SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.31 PM IST

ആകെ വലഞ്ഞ് മദ്യപർ, ആധി പിടിച്ച് അധികൃതർ

s

വ്യാജമദ്യം പ്രവഹിക്കാൻ സാദ്ധ്യത

ആലപ്പുഴ: കൊവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിച്ചു തുടങ്ങിയപ്പോൾത്തന്നെ, ഇന്നല്ലെങ്കിൽ നാളെ മദ്യശാലകൾക്ക് പൂട്ടു വീഴാമെന്ന മദ്യപരുടെ ആശങ്ക അതേപടി സംഭവിച്ചതോടെ നിലവിൽ 'ഭയാശങ്ക'യിലായത് ജില്ലയിലെ എക്സൈസ്, പൊലീസ് വിഭാഗമാണ്. പല വീടുകളുടെയും അടുക്കള വരെ വാറ്റുകേന്ദ്രമായി പരിണമിച്ച ആദ്യ ലോക്ക്ഡൗൺ അനുഭവം മുന്നിലുള്ളതിനാൽ ഇക്കുറി കരുതലോടെയാണ് ഇരു കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നത്.

ഇത്തവണയും മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യാനുള്ള സമയം ലഭിക്കുന്നതിനു മുമ്പുതന്നെ പൂട്ടൽ വിവരം മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം 'രണ്ടാം തിരിച്ചടി'യായി. ആദ്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. മദ്യം കിട്ടില്ലെന്നറിഞ്ഞ് മാനസിക വിഭ്രാന്തിയിലായി എട്ടു പേരോളം അന്ന് ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണ അതിന് സാദ്ധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയമായതിനാൽ വ്യാജമദ്യം വൻതോതിൽ കളത്തിലിറങ്ങാനുള്ള സാദ്ധ്യത അധികൃതർ ഗൗരവത്തോടെയാണ് വിശകലനം ചെയ്യുന്നത്.

കൊവിഡ് പ്രതിസന്ധികൾ വിലങ്ങു തടിയാകുമ്പോഴും, നിയമവിരുദ്ധ മദ്യ നിർമ്മാണത്തിന് തടയിടാനുള്ള നടപടികളുമായി സജീവമാണ് എക്സൈസ് വിഭാഗം. ഉൾപ്രദേശത്തെ പറമ്പുകളും വലിയ പാടശേഖരങ്ങളുടെ ഭാഗങ്ങളുമൊക്കെ വാറ്റ് നിർമ്മാണ കേന്ദ്രമാകുമെന്നതിനാൽ ഇവിടങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്താൻ വിശ്വസ്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആകാശ നിരീക്ഷണം ഏറെ ഗുണം ചെയ്തിരുന്നു.

'പുതുമുഖ'ങ്ങൾ നിരീക്ഷണത്തിൽ

മുൻ കുറ്റവാളികളും, കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വാറ്റ് കലത്തിൽ കഴിവു തെളിയിച്ച പുതുമുഖങ്ങളും എക്സൈസിന്റെ നോട്ടപ്പുള്ളികളാണ്. സ്ഥിരം വാറ്റ് സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുന്നുണ്ട്. വ്യക്തിവൈരാഗ്യം തീർക്കാനായി വ്യാജ സന്ദേശങ്ങൾ ഇക്കാലത്ത് എക്സൈസിനും പൊലീസിനും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ കാളപെറ്റന്നു കേൾക്കുമ്പോൾ കയറെടുക്കാനുമാവില്ല! പൊലീസിന്റെയും, ഇന്റലിജൻസ് വിഭാഗത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് വാറ്റും വില്പനയും കഞ്ചാവുൾപ്പടെയുള്ള ലഹരികളുടെ വരവും തടയാൻ എക്സൈസ് നടപടികൾ സ്വീകരിക്കുന്നത്. സമ്പൂർണ മദ്യനിരോധനമുണ്ടായ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ആദ്യ രണ്ടാഴ്ച വാറ്റ് കേന്ദ്രങ്ങൾ സജീവമായിരുന്നു. എല്ലാ പ്രദേശങ്ങളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്തു. വാറ്റിനുള്ള സകല സാമഗ്രികളുമായാണ് പ്രതികളെ പൊക്കിയത്.

ശർക്കര നോട്ടപ്പുള്ളി

വാറ്റുന്നതിനുള്ള പ്രധാന ചേരുവയായ ശർക്കര അമിത അളവിൽ വാങ്ങുന്നവരെ എക്സൈസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കടകളിൽ ഇത് സംബന്ധിച്ച കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പല ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവാകുന്നതാണ് എക്സൈസ്, പൊലീസ് വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളി. എന്നാൽ പ്രതിസന്ധികൾ അന്വേഷണത്തെ ബാധിക്കാത്തവിധം പകരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നുണ്ട്.

ക്രമീകരണങ്ങൾ

 മുൻ കുറ്റവാളികൾ നിരീക്ഷണത്തിൽ

 ലോക്ക് ഡൗണിലെ വാറ്റുകാരെപ്പറ്റി രഹസ്യാന്വേഷണം

 സ്ഥിരം വാറ്റ് സ്ഥലങ്ങളിൽ പരിശോധന

 ഇന്റലിജൻസ്‌ വിഭാഗത്തെ പ്രത്യേകം ചുമതലപ്പെടുത്തി

ജില്ലയിൽ

 ബിവറേജ് ഔട്ട്ലെറ്റുകൾ- 22

 കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ- 2

 ബാറുകൾ- 37

 ബിയർ പാർലറുകൾ - 17

 ക്ളബ്ബുകൾ - 2

 പട്ടാള കാന്റീൻ - 3

 വെയർഹൗസ് - 1

 കള്ള് ഷാപ്പ് - ആകെ 574

 ലൈസൻസ് പുതുക്കിയത് - 417

.....................................................

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സ്വീകരിച്ച അതേ പ്രതിരോധ നടപടികളാണ് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. മദ്യം ലഭിക്കാത്ത സാഹചര്യം മുന്നിൽ കണ്ട് നേരത്തെ തന്നെ പരിശോധനകൾ ആരംഭിച്ചു. പൊലീസും, ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ

- കെ.കെ.അനിൽകുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.