SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 PM IST

ഉന്നത വിദ്യാഭ്യാസത്തെ ജനകീയമാക്കിയ ആർ.ശങ്കർ

r-sankar-

ഒരു പുഴ ഒഴുകുന്നത് പോലെയല്ലേ കൊല്ലം എസ്.എൻ കോളേജിലേക്ക് വിദ്യാർത്ഥികൾ പോകുന്നത്. അതിൽ പാവപ്പെട്ടവന്റെയും പണക്കാരന്റെയും മക്കളുണ്ട്. സകല ജാതിക്കാരും മതത്തിൽ പെട്ടവരുമുണ്ട്. ഈ കലാലയത്തിൽ നിന്നും ഓരോ വിദ്യാർത്ഥിയും ബിരുദവും ബിരുദാനന്തര ബിരുദവും നേടുമ്പോൾ അങ്ങകലെയിരുന്ന് ഒരാത്മാവ് ഏറെ സന്തോഷിക്കുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പർവത ശിരസായിരുന്ന ആർ. ശങ്കർ. കൊല്ലം എസ്.എൻ കോളേജ് കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 കോളേജുകൾ ആർ. ശങ്കർ സ്ഥാപിച്ചു. ഒരുകാലത്ത് അവർണന് അപ്രാപ്യമായിരുന്ന ഉന്നതവിദ്യാഭ്യാസത്തെ ആർ. ശങ്കർ ജനകീയവത്‌കരിക്കുകയായിരുന്നു. ഇന്ന് യോഗ്യതയുണ്ടായിട്ടും അർഹതപ്പെട്ട ഉദ്യോഗങ്ങൾ ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിഷേധിക്കുകയാണ്. പണ്ട് ഇതായിരുന്നില്ല സ്ഥിതി. യോഗ്യതയില്ലെന്ന് പറഞ്ഞാണ് സവർണ മാടമ്പിമാർ പിന്നാക്കക്കാരെ സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും മാറ്റിനിറുത്തിയത്. ഇന്ന് ഈഴവരെയും മറ്റ് പിന്നാക്കക്കാരെയും ഏത് ഉയർന്ന ഉദ്യോഗത്തിനും യോഗ്യരായ ഉന്നത വിദ്യാഭ്യാസമുള്ളവരാക്കി മാറ്റിയത് ആർ. ശങ്കറാണ്.

ഗുരുദേവൻ ജനിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് കാണുന്ന അവസ്ഥയിലാകുമായിരുന്നില്ല കേരളം. കേരളത്തിനപ്പുറം രാജ്യാതിർത്തിക്കുള്ളിൽ പലയിടങ്ങളിലും അയിത്തം അതിഭീകരമായി ഇന്നും നിലനിൽക്കുന്നു. അക്ഷരാഭ്യാസമില്ലാത്ത വലിയ ജനതയുണ്ട്. സവർണ മാടമ്പിമാർ പിന്നാക്കക്കാരെ ഇപ്പോഴും ക്രൂരമായി കൊലപ്പെടുത്തുന്നു. അവിടങ്ങളിൽ ഇപ്പോഴും തുല്യതയ്ക്ക് വേണ്ടി ശബ്ദമുയർത്താനുള്ള കരുത്തില്ലാതെ അടിമകളെപ്പോലെ കഴിയുന്ന ജനങ്ങളുണ്ട്. ഗുരുവാണ് കേരളത്തിൽ അവകാശബോധത്തിന്റെ തീക്കാറ്റ് വിതച്ചത്. നിഷേധിക്കപ്പെട്ടതെല്ലാം പിടിച്ചെടുക്കാനും അവകാശത്തിന് വേണ്ടി ശബ്ദമുയർത്താനും പഠിപ്പിച്ചത്. ഗുരുദേവൻ ഇല്ലായിരുന്നെങ്കിൽ കേരള നവോത്ഥാനത്തിന് രഥവേഗം ഉണ്ടാകുമായിരുന്നില്ല. അതുപോലെ ആർ. ശങ്കർ ജനിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ഉന്നത വിദ്യാഭ്യാസം പിന്നാക്കക്കാരന് നടന്നടുക്കാൻ കഴിയാത്ത പ്രത്യേക മേഖലയായി ഇപ്പോഴും അവശേഷിക്കുമായിരുന്നു.

അവർണന് നിഷേധിക്കപ്പെട്ടിരുന്ന ആരാധനാ സ്വാതന്ത്ര്യം പിടിച്ചെടുക്കാനാണ് ഗുരുദേവൻ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്. അതുപോലെ പതിറ്റാണ്ടുകൾക്കപ്പുറം അവർണന് നിഷേധിക്കപ്പെട്ടിരുന്നതോ അപ്രാപ്യമോ ആയിരുന്ന ഉന്നത വിദ്യാഭ്യാസം കോളേജുകൾ സ്ഥാപിച്ച് ആർ. ശങ്കർ പിടിച്ചെടുക്കുകയായിരുന്നു. അവർണന് കോളേജിൽ പ്രവേശനം നിഷേധിച്ചിരുന്നുവെന്ന് മാത്രമല്ല, കോളേജിൽ പഠിക്കുന്ന സവർണൻ അവർണനുമായി സഹകരിക്കാൻ പാടില്ലെന്ന ദുർവ്യവസ്ഥ നിലനിന്നിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കോളേജുകളിൽ ബ്രാഹ്മണ, നായർ സമുദായക്കാർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരുന്നത്. ഇതിനിടയിൽ നായർ, ക്രിസ്ത്യൻ വിഭാഗങ്ങൾ സ്വന്തം നിലയിൽ കോളേജുകൾ ആരംഭിച്ചു. ആർ. ശങ്കർ യോഗം ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് 1.10 ലക്ഷത്തോളം ഈഴവ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടിയിരുന്നു. അതിൽ നിന്നും കേവലം അഞ്ഞൂറോളം പേർക്ക് മാത്രമേ കോളേജുകളിൽ പ്രവേശനം ലഭിച്ചിരുന്നുള്ളൂ. സാക്ഷരതയിൽ പിന്നിലായിരുന്ന മുസ്ലീം സമുദായം ഉന്നത വിദ്യാഭ്യാസത്തിൽ ഈഴവരെക്കാൾ മുന്നിലെത്തി. കോളേജ് വിദ്യാഭ്യാസമില്ലാത്തത് ഈഴവർക്ക് ഉദ്യോഗങ്ങൾ നിഷേധിക്കുന്നതിന് ന്യായീകരണമാക്കി. ഇത് പരിഹരിക്കാൻ ഭരണകൂടത്തിന്റെ കനിവിനായി ശങ്കർ കാത്തുനിന്നില്ല. അദ്ദേഹം യോഗത്തിന്റെ നേതൃത്വത്തിൽ കോളേജ് ആരംഭിക്കാനുള്ള നീക്കം ശക്തമാക്കി.

കോളേജ് സ്ഥാപിക്കാൻ അന്ന് 15 ലക്ഷം രൂപ വേണമായിരുന്നു. സമുദായത്തിലെ ധനികരിൽ നിന്ന് സംഭാവന വാങ്ങിയാലും അതിന്റെ പകുതി അന്ന് കിട്ടുമായിരുന്നില്ല. അങ്ങനെ ശങ്കർ പാവങ്ങളുടെയും പണക്കാരുടെയും വീടുകളിൽ നേരിട്ട് പോയി. പണമില്ലാത്തവരിൽ നിന്നും അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും വാങ്ങി. അങ്ങനെ ഉത്‌പന്ന പിരിവിലൂടെയാണ് 1948ൽ കൊല്ലം എസ്.എൻ കോളേജ് ആരംഭിച്ചത്. അങ്ങനെ ഒരുകാലത്ത് അക്ഷരം നിഷേധിക്കപ്പട്ടിരുന്ന സമുദായത്തിന് സ്വന്തമായി ഒരു കോളേജുണ്ടായി. അരുവിപ്പുറം ശിവപ്രതിഷ്ഠ പോലെ കേരളചരിത്രത്തിലെ ഏറ്റവും വലിയ ഇടിമുഴക്കങ്ങളിലൊന്നായിരുന്നു അത് . അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ശങ്കറിന്റെ ഈ ഉദ്യമം കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ മേഖലയിൽ സൃഷ്ടിച്ച ചലനങ്ങൾ വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതും ഒരു അവഗണനയാണ്. അത് തിരുത്താനുള്ള ബാദ്ധ്യത നമുക്കുണ്ട്. കൊല്ലം എസ്.എൻ കോളേജിന് പിന്നീട് ഇപ്പോൾ കാണുന്ന കെട്ടിടം നിർമ്മിച്ച് അവിടേക്ക് മാറ്റി. പഴയ കെട്ടിടത്തിൽ വനിതാ കോളേജ് ആരംഭിച്ചു. ഇങ്ങനെ 13 ഓളം കോളേജുകൾ ചുരുങ്ങിയ കാലത്തിനുള്ളിൽ അദ്ദേഹം ആരംഭിച്ചു. ശങ്കറിന് ശേഷം എയ്ഡഡ് മേഖലയിൽ കാര്യമായി പുതിയ കോളേജുകൾ എസ്.എൻ ട്രസ്റ്റിന് ലഭിച്ചിട്ടുമില്ല.

ആരാധനയ്ക്ക് പകരം ആക്ഷേപം

കോളേജുകൾ ആരംഭിച്ചതിന് പുറമേ ഈഴവ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആർ. ശങ്കറിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. പക്ഷെ ഒരുവിഭാഗം ആളുകൾ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയത്. കൊല്ലം എസ്.എൻ കോളേജ് സ്ഥാപിക്കാൻ കന്റോൺമെന്റ് മൈതാനത്തോട് ചേർന്നുള്ള ഭൂമി പാട്ടത്തിന് ലഭിക്കാൻ അന്ന് ദിവാനായിരുന്ന സർ സി.പിയെ നിരവധി തവണ ആർ. ശങ്കർ നേരിൽപ്പോയി കണ്ടു. കോൺഗ്രസ് നേതാവ് കൂടിയായ ശങ്കർ കോളേജ് ആരംഭിക്കാൻ സി.പിയെ നിരന്തരം കണ്ടത് ശത്രുക്കൾ തെറ്റായ തരത്തിൽ ഉപയോഗിച്ചു. സർ സി.പിയുടെ ചെരുപ്പ് നക്കിയെന്ന് അദ്ദേഹത്തെ ആക്ഷേപിച്ചു. കുപ്രചരണങ്ങളിലൂടെ തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങള ശങ്കർ വകവച്ചില്ല. ഉത്‌പന്നപ്പിരിവ് പൊളിക്കാൻ കോളേജ് ആരംഭിക്കുന്നതിന്റെ നേട്ടം ധനികർക്ക് മാത്രമായിരിക്കുമെന്ന് കുപ്രചരണം ഉണ്ടായി. പക്ഷെ കാലം ആ കുപ്രചരണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചു. ശങ്കർ കാലത്തെ അതിജീവിച്ച് ജനമനസുകളിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നു. കുപ്രചാരകരെ കാലം ചവറ്റുകുട്ടയിൽ തള്ളി. പക്ഷെ ഇപ്പോഴും കള്ളപ്രചരണങ്ങൾക്ക് പഞ്ഞമില്ല. സമുദായത്തിന്റെ മുന്നേറ്റത്തിന് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് അപവാദ പ്രചരണങ്ങളിലൂടെ സംഘടനയെ തകർക്കാനുള്ള ശ്രമം നടക്കുന്നു. ആർ ശങ്കറിന് നേരെ നടന്ന ഗൂഢാലോചന പുതിയ കാലത്തിന് പാഠമാണ്. ഒപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശവും നൽകുന്നു. ആർ.ശങ്കറിന്റെ 112-ാം ജന്മവാർഷിക ദിനമാണിന്ന്. ഈ ദിവസം അദ്ദേഹത്തിന്റെ ഓർമ്മകൾ മനസിൽ നിറയ്ക്കാം. ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നേറുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R SANKAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.