SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.15 PM IST

കനോലിക്ക് ഒഴുകണം തടസമില്ലാതെ

ponnani

കേരളത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത കനാലാണ് പൊന്നാനിയെ മുറിച്ചൊഴുകുന്ന കനോലി . ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചതാണിത്. നൂറുകണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഇടതടവില്ലാതെ ഒഴുകി നടന്നിരുന്ന ജലപാതയിൽ ഇന്നൊഴുകുന്നത് സെപ്‌റ്റിക് ടാങ്കുകളിൽ നിന്നുൾപ്പടെയുള്ള മാലിന്യ കൂമ്പാരം.

കൈയേറ്റവും മാലിന്യവും കനോലി കനാലിന്റെ നിലനില്‌പ് തന്നെ ചോദ്യ ചിഹ്നമാക്കിയിട്ടുണ്ട്. തെളിനീരൊഴുകിയിരുന്ന കനാലിലെ വെള്ളത്തിനിപ്പോൾ കടുംകറുപ്പാണ് നിറം. വെള്ളത്തിൽ ഇറങ്ങിയാൽ ത്വക്ക് രോഗങ്ങൾ ഉറപ്പ്. കനാലിനെ കുപ്പതൊട്ടിയാക്കിയിട്ടും ഇതിനെതിരെ നടപടിയെടുക്കേണ്ടവർ മന:പ്പൂർവം കണ്ണടക്കുകയാണ്.

കനോലിയെ ആശ്രയിച്ചുള്ള മത്സ്യബന്ധനത്തിലൂടെ ജീവിതം കരുപിടിപ്പിച്ചിരുന്നവർ നിരവധിയാണ്. തീരദേശത്തെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളം ഉപ്പ് കയറാതെ നിലനിറുത്താനും കനാൽ വഹിക്കുന്ന പങ്ക് ചെറുതല്ല. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഹെക്ടർ കണക്കിന് പാടശേഖരങ്ങളും ഒരുകാലത്ത് കനോലിയെ ആശ്രയിച്ചാണ് മുന്നോട്ടു പോയിരുന്നത്.

കനോലിയുടെ സ്വപ്നം

മലബാറിലെ നദികളെ പരസ്പരം ബന്ധിപ്പിച്ച് ഒരു ജലഗതാഗത മാർഗം തീർക്കാനുള്ള, കോഴിക്കോട് കളക്ടറായിരുന്ന കനോലി സായ്പിന്റെ പദ്ധതിയാണ് കനോലി കനാലിന് രൂപമേകിയത്. ആദ്യപടിയായി എലത്തൂർ പുഴയെ കല്ലായി പുഴയോടും കല്ലായിപുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതൽ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിർമ്മിച്ചു. സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തിൽ കനോലിക്ക് ലഭിച്ചു. 1846ൽ തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ രണ്ട് വർഷമെടുത്താണ് പൂർത്തിയാക്കിയത്. തുടക്കത്തിൽ കൃഷിക്കായി ഈ കനാലിലെ വെള്ളം ഉപയോഗിച്ചിരുന്നു.

പഴയ കൊച്ചി - കോഴിക്കോട് ജലപാതയായ കനോലി കനാൽ ഇന്ന് നീർച്ചാൽ കണക്കെ മെലിഞ്ഞൊട്ടിയിരിക്കുന്നു. പ്രൗഢിയുടെ ഇന്നലെകൾ ഇന്ന് ഈ കനാലിനും തീരദേശത്തിനും ഓർമ്മ മാത്രമാണ്. നൂറുമീറ്ററിലേറെ വീതിയുണ്ടായിരുന്ന കനോലി കനാൽ വ്യാപക കൈയേറ്റത്തെ തുടർന്ന് നാമാവശേഷമാകുകയാണ്. മൂന്നും നാലും കെട്ടുവള്ളങ്ങൾ ഒരുമിച്ചു സഞ്ചരിച്ചിരുന്ന ജലപാതയായിരുന്നു ഇത്. പത്തേമാരികളിലെത്തുന്ന ചരക്കുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നത് കനോലി കനാൽ വഴിയായിരുന്നു.

വടകര, കല്ലായി, പൊന്നാനി, ധർമടം, ചേറ്റുവ, കണ്ടശ്ശാംകടവ്, കൊച്ചി എന്നിങ്ങനെ വിവിധ വ്യാപാര മാർഗങ്ങളെ ബന്ധിപ്പിക്കുകയായിരുന്നു കനാലിന്റെ പ്രധാന ദൗത്യം. റോഡുകളോ പാലങ്ങളോ വികസിച്ചിട്ടില്ലാതിരുന്ന അക്കാലത്ത് ചരക്കുകൾ കൊണ്ടുപോകാനും യാത്രക്കാർക്കും കനോലി കനാലായിരുന്നു പ്രധാന സഞ്ചാര മാർഗം.

ആരും സംരക്ഷിച്ചില്ല

കനാലിനെ സംരക്ഷിക്കുന്നതിൽ കാലാകാലങ്ങളിലെ ഭരണകൂടങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. പലയിടങ്ങളിലും പാർശ്വഭിത്തികൾ തകർന്നതോടെ കൈയേറ്റത്തിന് വഴിവെച്ചു. ഇതോടെ കനാലിന്റെ വീതി പകുതിയായി കുറഞ്ഞു. പാർശ്വഭിത്തി തകർന്നത് ചിലയിടങ്ങളിൽ കനാൽ പരന്നൊഴുകുന്നതിന് ഇടയാക്കി. കനാലിന്റെ ഗതിമാറിയുള്ള ഒഴുക്ക് തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. മഴക്കാലത്ത് കനാലിൽ ജലനിരപ്പ് ഉയരുന്നത് തീരത്തെ വെള്ളക്കെട്ടിലേക്കെത്തിക്കുന്നുണ്ട്. പത്തടി വരെ ആഴമുണ്ടായിരുന്ന കനാൽ ഇന്ന് നാലടി താഴ്ച പോലുമില്ലാത്ത അവസ്ഥയിലാണ്. വലിയ കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന ജലപാതയിപ്പോൾ വേലിയിറക്ക സമയങ്ങളിൽ ചെറുവഞ്ചികൾക്കു പോലും പോകാനാകാത്ത നിലയിലാണ്. ചെളിയും മാലിന്യവും അടഞ്ഞുകൂടി കരയും കനാലും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. കനാലിൽ അടിഞ്ഞുകൂടിയ ചെളി നീക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല.

അണ്ടത്തോട് മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയുള്ള 68 കിലോമീറ്റർ ദൂരം ജലപാത ക്രമീകരിക്കാൻ 15 വർഷം മുമ്പ് സംസ്ഥാന സർക്കാർ 77 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചെങ്കിലും നടപടികളുണ്ടായില്ല. പൊന്നാനി - കൊച്ചി കായലിന്റെ കോട്ടപ്പുറം മുതൽ അണ്ടത്തോട് വരെയുള്ള കൊടുങ്ങല്ലൂർ-ചാവക്കാട് താലൂക്കുകളുടെ ഭാഗമായ കനാൽ ഭാഗങ്ങൾ ഏറെ ശോഷിച്ചു കഴിഞ്ഞു. പലയിടത്തും ഏതാനും മീറ്ററുകൾ മാത്രമായി കനാലിന്റെ വീതി.

കനാലല്ല, മാലിന്യകൊട്ട

ക്ലീൻ കനോലി പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുൻപ് പൊന്നാനി നഗരസഭ നടത്തിയ സർവേയിൽ നഗരപരിധിയിൽ അഞ്ച് കിലോമീറ്റർ മാത്രം 350ലേറെ സെപ്‌റ്റിക് പൈപ്പുകൾ കനോലിയിലേക്ക് തുറന്നുവച്ചതായി കണ്ടെത്തിയിരുന്നു. ഇത് തടയാൻ നഗരസഭ തീരത്തെ വീടുകളിൽ പോർട്ടബിൾ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചു നൽകിയെങ്കിലും ഇതു വിജയിച്ചില്ല. സെപ്റ്റിക് മാലിന്യങ്ങൾ ഇപ്പോഴും കനാലിലേക്ക് തന്നെയാണ് ഒഴുക്കിവിടുന്നത്. കനാലിനെ മലിനമാക്കിയതിൽ ഈ സെപ്റ്റിക് മാലിന്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല.

വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മലിനജലവും നിർബാധം ഒഴുക്കിവിടുന്നത് കനാലിലേക്കാണ്. ഇതിന് പുറമേയാണ് സമീപ പഞ്ചായത്തുകളിലേത് അടക്കം അറവ് മാലിന്യങ്ങൾ തള്ളുന്നത്. നീരൊഴുക്കിന്റെ കഴുത്ത് ഞെരിക്കും വിധത്തിലാണ് അറവ് മാലിന്യം ഓരോ ദിവസവും കനാലിലേക്ക് എത്തുന്നത്. ഒഴുക്ക് കുറഞ്ഞ നേരമാണെങ്കിൽ അറവ് മാലിന്യം കനാലിലെ ചെളിയിൽ പുതഞ്ഞു കിടക്കും. വിവാഹ സത്കാരങ്ങളിലെ അവശിഷ്‌ടങ്ങൾ നിക്ഷേപിക്കുന്നതും കനാലിൽത്തന്നെ. പാലങ്ങൾക്ക് മുകളിൽ നിന്ന് കനാലിലേക്ക് വലിച്ചെറിയുന്ന മാലിന്യപ്പൊതികളാണ് മറ്റൊരു വൻ ഭീഷണി. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിക്കുഴഞ്ഞ് ഇതിലൂടെയുള്ള യാത്രയിപ്പോൾ ദുഷ്‌‌കരമാണ്. മണൽ വഞ്ചികളും, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുമാണ് ഏറ്റവുമൊടുവിൽ സഞ്ചാരത്തിനായി കനാലിനെ ആശ്രയിച്ചിരുന്നത്. മാലിന്യങ്ങൾ നിറഞ്ഞതോടെ ഇവയ്ക്കും സഞ്ചരിക്കാൻ കഴിയുന്നില്ല. കനോലിയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനൊപ്പം കനാലിന്റെ പഴയ പ്രൗഢി തിരിച്ചുകൊണ്ടുവരാൻ സമഗ്ര പദ്ധതികളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ജലഗതാഗതത്തിനൊപ്പം ടൂറിസം മേഖലയുടെ ഉണ‌ർവിനും ഇതു വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANOLI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.