പതിവിന് വിപരീതമായി മനോഹരമായ ചെറിപൂക്കൾ പൂക്കുന്ന സീസൺ നേരത്തെ എത്തി മടങ്ങിയത് ജപ്പാൻകാരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ, വിവിധ വർണങ്ങളിലുള്ള ടൂലിപ്പുകളും നീലക്കടൽ പോലെ നെമോഫിലയും പർപ്പിൾ നിറത്തിൽ മായാജാലം തീർത്ത് വിസ്റ്റീരിയയും നിറഞ്ഞു നിൽക്കുന്ന വർണാഭമായ വസന്തകാലമാണ് ജപ്പാനിലിപ്പോൾ. ഈ പൂക്കളും നേരത്തെ തന്നെയാണ് വിരുന്നെത്തിയിരിക്കുന്നത്.
പ്രസിദ്ധമായ അഷികാഗാ ഫ്ലവർ പാർക്കിൽ വിരിഞ്ഞു നിൽക്കുന്ന വിസ്റ്റീരിയയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. സഞ്ചാരികൾക്കായി എല്ലാ തവണയും നടത്താറുള്ള വിസ്റ്റീരിയ ഫ്ലവർ ഫെസ്റ്റിവൽ ഏപ്രിൽ 15 മുതൽ നടന്നു വരികയാണ്. മേയ് 23നാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. ഏപ്രിൽ പകുതി മുതൽ മേയ് പകുതി വരെയാണ് പാർക്കിലെ 350 ഓളം വൃക്ഷങ്ങളിലായി പടർന്നുകിടക്കുന്ന വിസ്റ്റീരിയ സസ്യങ്ങൾ പൂക്കുന്നത്.
താങ്ങി നിറുത്തുന്ന മരത്തടികളിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന ഇവയുടെ പൂക്കൾ വെള്ള കൂടാതെ പർപ്പിൾ, വയലറ്റ്, നീല, പിങ്ക്, തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു. 150ലേറെ വർഷം പഴക്കമുള്ള വിസ്റ്റീരിയ സസ്യങ്ങളുണ്ട് പാർക്കിൽ. ഇവയുടെ പർപ്പിൾ നിറത്തെ എടുത്ത് കാട്ടുംവിധമുള്ള അലങ്കാര വിളക്കുകളും പാർക്കിൽ കാണാം.
മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. 1,00,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ 1,60,000 ലേറെ വിസ്റ്റീരിയ കുലകളാണ് പാർക്കിലുള്ളത്. കഴിഞ്ഞ വർഷം കൊവിഡായതിനാൽ വിസ്റ്റീരിയ വസന്തം കാണാൻ സന്ദർശകരെ അനുവദിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |