SignIn
Kerala Kaumudi Online
Wednesday, 04 August 2021 7.34 AM IST

നിഴലായി അപകടം

plastic

തബ്റീസി (Tabrizi) യുടെ Seas piracy എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ സമുദ്ര മലിനീകരണം, വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം എന്നിവയെ കുറിച്ചു പ്രതിപാദിക്കുന്നു. വ്യാവസായിക മത്സ്യബന്ധനം എങ്ങനെ കടലിനെ ഒരു മരുപ്രദേശമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് ഡോക്യുമെന്ററി നമുക്ക് കാണിച്ചു തരുന്നു. ഡോൾഫിനുകളെ തായ്ലന്റിന്റെ കടലിൽ പിടികൂടുകയും കുഞ്ഞുങ്ങളെ മറൈൻ പാർക്ക് ബിസിനസിന് ഉപയോഗിക്കുകയുമാണു ചെയ്യുന്നത്. നാം ഉത്സാഹത്തോടെ സന്ദർശിക്കുന്ന മറൈൻ പാർക്കുകൾക്ക് ഇത്തരമൊരു ക്രൂരതയുടെ വശംകൂടിയുണ്ടെന്നു ചിത്രം പറയുന്നു. ഡോൾഫിനുകൾ ചെറുമീനുകളെ ഭക്ഷിക്കുന്നതിനാൽ മുതിർന്ന ഡോൾഫിനുകളെ കൊല്ലുന്നത് നല്ലകാര്യമായി കണക്കാക്കുന്നുവത്രേ! ഷാർക്കുകളെ അവയുടെ ചിറകുകൾക്കു (സൂപ്പുണ്ടാക്കാനായി) വേണ്ടി കൊല്ലുന്നു . അതിനു പ്രത്യേകിച്ചൊരു ഭക്ഷ്യമൂല്യമില്ലെങ്കിലും അതു കഴിയ്ക്കുന്നതു സ്റ്റാറ്റസ് സിംബലായി കരുതുന്ന ചില രാജ്യങ്ങളുണ്ട്. എന്തിന് ഫിഷ്ഫാമുകളിലെ മത്സ്യത്തീറ്റ ഉണ്ടാക്കുന്നതും വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യവലകളിൽ കുടുങ്ങുന്ന ചെറുമീനുകൾ കൊണ്ടാണത്രേ.

ഉപയോഗശൂന്യമായി കടലിൽ വലിച്ചെറിയുന്ന മത്സ്യബന്ധന വലകളിൽ കുടുങ്ങി മരിയ്ക്കുന്ന ഡോൾഫിനുകളും ഷാർക്കുകളും പ്ലാസ്റ്റിക് ഭക്ഷിച്ചു മരിയ്ക്കുന്ന സമുദ്രജീവികളും ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്. ഏറെ ആശങ്കയോടെയല്ലാതെ നമുക്കീ ചിത്രം കണ്ടുതീർക്കാനാവില്ല. ചിത്രത്തിന് ഒട്ടേറെ വിമർശകരുമുണ്ട്. വേഗൻ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കൽ ചിത്രത്തിന്റെ ഗൂഢോദ്ദേശ്യമാണെന്നാണു വിമർശനം. എങ്കിലും സമുദ്രത്തെ സമുദ്രമായി നിലനിറുത്താൻ അതിലെ ഭക്ഷ്യശൃംഖല നിലനില്ക്കണമെന്ന സത്യം ഏതു സാധാരണക്കാരനും മനസിലാവുന്നതു തന്നെയാണ്. ഒട്ടേറെ സമുദ്ര ശാസ്ത്രജ്ഞർ ചിത്രത്തിലെ കാര്യങ്ങളുടെ ആധികാരികതയെ പിന്തുണയ്ക്കുന്നുമുണ്ട്.

ഭക്ഷണം പ്രാദേശികമായി അതത് ഭൂപ്രകൃതിയിൽ ഉത്‌പാദിപ്പിക്കുന്നതാണ് ഉത്തമമെന്ന തത്വമെങ്കിലും നമ്മെ ഈ ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ സാധാരണ വലവീശിയാൽ മത്സ്യത്തൊഴിലാളിക്ക് മീൻ കിട്ടാതായിട്ട് എത്രയോ വർഷമായി. സമുദ്രമെന്ന 'പ്ലാസ്റ്റിക് സൂപ്പിൽ' നിന്ന് അവർക്കെന്തു കിട്ടാനാണ് ? കാടുകളും സമുദ്രവുമൊക്കെ മനുഷ്യൻ അനുദിനം ഇല്ലായ്മ ചെയ്യുമ്പോൾ നശിയ്ക്കുന്ന സ്പീഷീസുകളുടെ എണ്ണം വളരെ വലുതാണ്. ഓരോ ജീവികളും പരസ്പര പൂരകമായി പ്രവർത്തിക്കുമ്പോഴാണ് ഒരു ആവാസ വ്യവസ്ഥ രൂപപ്പെടുന്നത്.
ആവാസ വ്യവസ്ഥയെ ആകെ തകിടം മറിച്ച പല ജീവികളും പ്രകൃതിയുടെ 'സിലക്ഷനിൽ' ഇല്ലായ്മ ചെയ്യപ്പെടുന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഭൂമിയുടെ ചരിത്രത്തിലുണ്ടല്ലോ. ഉദാഹരണം ദിനോസോറുകൾ (അവ നശിയ്ക്കാനുള്ള കാരണങ്ങളെക്കുറിച്ച് ഒട്ടേറെ സിദ്ധാന്തങ്ങളുള്ളതിൽ ഒന്ന് ) മനുഷ്യന്റെ പ്രവൃത്തികൾ ഭൂമിയ്ക്കു താങ്ങാവുന്നതിനപ്പുറത്തേയ്ക്കു മാറിക്കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. അതുകൊണ്ടു തന്നെ മഹാമാരികൾ മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകളുടെ പരിണിതഫലം മൂലമുണ്ടാകുന്നുവെന്ന സിദ്ധാന്തത്തിനു പ്രസക്തി ഏറിവരുന്നു. മറ്റനേകം സ്പീഷീസുകൾ ഭൂമുഖത്തില്ലാതാവാൻ മനുഷ്യൻ കാരണമായാൽ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി മനുഷ്യനെ ഭൂമി ഇല്ലായ്മ ചെയ്താൽ അതിൽ അദ്ഭുതപ്പെടാനില്ലല്ലോ. നാമോരോരുത്തരും ഉപയോഗിക്കുന്ന വസ്തുക്കൾക്കായി എത്രമാത്രം പ്രകൃതി ചൂഷണം നാം നടത്തുന്നു ! അതിനു പകരമായി മരങ്ങൾ വച്ചുപിടിപ്പിയ്ക്കുന്നതു പോലെയുള്ള 'തിരിച്ചു കൊടുക്കൽ' ഓരോരുത്തരും നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അവബോധം ഓരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്. ഇതിന് സ്‌കൂൾതലം മുതലുള്ള കുട്ടികൾക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഓരോരുത്തർക്കും നിലനില്‌ക്കാനായി എത്ര പ്രാണവായു ആവശ്യമുണ്ടെന്നുള്ള കാര്യത്തെക്കുറിച്ച് ഇന്ന് കൊവിഡ് ബാധിച്ച് വെന്റിലേറ്ററിൽ കഴിയേണ്ടിവന്ന പലരും പറയുന്നുണ്ട് . പ്രാണവായു വെറുതേ കിട്ടുകയില്ല. അതിനു വൃക്ഷങ്ങൾ ഒരുപാടു പ്രയത്നിക്കേണ്ടതുണ്ട് എന്ന സത്യം നിരന്തരം ഓർമ്മിക്കാൻ നാം വെന്റിലേറ്ററിലെത്തുന്നതുവരെ കാക്കേണ്ടതുണ്ടോ?

പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ കെട്ടി നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ കൊണ്ട് പല പട്ടണങ്ങളും ദുർഗന്ധപൂരിതമാണ്. എങ്കിലും പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കാനുള്ള നമ്മുടെ ശ്രമം തുലോം തുച്ഛമാണ്. കടയിൽ നിന്നുവാങ്ങുന്ന ഓരോ സാധനവും പ്ലാസ്റ്റിക്കിൽ ആവൃതമാണ്. ഒരു സോപ്പോ ഒരു കിലോ ഉപ്പു പൊടിയോ വാങ്ങിയാലും അതെല്ലാം പ്രത്യേകം പ്ലാസ്റ്റിക് പൊതികളിലാണ്. ഓരോ വീട്ടിലും എത്ര പ്ലാസ്റ്റിക് മാലിന്യമാണ് ദിവസവും ഉണ്ടാകുന്നത് !
അൻപതു വർഷം മുൻപ് ഇങ്ങനെയായിരുന്നില്ലല്ലോ. ഉപ്പും മുളകുമൊക്കെ കായസഞ്ചിയിൽ വാങ്ങിക്കൊണ്ടു വന്ന് കൽച്ചട്ടിയിലും പാളപ്പാത്രത്തിലും ഇട്ടുവയ്ക്കുന്നത് എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മയിലുണ്ട്. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുകയും ഇന്നു ജനിക്കുന്ന കുട്ടികൾക്ക് നഷ്ടപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നാം നമ്മുടെ നശീകരണ പ്രവൃത്തികൾ നിർബാധം തുടരും. മഹാമാരിയിൽ ആളുകൾ മരിച്ചു വീഴുമ്പോൾ പോലും നാം ഇതൊന്നും ചർച്ചയാക്കുന്നില്ല. മഹാമാരിയ്ക്ക് അല്പം ശമനം വരുമ്പോഴേക്കും വാരാന്ത്യ വിനോദങ്ങൾക്കായി തടിച്ചു കൂടുന്നതിലും ആയിരം പേർ പങ്കെടുക്കുന്ന വിവാഹം നടത്തുന്നതിനുമാണു നമ്മുടെ വെമ്പൽ. ഭൂമിയിലെ യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കു വ്യക്തമായ അവബോധമുണ്ടാവുകയും അവരതു നിരന്തരം ചർച്ച ചെയ്യുകയും പരിഹാരമാർഗങ്ങൾ തേടുകയും ചെയ്യാത്തിടത്തോളം അപകടം നമ്മുടെ നിഴലായി ഉണ്ടാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MIZHIYORAM, PLASTIC
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.