SignIn
Kerala Kaumudi Online
Thursday, 18 April 2024 8.47 PM IST

സ്‌ത്രീക്ക് കെണിയാകുന്ന ട്രെയിൻ യാത്ര

editorial-

തൃപ്പൂണിത്തുറയ്ക്കടുത്ത് മുളന്തുരുത്തിയിൽ വച്ച് ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ യാത്രക്കാരിയായ മുപ്പത്തിരണ്ടുകാരി ആശയ്ക്കു നേരെ നടന്ന ആക്രമണം പത്തുകൊല്ലം മുമ്പുണ്ടായ മറ്റൊരു ദുരന്തകഥ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അന്ന് സൗമ്യ എന്ന യുവതിയാണ് ട്രെയിനുകളിലെ സ്ഥിരം കുറ്റവാളിയായ അക്രമിയുടെ പീഡനത്തിനിരയായി ഈ ലോകത്തോടു വിടപറഞ്ഞത്. ഷൊർണ്ണൂരിൽ ട്രെയിൻ എത്തുന്നതിനിടെയാണ് അക്രമി യുവതിയെ തള്ളി താഴെയിട്ട് പൈശാചികമായി കീഴ്‌പ്പെടുത്തിയത്. ബുധനാഴ്ച മുളന്തുരുത്തിയിൽ വച്ച് യുവതിക്കു നേരിട്ട ദുരനുഭവവും സമാന രീതിയിലുള്ളതാണ്. ആളൊഴിഞ്ഞ വനിതാ കമ്പാർട്ടുമെന്റിലെ യാത്രക്കാരിയായിരുന്ന യുവതിയെ സ്ക്രൂഡ്രൈവർ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങുകയും ക്രൂരമായ നിലയിൽ ആക്രമിക്കുകയും ചെയ്തപ്പോഴാണ് അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ അവർ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയതെന്നാണ് റിപ്പോർട്ട്. പട്ടാപ്പകൽ നടന്ന സംഭവം ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വം എത്രമാത്രം അപകടത്തിലാണെന്നു ബോദ്ധ്യപ്പെടുത്തുന്നതാണ്. പ്രാണൻ കൈയിലെടുത്തുകൊണ്ടു യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീജനങ്ങളുടെ ദുരിതാവസ്ഥ അധികൃതർക്കും സമൂഹത്തിനുമൊക്കെ നന്നായി ബോദ്ധ്യമായിട്ടും ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ കഴിയുന്നില്ലെന്നത് ദുരന്തം തന്നെയാണ്.

ട്രെയിനിൽ കയറുന്നവർ ഏതേതു തരക്കാരാണെന്ന് ആർക്കും പറയാനാവില്ല. എന്നാൽ ട്രെയിനുകളിലെ സ്ഥിരം ശല്യക്കാരെ റെയിൽവേ പൊലീസിനും മറ്റു സ്റ്റാഫിനും ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിയും. കൊവിഡ് കാലമായതിനാൽ സകല ട്രെയിനുകളിലും കർക്കശമായ സുരക്ഷാ പരിശോധന നടക്കുന്നുണ്ടെന്നാണു അവകാശവാദം. വനിതാ കമ്പാർട്ട്‌മെന്റുകളിൽ റെയിൽവേ പൊലീസിന്റെ സ്ഥിരം സാന്നിദ്ധ്യമുണ്ടെന്ന അധികൃതരുടെ വാദവും ശരിയല്ലെന്നു തെളിയിക്കുന്നു മുളന്തുരുത്തിയിൽ യുവതിക്കു നേരെ നടന്ന ആക്രമണം. സംഭവത്തിലെ ഏറ്റവും ഗുരുതരമായ വസ്‌തുത പ്രതിയെന്നു സംശയിക്കുന്ന അക്രമി ട്രെയിനുകളിലെ സ്ഥിരം ക്രിമിനലാണെന്ന വിവരമാണ്. യുവതി പൊലീസിനു നൽകിയ വിവരങ്ങൾ വച്ചുകൊണ്ടാണ് പ്രതി ആരെന്ന നിഗമനത്തിലെത്തിത്. 2007-ൽ കൊല്ലം സെക്‌ഷനിൽ ട്രെയിൻ യാത്രക്കാരിയെ ആക്രമിച്ച കേസിലും പ്രതിയാണത്രെ ഇയാൾ. മാത്രമല്ല ക്ഷേത്ര മോഷണങ്ങളുൾപ്പെടെ മറ്റു പല കേസുകളും ഇയാൾക്കെതിരെ ഉണ്ടത്രെ. ഇങ്ങനെ പൊലീസിന്റെ സ്ഥിരം

നോട്ടപ്പുള്ളിയായ ഒരുത്തൻ പട്ടാപ്പകൽ വീണ്ടും ട്രെയിനിൽ അതിക്രമത്തിന് ഒരുങ്ങിയത് നിയമത്തെയും ശിക്ഷയെയും തെല്ലും ഭയമില്ലാത്തതുകൊണ്ടു മാത്രമായിരിക്കില്ല. അഥവാ പൊലീസ് പിടിച്ചാലും ഊരിപ്പോരാൻ കഴിയുമെന്ന അമിത വിശ്വാസം കൊണ്ടുമാകാം. മുൻപ് ഏതെങ്കിലും കേസിൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നതിൽ നിന്നുതന്നെ ഇതു കൂടുതൽ വ്യക്തവുമാണ്.

സ്‌‌ത്രീകളുടെ യാത്രാസുരക്ഷിതത്വത്തെപ്പറ്റി ഏറെ അവകാശവാദങ്ങളാണ് അധികൃതരിൽ നിന്നു കേൾക്കാറുള്ളത്. ഇതുപോലുള്ള ഭയാനകമായ സംഭവങ്ങളുണ്ടാകുമ്പോഴാണ് അതിന്റെ പൊള്ളത്തരം ബോദ്ധ്യപ്പെടുക. ട്രെയിനുകൾ മാത്രമല്ല, യാത്രക്കാർ തിങ്ങിനിറഞ്ഞ ബസുകളിൽ പോലും സ്ത്രീകൾ തീരെ സുരക്ഷിതമല്ലെന്ന് ഏവർക്കുമറിയാം. അതിക്രമങ്ങൾ നടന്നാലും അധികമാരും പുറത്തു പറയാത്തതുകൊണ്ട് പരസ്യമാകുന്നില്ലെന്നേയുള്ളൂ. ട്രെയിനുകളിലെ സ്ഥിരം അക്രമികൾക്ക് പൊലീസ് ഉൾപ്പെടെ പല കേന്ദ്രങ്ങളിൽ നിന്നും സഹായവും ലഭിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു വിചിത്ര വസ്തുത. സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി സുപ്രീംകോടതി വരെ വാദിക്കാൻ ആളും അർത്ഥവും ഒഴുകിയത് മറക്കാറായിട്ടില്ല. യാത്രയിൽ സ്‌ത്രീകൾ കൂടുതൽ ജാഗ്രതയും കരുതലുമെടുക്കുക മാത്രമാണ് ഒരു പരിധി വരെ അക്രമികളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി. യാത്രക്കാർ കുറവായ വനിതാ കമ്പാർട്ടുമെന്റുകൾ പലപ്പോഴും സ്‌ത്രീകൾക്ക് അപകടക്കെണി തന്നെയാണ്. ഇതിനെക്കാളേറെ സുരക്ഷിതം എപ്പോഴും ജനറൽ കമ്പാർട്ട്‌മെന്റ് തന്നെയാവും. സഹയാത്രികരുടെ സഹായമെങ്കിലും ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.