SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.25 PM IST

പത്താംവയസിൽ സംഗീതസംവിധായകൻ : 'മഴ' വരും മൽഹാർ പാടുമ്പോൾ'

malhar
ജെ.സി.ഡാനിയേൽ എക്സലൻസി അവാർഡ് ദാനചടങ്ങിൽ മൽഹാർ പാടുന്നു

കാസർകോട്: ഇരുത്തംവന്ന സംഗീതജ്ഞർ പോലും പ്രയാസപ്പെടുന്ന സംഗീതസംവിധാനത്തിൽ കൈവച്ച് വിജയിച്ച നാലാംക്ളാസുകാരന് എം.ജയചന്ദ്രൻ അടക്കമുള്ള പ്രമുഖരുടെ അഭിനന്ദനം. മൂന്നാംവയസിൽ സംഗീതപഠനം തുടങ്ങി മിക്ക ഉപകരണങ്ങളിലും മികവ് കാട്ടുന്ന ഈ പത്തുവയസുകാരനെ പിന്തുടർന്ന് രണ്ടരവയസുകാരിയായി അനുജത്തി മഴയും ചെറുതായി പാട്ടിൽ മികവ് കാട്ടിതുടങ്ങിയിട്ടുണ്ട്.

ചെറുവത്തൂർ മുഴക്കോം സ്വദേശി എം.എ.മൽഹാർ എന്ന മാസ്റ്റർ മൽഹാറാണ് മുഴക്കോം മഹാവിഷ്ണുക്ഷേത്രത്തെക്കുറിച്ചുള്ള 'തിരുനാമം പാടാൻ' എന്ന ഗാനത്തിന് സംഗീതം നൽകി ആലപിക്കുന്നത്. മൽഹാറിന് ഏതു പാട്ടുകിട്ടിയാലും സ്വരസ്ഥാനം കണ്ടെത്താനുള്ള അസാമാന്യസിദ്ധിയുണ്ട്..കീ ബോർഡ്, ഹാർമോണിയം, മെലോഡിക്ക എന്നിവ ഒരുപോലെ അനായാസം കൈകാര്യം ചെയ്യും ഈ കൊച്ചുമിടുക്കൻ.മൽഹാറിന്റെ മിടുക്കിന് കോഴിക്കോട് ടൗൺ ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ജെ.സി.ഡാനിയേൽ എക്സലൻസി അവാർഡ് നൽകി സംഘാടകർ ആദരിച്ചിരുന്നു. കാടങ്കോട് നെല്ലിക്കാൽ ദേവസ്വം പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മൽഹാർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ മഹേഷ് കുമാറിന്റെ മകനാണ്. പിതാവ് മഹേഷ് സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ട്. മികച്ച ഓടക്കുഴൽ വാദകൻ കൂടിയാണ് ഇദ്ദേഹം.

ചെറുവത്തൂരിലെ സാരംഗ് സംഗീത വിദ്യാലയത്തിലെ അദ്ധ്യാപകനാണ് കുട്ടിയുടെ കഴിവിനെ കുറിച്ച് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് തിരിച്ചറിഞ്ഞ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ പ്രോത്സാഹനവുമായെത്തി. എം ജയചന്ദ്രൻ കുട്ടിയെ എറണാകുളത്തെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിക്കുകയായിരുന്നു. കുഞ്ഞു മൽഹാറിനെ സംഗീതലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് പ്രമുഖ സംഗീതജ്ഞനായ ഡോ. ശ്രീവൽസൻ ജെ.മേനോനാണ്. സംഗീത വിദ്യാലയത്തിലെ അദ്ധ്യാപികയായ രാജലക്ഷ്മിയുടെ ശിഷണത്തിൽ ഈ കൊച്ചു ഗായകൻ ഉയരത്തിലേക്കുള്ള പടവുകൾ കയറുകയാണിപ്പോൾ.

കൊവിഡ് കാലത്ത് മൽഹാർ സംഗീതോപകരണങ്ങൾ വായിക്കുന്നത് നവമാദ്ധ്യമങ്ങളിലൂടെ വൈറലായിരുന്നു. നൂറുകണക്കിനു സംഗീത പ്രേമികളാണ് അന്ന് മൽഹാറിനെ അഭിനന്ദിച്ചത് . 'ബാലഗണപതി' എന്ന ഭക്തിഗാന ആൽബത്തിൽ പാടി അഭിനയിച്ച മൽഹാർ അഭിനയ ലോകത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എ.ആർ.റഹ്മാന്റെ കടുത്ത ആരാധകനായ മൽഹാറിന് അദ്ദേഹത്തെ പോലുള്ള പാട്ടുകാരനാകാനാണ് ആഗ്രഹം. സ്‌കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും പദ്യം ചൊല്ലലിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. നീലേശ്വരത്തെ പ്രശാന്ത് കുമാറിന് കീഴിൽ കർണാടക സംഗീതവും എറണാകുളത്തെ വിജയ് സുർസണിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുകയാണിപ്പോൾ ഈ മിടുക്കൻ. മുഴക്കോത്തെ പിലാക്ക കൃഷ്ണന്റെയും അദ്ധ്യാപികയായ ഉഷയുടെയും മകളായ ഐശ്വര്യയാണ് മൽഹാറിന്റെ മാതാവ്. മഹേഷ് കുമാറിന്റെ അമ്മയായ അരവഞ്ചാലിലെ സാവിത്രിയമ്മയും ചെറുമകന് പിന്തുണയുമായി കൂടെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MALHAAR STORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.