്റെ നാഥനെ കണ്ടെത്തി എന്ന് കവിതയിൽ പറയുന്നതുപോലെ കാലത്തിന്റെ ഒഴുക്കിൽ ആ പ്രതിമയിൽ ഒന്ന് എന്റെ കയ്യിലും എത്തിച്ചേർന്നു എന്നത് വലിയ ഭാഗ്യമായി കരുതുന്നു.അതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട് ആ കഥ പിന്നീട് എഴുതാം. പറഞ്ഞു വന്നത് ഒരു കാർട്ടൂൺ കഥാപാത്രം ജനമനസ്സുകളിൽ സ്വാധീനം നേടുന്നതിനെ കുറിച്ചാണ്. ജനം എന്ന കാർട്ടൂൺ പ്രതീകം തങ്ങളുടെ പ്രതിനിധിയായി വായനക്കാരൻ തിരിച്ചറിയുന്ന നിമിഷം ആണ് അത് വരച്ച കാർട്ടൂണിസ്റ്റിന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം.

വർഷങ്ങളോളം കാർട്ടൂണുകളിൽ ഒരക്ഷരം പോലും മിണ്ടാതെ പ്രത്യക്ഷപ്പെട്ട കോമൺ മാൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായ രസകരമായ നിരവധി അനുഭവങ്ങൾ ലക്ഷ്മൺ തന്റെ ആത്മകഥയായ ടണൽ ഓഫ് ടൈമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും ടൈംസ് ഓഫ് ഇന്ത്യയിൽ വരുന്ന യൂ സെഡ് ഇറ്റ് എന്ന പോക്കറ്റ് കാർട്ടൂണിൽ ചൂതാട്ടത്തിൽ ലാഭം നേടാൻ സഹായിക്കുന്ന കോഡുകൾ ഉണ്ട് എന്നായിരുന്നു ചൂതാട്ടക്കാരുടെ ഒരു അന്ധവിശ്വാസം. കാർട്ടൂണിൽ വരുന്ന ആ ദിവസത്തെ കോഡുകൾ അനുസരിച്ച് ചൂതാട്ടം നടത്തിയാൽ ലാഭം കൊയ്യാം എനായിരുന്നു വിശ്വാസം. കോഡുകൾ എന്ന് പറയുന്നത് കാർട്ടൂണിലെ പുസ്തകങ്ങളുടെ എണ്ണമോ ആളുകളുടെ എണ്ണമോ മരങ്ങളുടെ എണ്ണമോ ക്ലോക്കിലെ സമയമോ അങ്ങനെ എന്തും ആകാം

മറ്റു വായനക്കാർ എന്നല്ല,വരച്ച കാർട്ടൂണിസ്റ്റ് പോലും ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ ഇത്തരത്തിൽ കാർട്ടൂണിൽ നിന്ന് സൂചനകൾ കണ്ടെത്തുന്നത് കാർട്ടൂണിസ്റ്റിന് അത്ഭുതമായിരുന്നു.

ഒരിക്കൽ ഒരു ചൂതാട്ടക്കാരൻ ആർ കെ ലക്ഷ്മണിന്റെ മുറിയിലെത്തി. പിറ്റേദിവസത്തെ കാർട്ടൂൺ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പിറ്റേദിവസം പത്രത്തിൽ അച്ചടിച്ചു വന്ന് മറ്റുള്ളവർ കാണുന്നതിനു മുമ്പ് കാർട്ടൂൺ കണ്ടു അതിലെ രഹസ്യകോഡ് മനസ്സിലാക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനു വേണ്ടി എത്ര പണം മുടക്കാനും അദ്ദേഹം തയ്യാറായിരുന്നു എന്നതാണ് രസകരം. ഇത്തരം വേലത്തരങ്ങൾ ഒന്നും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാത്ത കാർട്ടൂണിസ്റ്റ് അദ്ദേഹത്തെ ഓടിച്ചു വിടുകയാണുണ്ടായത്.

കോമൺ മാൻ എന്ന കഥാപാത്രത്തിന്റെ സ്വാധീനത്തിൽ ആകൃഷ്ടനായ മറ്റൊരാൾ കാർട്ടൂണിസ്റ്റിന് നിരന്തരം കത്തുകൾ അയക്കുമായിരുന്നു. താൻ വളരെ പാവപ്പെട്ടവൻ ആണെന്നും കിട്ടുന്ന തുച്ഛമായ കൂലി യിൽ നിന്ന് ഒരു ഭാഗം ചെലവിട്ടാണ് പത്രം വാങ്ങുന്നത് എന്നും പോക്കറ്റ് കാർട്ടൂൺ കാണാൻ വേണ്ടി മാത്രമാണ് പത്രം വാങ്ങുന്നത് എന്നൊക്കെയായിരുന്നു കത്തിൽ. അദ്ദേഹത്തിന്റെ അവസ്ഥയിൽ സഹതാപം തോന്നിയ ലക്ഷ്മൺ തന്റെ പുസ്തകങ്ങളുടെ പുറത്തിറങ്ങിയ എല്ലാ കോപ്പികളും അദ്ദേഹത്തിന്റെ വിലാസത്തിൽ അയച്ചു കൊടുത്തു. പക്ഷേ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. അദ്ദേഹം പുസ്തകങ്ങൾ തിരിച്ചയച്ചു. കൂടെ ഒരു കുറിപ്പും .തനിക്ക് ആരുടേയും ഔദാര്യം വേണ്ടെന്നും പുസ്തകങ്ങൾ താൻ പണംകൊടുത്ത് വാങ്ങിക്കോളാം എന്നുമായിരുന്നു ത്തിൽ.

കേരളകൗമുദിയിലെ പോക്കറ്റ് കാർട്ടൂണുകളിൽ വരയ്ക്കുന്ന ജനം എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട് ചെറുതെങ്കിലും രസകരവും ഓർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്നതുമാണ് അത്തരം അനുഭവങ്ങൾ. കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ ഒരു ദിവസത്തിൽ ഏതോ ഒരു നിമിഷത്തിൽ ഉടലെടുക്കുന്ന ഒരു ചെറിയ ചിന്തയുടെ സ്പാർക്കാണ് പിറ്റേന്നത്തെ പോക്കറ്റ് കാർട്ടൂൺ ആകുന്നത്. അത് അങ്ങകലെ എവിടെയോ ഇരിക്കുന്ന ഒരു വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുകയും വർഷങ്ങളോളം അദ്ദേഹം അത് ഓർത്തു വയ്ക്കുകയും ചെയ്യുന്നു എന്നതെല്ലാം അത്ഭുതമായാണ് തോന്നാറുള്ളത്.

എഴുത്തുകാരനും പ്രസാധകനും ചിത്രകാരനും ശില്പിയും ഒക്കെയായ ജയൻ പുതുമന എന്ന പേരിലറിയപ്പെടുന്ന ജനാർദ്ദനൻ നമ്പൂതിരി ഈയിടെ ഓഫീസിൽ കാർട്ടൂണിസ്റ്റിനെ കാണാനെത്തി. വൈക്കത്ത് ഒരു ക്ഷേത്രത്തിലെ ശാന്തി ആണ് അദ്ദേഹം . കേരളകൗമുദിയുടെ പോക്കറ്റ് കാർട്ടൂണിലെ കഥാപാത്രമായ ജനത്തിന്റെ ഒരു ശിൽപവും ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. വേരുകളിൽ നിന്ന് മനോഹരമായ ശില്പങ്ങൾ മെനഞ്ഞെടുക്കുന്ന ശില്പിയാണ് ജയൻ പുതുമന. ഒന്നിനും ഉപകരിക്കില്ല എന്ന് കരുതി ഉപേക്ഷിക്കപ്പെടുന്ന തടിക്കഷണങ്ങളിലും വേരുകളിലും ഒളിഞ്ഞിരിക്കുന്ന ശില്പങ്ങളെ അദ്ദേഹം കണ്ടെത്തുന്നു. കയ്യിൽ കിട്ടുന്ന വേരുകളിൽ രൂപ മാറ്റങ്ങൾ വരുത്തി, തനിമ നഷ്ടപ്പെടാതെ അതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക രൂപങ്ങളെ കാണാൻ അദ്ദേഹത്തിന് സാധിക്കുന്നു. ചെറിയ മിനുക്കുപണികൾ കഴിയുമ്പോൾ മരത്തടി കഷണത്തിനോ വേരിനോ ശാപമോക്ഷം കിട്ടിയിരിക്കും .അത്തരത്തിൽ ജയൻ പുതുമനയുടെ ഭാവനയിൽ നിന്ന് പിറവിയെടുത്തതാണ് ഈ ശിൽപം.

കയ്യിൽ കിട്ടിയ ഒരു വേരിൽ അദ്ദേഹത്തിന് കാണാനായത് കൗമുദിയുടെ പോക്കറ്റ് കാർട്ടൂണിലെ ജനം എന്ന കഥാപാത്രത്തെയാണ്. പാളത്തൊപ്പിയും കൈക്കോട്ടുമായി നിൽക്കുന്ന രൂപം അദ്ദേഹം വേരിൽ മറ്റൊരു രൂപത്തിൽ പുനരാവിഷ്‌കരിച്ചു. അത് കാർട്ടൂണിസ്റ്റിന് സമ്മാനിക്കാനായി അദ്ദേഹം വൈക്കത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു .ഏതു പുരസ്‌കാരത്തേക്കാളും വിലമതിക്കുന്നതാണ് വായനക്കാരുടെ മനസ്സ് നിറഞ്ഞുള്ള ഇത്തരം പ്രതികരണങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARTOON STORIES, WEEKLY, VARAYORMAKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.