പാലക്കാട്: ആധുനിക ട്രാക്ക് മെഷീനുകളിലൊന്നായ ഡൈനാമിക് ടാമ്പിംഗ് എക്സ്പ്രസ് പാലക്കാട് റെയിൽവേ ഡിവിഷനിലെത്തി. വാളയാർ - കഞ്ചിക്കോട് ഭാഗത്തെ പരീക്ഷണ പ്രവർത്തനം വിജയകരമാവുന്നതോടെ ഇത് പാലക്കാട് ഡിവിഷനിലെ പത്താമത്തെ ട്രാക്ക് മെഷീനാവുമെന്ന് പി.ആർ.ഒ എം.കെ.ഗോപിനാഥ് പറഞ്ഞു.
ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതുതലമുറ ട്രാക്ക് മെഷീനാണിത്. ട്രെയിനുകൾ അതിവേഗത്തിൽ കുതിക്കുന്നതിന് പാളങ്ങൾ ശരിയായ രീതിയിലാണ് ഇരിക്കുന്നത് എന്ന് ഉറപ്പക്കണം. ട്രാക്ക് മെഷീനുകൾക്ക് മുമ്പ് ബിറ്റർ പിക്കാസുപയോഗിച്ചാണ് പാളത്തിനടിയിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചിരുന്നത്. ഒരു മീറ്റർ പാളത്തിനു 60 കിലോ തൂക്കം വരുന്ന ഉരുക്കുപാളവും കോൺക്രീറ്റ് സ്ലീപ്പറുകളും ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പാളങ്ങളുടെ പരിപാലനത്തിനായി റെയിൽവേ അധികൃതർ ട്രാക്ക് മെഷീനുകളെ ആശ്രയിച്ചു തുടങ്ങിയത്. ട്രാക്കിനടിയിലെ കരിങ്കൽക്കഷണങ്ങൾ ആവശ്യമായ അളവിൽ നിറയ്ക്കുകയാണ് ടാമ്പിംഗ് മെഷീനുകളുടെ ജോലി. ഈ മെഷീനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്റ്റെബിലൈസിംഗ് മെഷീൻ കരിങ്കൽ കഷണങ്ങൾ നിറച്ചതിനുശേഷം റെയിൽപ്പാളം ശരിയായ രീതിയിലാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തും. പ്ലാസർ ഇന്ത്യ നിർമിച്ചിട്ടുള്ള ഈ മെഷീന്റെ നിയന്ത്രണം ഉറപ്പുവരുത്തുന്നത് കംപ്യൂട്ടർ വത്കൃത സംവിധാനങ്ങളാണ്. യന്ത്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ അളവുകൾ ശേഖരിക്കുന്നതും പ്രവർത്തിപ്പിക്കാനായുള്ള നിർദ്ദേശങ്ങൾ നൽകുന്നതും കംപ്യൂട്ടർ നിയന്ത്രിതമായാണ്.
റെയിൽവേ പാളങ്ങൾ പൂർണമായി മാറ്റുന്നതിനുള്ള ഒരു സിംപ്ലക്സ് ക്വിക്ക് റീ ലേയിംഗ് മെഷീൻ, നാലു സാധാരണ ടാമ്പിങ് മെഷിൻ, സാധാരണ ട്രാക്കിനൊപ്പം പോയിന്റുകളും ക്രോസിങ്ങുകളും ടാമ്പു ചെയ്യാവുന്ന ഒരു ട്രാക്ക് മെഷീൻ (യൂനിമാറ്റ്), കരിങ്കൽ കഷ്ണങ്ങൾ വൃത്തിയാക്കുന്നതിനുള്ള ഒരു മെഷിൻ, ട്രാക്ക് സ്റ്റെബിലൈസ് ചെയ്യുന്നതിനുള്ള ഒരു മെഷിൻ, അതുപോലെ കരിങ്കൽ കഷ്ണങ്ങളെ പാളത്തിനടുത്തേക്ക് ഒതുക്കി വെക്കുന്നതിനുള്ള യന്ത്രവും, വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന മറ്റൊരു യന്ത്രവും പാലക്കാട് ഡിവിഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
പ്രവർത്തനം അതിവേഗം ബഹുദൂരം
വിപുലമായ സജ്ജീകരണങ്ങളോടെയാണ് ഡൈനാമിക് ടാമ്പിങ് എക്സ്പ്രസ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർവൽക്കൃത സംവിധാനങ്ങളാണ് യന്ത്രം നിയന്ത്രിക്കുക. യന്ത്രത്തിന്റെ പ്രവർത്തനത്തിനാവശ്യമായ അളവുകൾ ശേഖരിക്കുന്നതും അതുപോലെ പ്രവർത്തിപ്പിക്കാനായുള്ള നിർദ്ദേശങ്ങൾ നല്കുന്നതും കമ്പ്യൂട്ടറാണ്. ഇതിലൂടെ ട്രാക്ക് മെഷീന്റെ സമഗ്രമായ രീതിയിലുള്ളപ്രവർത്തനം ഉറപ്പുവരുത്താം.
ട്രാക്ക് പരിപാലനജോലികളിലെ ടാമ്പിംഗ്, സ്റ്റെബിലൈസേഷൻ എന്നീ ജോലികൾ ഈ മെഷീൻ ഒരുമിച്ച് ചെയ്യും. പ്രവൃത്തിക്കു മുമ്പ് ട്രാക്കിന്റെ ഘടന മനസിലാക്കുന്നതിനായി അളവെടുക്കുന്ന ആധുനിക സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പൂർണ്ണമായും കമ്പ്യൂട്ടർ നിർമിത സംവിധാനമുപയോഗിച്ചാണ് അളവുകൾ ശേഖരിക്കുന്നതും പ്രവർത്തനത്തിനാവശ്യമായ രൂപത്തിലേക്കുമാറ്റുന്നതും. സാധാരണ മെഷീനുകളിൽ ജോലിക്കാർ അളവെടുത്തു കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് നൽകുന്ന രീതിയാണ് നിലവിലുള്ളത്.
ട്രാക്ക് മെഷീന്റെ ടാമ്പിങ് സിസ്റ്റം, സ്റ്റബിലൈസിംഗ് സിസ്റ്റം, ലെവലിങ് സിസ്റ്റം, ലൈനിങ് ആന്റ് റെക്കോർഡിംഗ് എന്നിവ ട്രാക്ക് മെഷീന്റെ സമഗ്രമായ പ്രവർത്തനം ഉറപ്പുവരുത്തുന്നു. സാധാരണ മെഷീനുകൾ മണിക്കൂറിൽ 1.2 കിലോമീറ്റർ ജോലികൾ പൂർത്തീകരിക്കുമ്പോൾ ഡൈനാമിക് ടാമ്പിങ് എക്സ്പ്രസിന് 1.5 കി.മീ. മുതൽ 1.75 കിലോമീറ്റർ വരെ ട്രാക്ക് ജോലികൾ പൂർത്തീകരിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |