കോട്ടയം: ഏപ്രിൽ ആറിന് സീൽ ചെയ്ത വോട്ടിംഗ് മെഷീൻ ഈ ഞായറാഴ്ച തുറക്കുന്നതോടെ ഒരു മാസമായുള്ള കാത്തിരിപ്പിന് വിരാമമാകും. തരംഗ സൂചന ഇല്ലാതിരുന്നതിനാൽ ഫലം എങ്ങനെയെന്ന് പ്രവചിക്കാനാവാതെ ആകാംക്ഷയുടെ മുൾമുനയിലാണ് സ്ഥാനാർത്ഥികൾ. ഈസി വാക്കോവറെന്നു പറയാവുന്ന അവസ്ഥ മിക്ക മണ്ഡലങ്ങളിലും ഇല്ല.
പുതുപ്പള്ളിയും കോട്ടയവും യു.ഡി.എഫ് ഉറപ്പിക്കുന്നു. അനുകൂല സാഹചര്യം വന്നാൽ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി കൂടി കിട്ടുമെന്നാണ് അവസാന വിലയിരുത്തൽ. രാഷ്ട്രീയ അടിയൊഴുക്കുകൾ തരംഗമായി മാറിയാൽ വൈക്കം ഒഴിച്ച് എട്ടുസീറ്റ് വരെ യു.ഡി.എഫ് കണക്കു കൂട്ടുന്നു.
ഇടതുമുന്നണി വൈക്കം, ഏറ്റുമാനൂർ, മണ്ഡലങ്ങൾക്കൊപ്പം കാഞ്ഞിരപ്പള്ളിയും പാലായും കൂട്ടുന്നു. കടുത്ത മത്സരം നടന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളിലും പ്രതീക്ഷ വയ്ക്കുന്നതിനൊപ്പം പുതപ്പള്ളിയും, കോട്ടയവും ഒഴിച്ച് ഒമ്പതിൽ ഏഴുവരെ പോകാമെന്നും കോട്ടയത്ത് ചിലപ്പോൾ അട്ടിമറി ഉണ്ടാകാമെന്നും അവകാശപ്പെടുന്നു.
ചതുഷ്കോണ മത്സരം നടന്ന പൂഞ്ഞാറിൽ പി.സി.ജോർജും മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളിയിൽ എൻ.ഡി.എയും വിജയം സ്വപ്നം കാണുന്നു. ബി.ജെ.പി വോട്ടുകളും ഒരു വിഭാഗം ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളും പോക്കറ്റിലായെങ്കിൽ പി.സി.ജോർജ് വീണ്ടും പൂഞ്ഞാറിൽ അട്ടിമറി ജയം നേടുമെന്നും ഉറപ്പിക്കാം.
വോട്ടെണ്ണൽ
വോട്ടെണ്ണൽ കേന്ദ്രത്തിൽ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രത്തിൽ നാല് ഹാളുകൾ വീതം ക്രമീകരിക്കും. ഒരെണ്ണം തപാൽ വോട്ടുകൾ എണ്ണുന്നതിന് മാത്രമാണ് .ഓരോ ഹാളിലും ഏഴ് മേശകൾ വീതമുണ്ടാകും. 21 മേശകളിലായി 21 വോട്ടിംഗ് മെഷീനുകൾ എണ്ണുന്നതാണ് ഒരു റൗണ്ട്. റിട്ടേണിംഗ് ഓഫീസറും നിരീക്ഷകനും മേൽനോട്ടത്തിന് ഉണ്ടാകും. എല്ലാ ഹാളിലെയും ഫലങ്ങൾ ഇവരുടെ ടേബിളിൽ എത്തിച്ചതിന് ശേഷമാകും അന്തിമ കണക്കെടുപ്പും ഫലപ്രഖ്യാപനവും
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കോട്ടയം -എം.ഡി സെമിനാരി എച്ച്.എസ്.എസ്
പുതുപ്പള്ളി - ബസേലിയോസ് കോളേജ്
പാലാ- കാർമൽ പബ്ലിക് സ്കൂൾ
കടുത്തുരുത്തി- സെന്റ് വിൻസന്റ് സ്കൂൾ, പാലാ
വൈക്കം- സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എച്ച്.എസ്.എസ്
ഏറ്റുമാനൂർ- സെന്റ് അലോഷ്യസ് ഹൈസ്കൂൾ, അതിരമ്പുഴ
ചങ്ങനാശേരി- എസ്.ബി ഹയർ സെക്കൻഡറി സ്കൂൾ
കാഞ്ഞിരപ്പള്ളി - സെന്റ് ഡൊമിനിക് സ്കൂൾ, കാഞ്ഞിരപ്പള്ളി
പൂഞ്ഞാർ- സെന്റ് ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |