SignIn
Kerala Kaumudi Online
Thursday, 25 April 2024 1.50 PM IST

കൊവിഡിനൊപ്പം ജീവിക്കാൻ

covid-

കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിൽ അകപ്പെട്ടിരിക്കുകയാണ് കേരളം. ഈ അവസ്ഥ എത്രനാൾ നീണ്ടുനിൽക്കുമെന്ന് പ്രവചിക്കാനാകില്ല. മൂന്നാം തരംഗവും വന്നേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എല്ലാം അടച്ചിട്ട് കൊവിഡിനെ പ്രതിരോധിക്കാനാവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ലോക്‌ഡൗൺ എന്ന വാക്ക് ഉപയോഗിക്കാത്തത്. ലോക് ഡൗൺ കഴിഞ്ഞ് തുറന്നുവിടുമ്പോൾ എല്ലാം പഴയ പടിയാകും. അതിനാൽ ജനങ്ങൾ സെൽഫ് ലോക്‌ഡൗൺ സ്വീകരിക്കണമെന്നാണ് സർക്കാർ ആഹ്വാനം. ബാങ്കിംഗ് മേഖലയും സർക്കാർ ഓഫീസുകളുമെല്ലാം അടച്ചിട്ട് ജനം വീട്ടിൽത്തന്നെ ഇരിക്കുക കൂടി ചെയ്താൽ സാമ്പത്തികരംഗം നിശ്ചലമാകും. സമൂഹത്തിൽ പണത്തിന്റെ ഒഴുക്ക് ഒരു പരിധി കഴിഞ്ഞ് നിലയ്ക്കുകയും ആ അവസ്ഥ നീണ്ടുപോവുകയും ചെയ്താൽ അത് പലതരം സംഘർഷങ്ങൾക്കും പൊട്ടിത്തെറികൾക്കും ഒരുപക്ഷേ ഒറ്റപ്പെട്ട അക്രമങ്ങൾക്കും കാരണമാകാം. പ്രതീക്ഷയാണ് മനുഷ്യജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കാര്യങ്ങളെല്ലാം നിശ്ചലമാവുമ്പോൾ മനുഷ്യജീവിതം അതിദുസ്സഹമാകും. അതിനാൽ പരമാവധി കാര്യങ്ങൾ ആധുനിക സാങ്കേതികത ഉപയോഗിച്ച് നടത്താനുള്ള ബദൽമാർഗം ശക്തിപ്പെടുത്തുകയാണ് ഈ കൊവിഡ് കാലത്ത് സർക്കാർ ചെയ്യേണ്ടത്. സർക്കാരും പൗരന്മാരും തമ്മിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 90 ശതമാനം കാര്യങ്ങളും ഇ - ഗവേണൻസിലൂടെ നടത്താൻ കഴിയണം. സേവനങ്ങളെ പുനർ നിർവചനം ചെയ്ത് നേരിട്ട് സർക്കാർ ഓഫീസുകളിൽ ചെല്ലേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാൻ ആധുനിക വെർച്വൽ മാർഗങ്ങൾ അവലംബിക്കണം. പണ്ട് ഒരു ജനന സർട്ടിഫിക്കറ്റ് എടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പലതവണ കയറിയിറങ്ങണമായിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറിൽ ഡേറ്റ ഉള്ളവരുടെ ജനന സർട്ടിഫിക്കറ്റ് വീട്ടിലിരുന്നോ അതു കഴിയാത്തവർക്ക് അക്ഷയ സെന്ററിലൂടെയോ അഞ്ച് മിനിട്ടിനകം ലഭിക്കും. ഇതുപോലെ പല സേവനങ്ങളും ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. പ്രത്യേകിച്ചും രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ട പല സർട്ടിഫിക്കറ്റുകളും ഇന്ന് ഓൺലൈനിൽ അപേക്ഷിച്ച് എടുക്കാനാവും. സർക്കാരിന്റെ 90 ശതമാനം സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാക്കാനുള്ള തീവ്രപ്രയത്നം കൂടുതൽ ത്വരിതപ്പെടുത്തണം. കടകൾ തുറന്നു തന്നെയിരിക്കെ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പ്രത്യേക ഇ - സംഘങ്ങൾക്ക് രൂപം നൽകണം. രണ്ട് ഡോസ് വാക്സിനും മുൻഗണന നൽകി ഈ സംഘത്തിൽപ്പെട്ടവർക്ക് നൽകണം.

കാലം മാറുന്നതിനുസരിച്ച് സാധാരണ മനുഷ്യനും മാറി വരും. എന്നാൽ കാലത്തിന് മുമ്പേ സർക്കാരിനെയും പൗരന്മാരെയും മാറ്റാൻ കൊവിഡ് വ്യാപനം ഒരു നിമിത്തമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നേരിട്ട് ഹാജരാകേണ്ടി വരുന്ന പല കോടതി നടപടികളും വെർച്വലാക്കി മാറ്റാവുന്നതാണ്. കൊവിഡ് കാലം കഴിഞ്ഞ് പഴയ മാർഗങ്ങളിലേക്ക് ഒരു തിരിച്ചുവരവ് വേണ്ടാത്തവിധം കാര്യങ്ങൾ മാറണം. ഇതൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ ഇച്ഛാശക്തിയുണ്ടെങ്കിൽ നടക്കാത്തതൊന്നുമില്ലെന്നാണ് ഉത്തരം. സാങ്കേതികത ഇത്രയും പുരോഗമിക്കുന്നതിന് മുമ്പാണ് ഇന്ത്യയിലെ എല്ലാ വോട്ടർമാരും ഐഡി കാർഡ് എടുത്തത്. അന്നത് സാദ്ധ്യമാക്കണമെന്ന് തലപ്പത്തുള്ളവർ ചിന്തിച്ചതിന്റെ ഫലമാണത്. അതിനാൽ കൊവിഡിനൊപ്പവും അതിനുശേഷവും സുതാര്യമായും വേഗത്തിലും സേവനം ലഭിക്കുന്ന സിറ്റിസൺ ഫ്രണ്ട്‌ലി സർക്കാർ ഉണ്ടായി വരാൻ കൊവിഡിനൊപ്പം ജീവിക്കുന്ന ഈ അവസരം ഉതകട്ടെ എന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.