SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.57 AM IST

സസ്‌പെൻസ് തീരാൻ വെറും 24 മണിക്കൂർ ഫലിക്കുമോ പ്രവചനങ്ങൾ , അതോ അട്ടിമറിയോ

assembly-polls-

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷം ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് സംസ്ഥാനം.മൂന്ന് മുന്നണി നേതൃത്വങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഫലം നിർണായകം. മുൻകാലങ്ങളിലൊന്നുമുണ്ടായിട്ടില്ലാത്ത വിധം അഗ്നിപരീക്ഷയെ അവർക്ക് അതിജീവിക്കണം.തുടർഭരണമുണ്ടായില്ലെങ്കിൽ ഇന്ത്യയിൽ ഇടതുപക്ഷത്തിന് ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയാകും. അങ്ങനെയൊരവസ്ഥയെ സമീപകാലത്തൊന്നും ഇടതുപക്ഷത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. പശ്ചിമബംഗാളിലും തൃപുരയിലും അതിജീവനം വെല്ലുവിളിയായി നിൽക്കുന്നു. അവശേഷിക്കുന്ന ചുവപ്പ് തുരുത്തിൽ അധികാരം നിലനിറുത്തുകയെന്ന കടുത്ത വെല്ലുവിളിയേറ്റെടുത്ത് ധൈര്യപൂർവം നിൽക്കുന്നത്

പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനാണ്. അത് സാദ്ധ്യമായില്ലെങ്കിൽ ഇടതുപക്ഷത്തിന് മുന്നിലെ വഴികൾ പ്രയാസമേറിയതാവും. ദുരന്തകാലത്തെ കരുതൽ ഇമേജുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസത്തെ എക്സിറ്റ്പോളുകളെല്ലാം ഒരേ സ്വരത്തിൽ പ്രവചിച്ചത് കുറച്ചൊന്നുമല്ല ഇടതുമുന്നണിക്കും സി.പി.എമ്മിനും ആത്മവിശ്വാസമേകുന്നത്.

സി.പി.എം സ്വന്തം നിലയ്ക്ക് പല തലങ്ങളിൽ നടത്തിയ പരിശോധനകളിലും തുടർഭരണ സാദ്ധ്യത കണ്ടതിലെ ആത്മവിശ്വാസമാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയിലൂടെ കഴിഞ്ഞദിവസങ്ങളിൽ പ്രകടമായത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെയില്ലെങ്കിലും നേരിയ തോതിലെങ്കിലുമുള്ള അടിയൊഴുക്ക് സാദ്ധ്യതകൾ പാർട്ടികേന്ദ്രങ്ങളെ ആശങ്കപ്പെടുത്താതെയുമിരിക്കുന്നില്ല. ക്ഷേമപെൻഷനും ദുരിതകാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമൊക്കെ ഈ അടിയൊഴുക്കുകളെ മറികടന്ന് പോകാൻ എത്രകണ്ട് സഹായിക്കുമെന്നതാണ് കാണേണ്ടത്. എക്സിറ്റ്പോൾ പ്രവചനങ്ങളെല്ലാം തുടർഭരണം പറയുമ്പോഴും പലതും നേരിയ ഭൂരിപക്ഷമൊക്കെ പ്രവചിക്കുന്നതാണ് അടിയൊഴുക്ക് ആശങ്കകളെ ഉയർത്തുന്നത്.

തകർന്നുകിടന്ന സംഘടനാസംവിധാനത്തെ ഊർജ്ജസ്വലമാക്കിയെടുക്കാൻ കോൺഗ്രസിന് പൂർണമായി സാധിച്ചിട്ടില്ലെന്ന് നേതൃത്വം തന്നെ സമ്മതിക്കുമ്പോഴും, അതിനെ അതിജീവിക്കാൻ പോന്ന ഭരണവിരുദ്ധ വികാരങ്ങൾ പ്രകടമായിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. മികച്ച സ്ഥാനാർത്ഥികളെ ഏറെക്കാലത്തിന് ശേഷം അവതരിപ്പിക്കാനായതാണ് ഒന്നാമത്തെ അനുകൂലഘടകമായി അവർ നോക്കിക്കാണുന്നത്. പലയിടത്തും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവം മികവുണ്ടാക്കിയിട്ടുണ്ട്. രാഹുൽഗാന്ധി- പ്രിയങ്ക ഗാന്ധിമാരുടെ പ്രചാരണങ്ങൾ സൃഷ്ടിച്ച ഓളവും പ്രതിപക്ഷനേതാവ് സർക്കാരിനെതിരെ ഉയർത്തിവിട്ട അഴിമതിയാരോപണങ്ങളുമാണ് യു.ഡി.എഫ് പ്രതീക്ഷകളെ ജീവൻ വയ്പിക്കുന്നത്. അപ്പോഴും എക്സിറ്റ്പോൾ പ്രവചനങ്ങൾ എതിരായി നിൽക്കുന്നത് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. എക്സിറ്റ്പോൾ ഫലങ്ങളെ കോൺഗ്രസ് നേതാക്കൾ തള്ളുന്നെങ്കിലും ആ പ്രവചനങ്ങൾ സൃഷ്ടിച്ച അങ്കലാപ്പ് നേതാക്കളുടെ ശരീരഭാഷയിൽ പ്രകടം.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 30 - 40 മണ്ഡലങ്ങളിലേക്കാണവരുടെ പ്രതീക്ഷകൾ . അവയിൽ 25- 27 മണ്ഡലങ്ങളെങ്കിലും പിടിച്ചെടുക്കുകയും സിറ്റിംഗ് മണ്ഡലങ്ങൾ നിലനിറുത്തുകയും ചെയ്താൽ കോൺഗ്രസിന് വിജയ മാർജിനിലേക്ക് നടന്നടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. മുസ്ലിംലീഗ് എന്തുവന്നാലും 20- 22 മണ്ഡലങ്ങൾ വരെ നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. തെക്കൻജില്ലകളിൽ ഇടതിനകത്ത് അടിയൊഴുക്കുകൾ ശക്തമാകുമെന്നും. ചെറു ഘടകകക്ഷികളെല്ലാം ചേർന്ന് 5- 7 സീറ്റുകൾ വരെ നേടിയാൽ ഭരണം പോരുമെന്നാണ് വിലയിരുത്തൽ.

ഭരണം തിരിച്ചുപിടിക്കാനായില്ലെങ്കിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളപ്പെടും. നേതൃതലത്തിൽ സമൂല അഴിച്ചുപണിയുറപ്പ്. രാഹുൽഗാന്ധി മത്സരിച്ച സംസ്ഥാനം, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയുടെ തട്ടകം എന്നീ നിലകളിൽ കേരളം അവർക്ക് അഭിമാന പ്രശ്നമാണ്. അത് നഷ്ടപ്പെടുമ്പോൾ, ദേശീയതലത്തിലെ വിമത ഗ്രൂപ്പ് വിമർശനം കനപ്പിക്കും. തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യം ജയിച്ചാൽ കിട്ടുന്ന പ്രാതിനിദ്ധ്യമല്ലാതെ, ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അപ്രസക്തമാകുന്നതാകും വിധിയെഴുത്ത്. അതാണ് കോൺഗ്രസിന് ഇതൊരു ജീവന്മരണപ്രശ്നമാകുന്നത്. ഫലമനുകൂലമായാൽ പ്രതിപക്ഷനേതാവിന്റെ പോരാട്ട വിജയമായി വിലയിരുത്തപ്പെടുമെന്നുറപ്പ്.

ബി.ജെ.പി പത്ത് മുതൽ പന്ത്രണ്ട് സീറ്റുകൾ വരെ നേടുമെന്നാണ് പുറമേക്ക് പ്രകടിപ്പിക്കുന്ന പ്രതീക്ഷയെങ്കിലും കഴിഞ്ഞ തവണത്തെ ഒന്നിൽ നിന്ന് എത്ര മുന്നോട്ട് പോകാനായി എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാന നേതൃത്വത്തിന്റെ ഭാവി. 15- 20 സീറ്റുകളിലെങ്കിലും അവർ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു. ചില എക്സിറ്റ്പോളുകൾ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിലും കുറവ് കാണിച്ചത് അവരുടെ നെഞ്ചിടിപ്പേറ്റുന്നു. നേമത്തെ പോരാട്ടം വലിയതോതിൽ കടുത്തതും ആശങ്കകളുയർത്തുന്നു. തിരിച്ചടിയാണ് ഫലമുണ്ടാക്കുന്നതെങ്കിൽ നിലവിലെ നേതൃത്വം ചോദ്യം ചെയ്യപ്പെടാം. പാർട്ടിക്കകത്ത് അല്ലെങ്കിലും ശീതസമരം സംസ്ഥാന ബി.ജെ.പിയിൽ ശക്തമാണ്.

കഴിഞ്ഞ തവണ ഭൂരിപക്ഷം നാലായിരത്തിൽ കുറവായ മണ്ഡലങ്ങൾ: 23

മഞ്ചേശ്വരം, ഉദുമ, അഴീക്കോട്, കണ്ണൂർ, മാനന്തവാടി, കുറ്റ്യാടി, കൊടുവള്ളി, തിരുവമ്പാടി, പെരിന്തൽമണ്ണ, മങ്കട, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കൊച്ചി, കുന്നത്തുനാട്, ഉടുമ്പഞ്ചോല, പീരുമേട്, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, വർക്കല, നെടുമങ്ങാട്, കാട്ടാക്കട, കോവളം.

 ഇവയിൽ യു.ഡി.എഫ് വിജയം: 10

എൽ.ഡി.എഫ് വിജയം: 13

 ഇക്കുറി പോരാട്ടം കൂടുതൽ കടുത്തവ: 44

മഞ്ചേശ്വരം, ഉദുമ, പേരാവൂർ, അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ്, കല്പറ്റ, മാനന്തവാടി, കോഴിക്കോട് നോർത്ത്, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി, വടകര, തവനൂർ, പൊന്നാനി, നിലമ്പൂർ, കുന്ദമംഗലം, തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മലമ്പുഴ, തൃശൂർ, കുന്നത്തുനാട്, തൃപ്പൂണിത്തുറ, കളമശേരി, മൂവാറ്റുപുഴ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, ചേർത്തല, പാലാ, ഉടുമ്പഞ്ചോല, കടുത്തുരുത്തി, പീരുമേട്, ഇടുക്കി, കൊല്ലം, കുണ്ടറ, പാറശാല, നേമം, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, നെയ്യാറ്റിൻകര, കഴക്കൂട്ടം.

പോരാട്ടം കടുത്ത മണ്ഡലങ്ങളിലെ ഇടത് പ്രതീക്ഷ: 34- 37

യു.ഡി.എഫ് പ്രതീക്ഷ: 33- 35

എൻ.ഡി.എ പ്രതീക്ഷയർപ്പിക്കുന്ന 12 മണ്ഡലങ്ങൾ:

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, ചാത്തന്നൂർ, കോന്നി, മലമ്പുഴ, പാലക്കാട്, തൃശൂർ, മണലൂർ, കാസർകോട്, മഞ്ചേശ്വരം.

ഇടത് പ്രതീക്ഷ

സിറ്റിംഗ് സീറ്റുകളിൽ ചിലത് നഷ്ടപ്പെടാം. മദ്ധ്യതിരുവിതാംകൂറിലടക്കം മറ്ര് ചില സീറ്റുകൾ പിടിച്ചെടുക്കാം. വിവിധ തലങ്ങളിലെ കണക്കുകൂട്ടലിൽ 76 മുതൽ 82 വരെ സാദ്ധ്യത. ചിലപ്പോൾ 90ന് മുകളിലേക്ക്.

യു.ഡി.എഫ് പ്രതീക്ഷ

72 മുതൽ 82 വരെ. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ 28 സീറ്റുകളെങ്കിലും കൂടെ പോരും. നേർക്കുനേർ പോരാട്ടമുള്ള മണ്ഡലങ്ങളാണിത്. ഇതിൽ പത്തിലെങ്കിലും ഏറ്റക്കുറച്ചിൽ കണക്കാക്കിയാലും 62 മുതൽ 72- 76 വരെയോ 82 വരെയോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, ELECTON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.