SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 AM IST

കണ്ണൂരിലുള്ള പിണറായി ഇനി തലസ്ഥാനത്തെത്തുന്നത് ജയിച്ച സർട്ടിഫിക്കറ്റുമായി, തുടർഭരണമുണ്ടായാൽ കാര്യങ്ങൾ മിന്നൽ വേഗത്തിൽ, സി പി എമ്മിന്റെ കണക്കുകൂട്ടലുകൾ

pinarayi-vijayan-

തിരുവനന്തപുരം: വോട്ടെണ്ണൽ ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ കണ്ണൂർ ജില്ലയിലെ ധർമ്മടത്തേക്ക് പോയി. ഇന്നലെ രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കണ്ണൂരിലേക്ക് തിരിച്ചത്. കൊവിഡ് അവലോകന യോഗത്തിൽ അദ്ദേഹം കണ്ണൂരിൽ നിന്നാണ് പങ്കെടുത്തത്.

ഫലപ്രഖ്യാപനം വന്നശേഷം ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. മണ്ഡലത്തിൽ നിന്ന് വിജയിച്ച ശേഷമുള്ള സർട്ടിഫിക്കറ്റ് വരണാധികാരിയിൽ നിന്ന് കൈപ്പറ്റിയശേഷമാകും തിരുവനന്തപുരത്തേക്ക് തിരിക്കുക. തിരഞ്ഞെടുപ്പിൽ തുടർ ഭരണമുറപ്പാക്കുന്ന മികച്ച വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന എക്സിറ്റ്‌പോൾ ഫലങ്ങളും അദ്ദേഹത്തിന്റെ പ്രതീക്ഷയെ വളർത്തുന്നു.

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയമുറപ്പായാൽ തിങ്കളാഴ്ച അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടശേഷമാകും നിലവിലെ മന്ത്രിസഭയുടെ രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കുക. നാലിന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭാരൂപീകരണമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. പുതിയ മന്ത്രിസഭയിൽ ആരൊക്കെയെത്തുമെന്നതിൽ അന്ന് ധാരണയാകും.

തുടർഭരണമുറപ്പായാൽ, മേയ് രണ്ടാംവാരം തന്നെ സത്യപ്രതിജ്ഞയടക്കം നടക്കും. തിരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങൾ സ്വരൂപിച്ച കണക്കുകൾക്ക് പുറമേ, സി.പി.എം നേതൃത്വവും പ്രത്യേക ഏജൻസിയെ വച്ച് സൂക്ഷ്മതലത്തിൽ സർവേനടത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം നടന്ന ഈ പരിശോധനയാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും വലിയ ആത്മവിശ്വാസം സമ്മാനിക്കുന്നത്. 76 മുതൽ 82 വരെയോ വലിയ തരംഗമുണ്ടായാൽ 90ന് മുകളിലേക്കോ പോകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, രാജ്ദിപ് സർദേശായിയുടെ ഇന്ത്യാ ടുഡെ ടി.വി നടത്തിയ എക്സിറ്റ്‌പോൾ സർവേയിലെ പ്രവചനം അമ്പരപ്പിക്കുന്നതാണ്. 102 മുതൽ 120 വരെ സീറ്റുകളാണ് അവർ ഇടതുമുന്നണിക്ക് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫിന് 20 മുതൽ 36വരെ മാത്രം. എൻ.ഡി.എയ്ക്കും മറ്റുള്ളവർക്കും പൂജ്യം മുതൽ രണ്ട് വരെ വീതമാണ് പ്രവചനം. പ്രളയ, കൊവിഡ് കാലങ്ങളിലെ മികച്ച നേതൃത്വം പിണറായി വിജയന് ഗുണമായെന്നാണ് ഇന്ത്യാടുഡെ ടി.വിയുടെ വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, COVID, PINARAYI, CPM, ELECTION, ELECTION CERTIFICATE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.