മൂല്യമേറിയ ബ്രാൻഡുകളിൽ എൽ.ഐ.സിക്ക് 10-ാം സ്ഥാനം
മുംബയ്: ലോകത്തെ ഏറ്റവും ശക്തമായ 100 ഇൻഷ്വറൻസ് ബ്രാൻഡുകളുടെ പട്ടികയിൽ മൂന്നാംസ്ഥാനം സ്വന്തമാക്കി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി). ലണ്ടൻ ആസ്ഥാനമായ ബ്രാൻഡ് വാല്യൂവേഷൻ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് ഇൻഷ്വറൻസ് തയ്യാറാക്കിയ പട്ടികയിലാണ് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിയുടെ തിളക്കം. ലോകത്തെ ഏറ്റവും മൂല്യമേറിയ 100 ഇൻഷ്വറൻസ് ബ്രാൻഡുകളിൽ പത്താംസ്ഥാനവും എൽ.ഐ.സിക്കുണ്ട്.
2020ൽ ടോപ് 100 ഇൻഷ്വറൻസ് കമ്പനികളുടെ ആകെ മൂല്യം 2019ലെ 46,240 കോടി ഡോളറിൽ നിന്ന് ആറു ശതമാനം കുറഞ്ഞ് 43,300 കോടി ഡോളറിലെത്തിയെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, എൽ.ഐ.സിയുടെ മൂല്യം ഏഴ് ശതമാനം വർദ്ധിച്ച് 865 കോടി ഡോളറായി. ലോകത്തെ ഏറ്റവും മൂല്യമേറിയ പത്ത് ഇൻഷ്വറൻസ് ബ്രാൻഡുകളിൽ അഞ്ചും ചൈനീസ് കമ്പനികളാണ്. മൂല്യം 26.1 ശതമാനം ഇടിഞ്ഞെങ്കിലും ചൈനീസ് ബ്രാൻഡായ പിംഗ് ആൻ ഇൻഷ്വറൻസാണ് ഏറ്റവും മൂല്യമേറിയ കമ്പനി. 4,479.8 കോടി ഡോളറാണ് പിംഗിന്റെ മൂല്യം.
ശക്തമായ ബ്രാൻഡുകൾ
1. പോസ്റ്റ് ഇറ്റാലിയൻ (ഇറ്റലി)
2. മാപ്ഫ്രെ (സ്പെയിൻ)
3. എൽ.ഐ.സി (ഇന്ത്യ)
4. പിംഗ് ആൻ ഇൻഷ്വറൻസ് (ചൈന)
5. സാംസംഗ് ലൈഫ് ഇൻഷ്വറൻസ് (ദ.കൊറിയ)
മൂല്യമേറിയ ബ്രാൻഡുകൾ
1. പിംഗ് ആൻ ഇൻഷ്വറൻസ് (ചൈന)
2. ചൈന ലൈഫ് ഇൻഷ്വറൻസ് (ചൈന)
3. അലയൻസ് (ജർമ്മനി)
4. അക്സ (ഫ്രാൻസ്)
5. ചൈന പസഫിക് ഇൻഷ്വറൻസ് (ചൈന)
10. എൽ.ഐ.സി (ഇന്ത്യ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |