SignIn
Kerala Kaumudi Online
Thursday, 05 August 2021 10.22 AM IST

ജനവിധി കുറിക്കും ഇവരുടെ തലവിധി

election

തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങുമ്പോൾ ഉദ്വേഗത്തിന്റെയും ആശങ്കയുടെയും ഉച്ചസ്ഥായിയിലാണ് നേതാക്കൾ. വിജയത്തിനും പരാജയത്തിനും മാത്രമല്ല, ഭൂരിപക്ഷത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കു പോലും വലിയ രാഷ്ട്രീയ മാനമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ 13 നേതാക്കൾക്ക് ഈ ഫലം നിർണായകമാണ്.രാഷ്ട്രീയ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്.

പിണറായി വിജയൻ

ഇടതുമുന്നണി തുടർഭരണം നേടിയാൽ അതൊരു ചരിത്ര സംഭവമാകും. 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ചരിത്രത്തിൽ ഓർക്കപ്പെടുന്നത് പോലെ ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചരിത്രത്താളുകളിലിടം നേടും. പിണറായി വിജയന്റെ നായകത്വത്തിന് കിട്ടിയ അംഗീകാരമായി വാഴ്ത്തപ്പെടാം. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ക്യാപ്ടൻ പരിവേഷം പാർട്ടി മുഖപത്രം തന്നെയാണ് പിണറായി വിജയന് ചാർത്തിക്കൊടുത്തത്. വരാൻ പോകുന്നത് പാർട്ടി സമ്മേളനങ്ങളുടെ കാലമായതിനാൽ സി.പി.എമ്മിനകത്ത് പിണറായി വിജയന്റെ അപ്രമാദിത്വം കൂടുതൽ ശക്തമാകും .ഭരണം നഷ്ടപ്പെട്ടാൽ രണ്ട് ടേം നിബന്ധനയുടെ പേരിൽ പരിചയസമ്പന്ന മുഖങ്ങളെയെല്ലാം ഒഴിവാക്കി അവതരിപ്പിച്ച സ്ഥാനാർത്ഥിപട്ടികയുടെ പേരിൽ നേതൃത്വം പഴി കേൾക്കേണ്ടിവരും. പിണറായിക്കെതിരെ അസ്വസ്ഥതകളുയരാം. ആലപ്പുഴയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാകാം.

രമേശ് ചെന്നിത്തല

വലതുമുന്നണി അധികാരത്തിലെത്തിയാൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ അഞ്ച് വർഷത്തെ രമേശ് ചെന്നിത്തലയുടെ പ്രകടനത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെടും. പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ് സർക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയത്.

മികച്ച വിജയമുണ്ടായാൽ ചെന്നിത്തലയ്ക്ക് വിലപേശൽശേഷി കൂടും. ഫലം മറിച്ചായാൽ കടുത്ത തിരിച്ചടിയാകും. പ്രതിപക്ഷനേതാവിന്റെ പരാജയമെന്ന പഴി കേൾക്കും. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഭാവി പ്രയാണത്തിന് പോലും വെല്ലുവിളിയുയരും. പുതിയ പ്രതിപക്ഷനേതാവിനായി മുറവിളി കോൺഗ്രസിലുയരും. പ്രതിപക്ഷനേതാവായി നയിക്കുന്ന നേതാക്കൾ അഞ്ച് വർഷം കഴിഞ്ഞ് മുഖ്യമന്ത്രിമാരാകുന്ന രാഷ്ട്രീയ കാലാവസ്ഥ, ചരിത്രത്തിലാദ്യമായി വഴി തെറ്റുന്നത് രമേശ് ചെന്നിത്തലയുടെ കാലത്തായാൽ അതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

ഉമ്മൻചാണ്ടി

യു.ഡി.എഫ് അധികാരത്തിലേറിയാൽ ഉമ്മൻചാണ്ടിയുടെ കൂടി മികവായി കോൺഗ്രസിനകത്ത് വാഴ്ത്തപ്പെടും. പ്രത്യേകിച്ച് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ യു.ഡി.എഫിനെ ഉയിർത്തെഴുന്നേല്പിച്ചത്, നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ പ്രചരണ മേൽനോട്ടസമിതി അദ്ധ്യക്ഷനായി നിയോഗിച്ചതിനാലാണെന്ന പ്രചാരണം എ ഗ്രൂപ്പ് ശക്തിപ്പെടുത്തും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു ടേം ഉമ്മൻചാണ്ടിക്ക് ലഭിക്കണമെന്ന വാദം എ ഗ്രൂപ്പ് ശക്തമാക്കും. ഫലം അനുകൂലമായില്ലെങ്കിലും ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്ന മുറവിളി കോൺഗ്രസിലുയരാം. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അദ്ദേഹം അതിനെത്രമാത്രം വഴങ്ങുമെന്ന് കണ്ടറിയണം. യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ നിന്ന് പതുക്കെ അദ്ദേഹം പിൻവലിയാൻ തീരുമാനിച്ചാലും അദ്ഭുതപ്പെടേണ്ട. പ്രചാരണമേൽനോട്ട സമിതി അദ്ധ്യക്ഷനായി ഉമ്മൻചാണ്ടി മുന്നിൽ നിന്നിട്ടും വിജയത്തിലേക്കെത്താനായില്ലെങ്കിൽ അതിന് രണ്ടാംനിര നേതൃത്വത്തിൽ നിന്നുള്ള പഴി അദ്ദേഹവും കേൾക്കേണ്ടി വരും.

കെ. സുരേന്ദ്രൻ

നേമത്തിന് പുറമേ കൂടുതൽ സീറ്റുകൾ നേടുകയും വോട്ട് ശതമാനം ഉയർത്തുകയും ചെയ്യുകയെന്നതാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി. ഔദ്യോഗികപക്ഷത്തിന്റെ മേൽക്കോയ്മ പാർട്ടിക്കുള്ളിൽ ഉറപ്പിച്ച് നിറുത്തുന്നതിന് മികച്ച നേട്ടം ബി.ജെ.പിക്ക് അനിവാര്യം. സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയിൽ കെ. സുരേന്ദ്രന്റെ ജനപ്രീതിയിൽ വിശ്വാസമർപ്പിച്ച് കേന്ദ്രനേതൃത്വം രണ്ടിടത്ത് അദ്ദേഹത്തെ മത്സരിപ്പിച്ചു. അത് എന്ത് പ്രയോജനമുണ്ടാക്കിയെന്ന് കേന്ദ്രനേതൃത്വം പരിശോധിച്ചേക്കാം. ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ സംസ്ഥാന പാർട്ടിക്കകത്ത് നിന്ന് തന്നെ സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ കലാപമുയരാം. അല്ലാതെ തന്നെ മുറുമുറുപ്പുകളുയരുമ്പോൾ പ്രത്യേകിച്ചും. നേതൃമാറ്റ ആവശ്യവുമുയർന്നാൽ അദ്ഭുതപ്പെടേണ്ട. നേട്ടമുണ്ടാക്കാനായാൽ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിൽ അജയ്യനായി തുടരും.

എ. വിജയരാഘവൻ

ഇടത് തുടർഭരണമുണ്ടായാൽ എൽ.ഡി.എഫ് കൺവീനറെന്ന നിലയിലും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളെന്ന നിലയിലും വിജയരാഘവന് നേട്ടമാകും. സംസ്ഥാന സി.പി.എം രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് കരുത്ത് കൂടും. പ്രത്യേകിച്ച് സി.പി.എം സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ. തിരിച്ചായാൽ സി.പി.എമ്മിനകത്ത് പുതിയ സെക്രട്ടറിയെച്ചൊല്ലിയടക്കം പുതിയ ചർച്ചകളുയരും. തുടർഭരണമുണ്ടായാലും ഇല്ലെങ്കിലും പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിപദത്തിലേക്ക് തിരിച്ചെത്തുമെന്നും പ്രചാരണമുണ്ട്.

 മുല്ലപ്പള്ളി രാമചന്ദ്രൻ

യു.ഡി.എഫ് ഭരണത്തിലെത്തിയാൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയാവും. മികച്ച സ്ഥാനാർത്ഥി പട്ടിക ഗ്രൂപ്പ് സമ്മർദ്ദങ്ങളെയടക്കം അതിജീവിച്ച് ഹൈക്കമാൻഡ് പിന്തുണയോടെ അംഗീകരിപ്പിച്ചെടുക്കാനായതിന്റെ മിടുക്ക് മുല്ലപ്പള്ളിക്ക് വന്നുചേരും. താഴെത്തട്ടിൽ സംഘടനാ സംവിധാനമില്ലെന്ന പോരായ്മകളെ മറികടന്ന് തിരഞ്ഞെടുപ്പ് വിജയത്തിലേക്കെത്തിക്കും വിധം സംഘടനയെ ചലിപ്പിക്കാനായെന്ന അംഗീകാരം മുല്ലപ്പള്ളിക്ക് ലഭിക്കും. കെ.പി.സി.സി പ്രസിഡന്റ് പദവിയിൽ അദ്ദേഹത്തിന് തത്കാലത്തേക്ക് വെല്ലുവിളികളുയരില്ല. ഫലം മറിച്ചായാൽ, മുല്ലപ്പള്ളിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുക്കാനാകാത്ത പ്രസിഡന്റെന്ന പഴി കേൾക്കേണ്ടി വരും.

ജോസ് കെ.മാണി

കേരള കോൺഗ്രസ്-എമ്മിലെ പിളർപ്പിന് ശേഷം പാർട്ടിയും ചിഹ്നവും അനുവദിച്ചുകിട്ടിയ ജോസ് കെ.മാണിക്ക് ഇടതുമുന്നണിയിൽ ലഭിച്ചത് ഗംഭീര സ്വീകരണമാണ്. സി.പി.എം സിറ്റിംഗ് സീറ്റുകൾ പോലും ജോസിന് വിട്ടുകൊടുക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തയാറായത് മദ്ധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിനുള്ള സ്വാധീനം മനസിലാക്കിയിട്ടാണ്. പതിമൂന്ന് സീറ്റുകൾ വിട്ടുനൽകിയതിൽ കുറ്റ്യാടി സീറ്റ് ജോസ് സി.പി.എമ്മിന് തിരിച്ച് നൽകി. ഇടതുമുന്നണി അർപ്പിക്കുന്ന വർദ്ധിച്ച പ്രതീക്ഷ സഫലമാക്കിക്കൊടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് ജോസിന് മുന്നിൽ. മികച്ച വിജയം അതിനാൽ അനിവാര്യം. പിളർന്ന് പോയ പി.ജെ. ജോസഫ് വിഭാഗത്തേക്കാൾ കരുത്ത് തങ്ങൾക്കാണെന്ന് തെളിയിക്കേണ്ടതും ജോസ് വിഭാഗത്തിന് അഭിമാനപ്രശ്നം. തിരിച്ചടിയുണ്ടായാൽ ജോസിന്റെ നിലനില്പിന് വെല്ലുവിളിയുയരും.

കെ. മുരളീധരൻ

നേമത്ത് അപ്രതീക്ഷിത വെന്നിക്കൊടി പാറിക്കാനായാൽ സംസ്ഥാന കോൺഗ്രസിനകത്ത് കെ. മുരളീധരന്റെ ഗ്രാഫ് കുത്തനേ ഉയരും.യു.ഡി.എഫ് അധികാരത്തിലെത്തുക കൂടി ചെയ്താൽ മുരളീധരന്റെ വിലപേശൽശേഷി ശക്തമാകും. മുരളീധരന് മികച്ച വകുപ്പോടെ മന്ത്രിസഭയിൽ പ്രാതിനിദ്ധ്യം നൽകാതിരിക്കാൻ നേതൃത്വത്തിന് സാധിക്കില്ല. ഹൈക്കമാൻഡ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പിന്തുണ മുരളീധരനുണ്ടാകും. പരാജയപ്പെട്ടാൽ സംഘടനാസംവിധാനത്തിന്റെ പോരായ്മയായി വിശേഷിപ്പിക്കാം.എം.പിയായി തുടരുകയും ചെയ്യാം.പക്ഷെ നേമത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടാൽ മുരളീധരന്റെ ജനകീയ ഇമേജിന് കോട്ടം തട്ടാം.

പി.ജെ. ജോസഫ്

കേരള കോൺഗ്രസ് തർക്കത്തിൽ യു.ഡി.എഫ് അംഗീകരിച്ചത് പി.ജെ. ജോസഫിന്റെ നേതൃത്വത്തെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിലപേശലിനൊടുവിൽ ജോസഫിന് യു.ഡി.എഫ് അനുവദിച്ചത് പത്ത് സീറ്റുകൾ. മാണിഗ്രൂപ്പിലുണ്ടായിരുന്ന മുൻനിര നേതാക്കളിൽ പ്രമുഖർ അദ്ദേഹത്തിനൊപ്പമുണ്ട്. പത്ത് സീറ്റുകളിൽ 5- 6 സീറ്റെങ്കിലും പിടിച്ചെടുക്കാനാവുകയും യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്താൽ ജോസഫിന്റെ കരുത്ത് യു.ഡി.എഫ് നേതൃനിരയിൽ കൂടും. മറിച്ചായാൽ പാർട്ടിക്കും കരുത്ത് ചോരും. മറുഭാഗത്ത് ജോസ് കെ.മാണി മികച്ച നേട്ടമുണ്ടാക്കിയാലും ക്ഷീണമാണ്. ജോസിനേക്കാൾ നേട്ടം ജോസഫിനുണ്ടായാൽ അത് വൻവിജയവും. ജോസിനെ പോലെ ജോസഫിനും അതീവ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്.

പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗിലെ മുൻനിര നേതാവ്. യു.ഡി.എഫ് മന്ത്രിസഭ വന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി ലീഗ് അവകാശവാദമുയർത്താൻ പോകുന്നത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയായിരിക്കും. പാർലമെന്റംഗത്വം രാജിവച്ച് കേരളരാഷ്ട്രീയത്തിൽ അദ്ദേഹം തിരിച്ചെത്തിയത് മുൻനിര പദവികളിൽ നോട്ടമിട്ടാണ്. യു.ഡി.എഫ് വിജയിച്ചാൽ ലീഗിലെ മാത്രമല്ല, യു.ഡി.എഫിനകത്തെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായിരിക്കും കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് വരാതിരിക്കുകയും ലീഗിന് ചെറിയ തിരിച്ചടി സംഭവിക്കുകയും ചെയ്താൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അവിടെയും ചോദ്യം ചെയ്യപ്പെടാം. യു.ഡി.എഫ് പ്രതിപക്ഷത്താവുകയും ലീഗിന്റെ തിളക്കത്തിന് കോട്ടം തട്ടാതിരിക്കുകയും ചെയ്താൽ കുഞ്ഞാലിക്കുട്ടിയാകും നിയമസഭയിലടക്കം നിർണായക ശക്തികേന്ദ്രം.

കെ.കെ. രമ

വടകരയിൽ ആർ.എം.പി സ്ഥാനാർത്ഥിയായി രമ വിജയിച്ചാൽ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന വിജയമായി അത് മാറും. ടി.പി. ചന്ദ്രശേഖരൻ വധം കേരളരാഷ്ട്രീയത്തിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. യു.ഡി.എഫിന്റെ ഘടകകക്ഷിയല്ല ആർ.എം.പി. യു.ഡി.എഫ് പിന്തുണയോടെ വടകരയിൽ രമ മത്സരിക്കുന്നുവെന്ന് മാത്രം. വിജയിച്ചാൽ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായി രമ മാറും.

ലതിക സുഭാഷ്

സ്ഥാനാർത്ഥി പ്രഖ്യാപന ദിവസത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് കോളിളക്കമുണ്ടാക്കിയ മഹിളാ കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷ. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച അവർ പിന്നീട് ഏറ്റുമാനൂരിൽ വിമതസ്ഥാനാർത്ഥിയായി. അവർ പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പ്. ഇപ്പോൾ കോൺഗ്രസിൽ നിന്ന് ലതിക പുറത്താക്കപ്പെട്ടിട്ടുണ്ട്. ഭാവി രാഷ്ട്രീയം പ്രവചനാതീതം.

പി.സി. ജോർജ്

കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ പരിവേഷവുമായി നിൽക്കുന്ന പി.സി. ജോർജിന്, പൂഞ്ഞാറിൽ ഇക്കുറി കാലിടറിയാൽ അത് കനത്ത വീഴ്ചയാകും. എന്നാൽ വീണ്ടും വിജയമുണ്ടായാൽ അത് തിളക്കവുമായിരിക്കും. ആർക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും നേരിയ ഭൂരിപക്ഷത്തിന് ഏതെങ്കിലും മുന്നണി വിജയിക്കുകയും ജോർജ് പൂഞ്ഞാറിൽ വിജയിക്കുകയും ചെയ്താൽ ജോർജിന്റെ നിലപാട് നിർണായകമാകും. മുന്നണികൾക്ക് മുന്നിൽ അദ്ദേഹത്തിന് വിലപേശി നിൽക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, ELECTION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.