SignIn
Kerala Kaumudi Online
Saturday, 31 July 2021 5.58 AM IST

ഇന്നാണ് വിധിദിനം

kkkk

മലപ്പുറം: എക്സിറ്റ് പോളുകളെല്ലാം ഇടതിന് തുടർഭരണം പ്രവചിക്കുമ്പോൾ മലപ്പുറത്തെ മുന്നേറ്റം യു.ഡി.എഫിന് നിർണ്ണായകമാവും. കേവല ഭൂരിപക്ഷവും ഇതിന് അരികെയുമാണ് പല സർവേ ഫലങ്ങളും പ്രവചിക്കുന്നത്. തൂക്ക്മന്ത്രി സഭയ്ക്കുള്ള സാദ്ധ്യതയും വിലയിരുത്തുന്നവരുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തേക്ക് ഇരുമുന്നണികളും നോട്ടമിടുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ മലപ്പുറത്തെ നേട്ടം നിർണ്ണായകമാണ്. മുസ്ലിം ലീഗ് സംസ്ഥാനത്ത് മത്സരിക്കുന്ന സീറ്റുകളിൽ പകുതിയിലധികവും മലപ്പുറത്താണ്. മലപ്പുറത്തെ ഏത് ചലനങ്ങളും ലീഗിനും നിർണ്ണായകമാണ്. ലീഗിന്റെ സമീപകാല ചരിത്രത്തിലെ മികച്ച വിജയമാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

2016ൽ യു.ഡി.എഫിന് സംസ്ഥാന തലത്തിൽ തന്നെ വലിയ തിരിച്ചടി നേരിട്ടപ്പോഴും 16 സീറ്റുകളിൽ പന്ത്രണ്ടും യു.ഡി.എഫ് നേടിയിരുന്നു. അതേസമയം നാല് സീറ്റുകളെന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എൽ.ഡി.എഫും നേടി. ഇടതുകോട്ടകളായ പൊന്നാനിക്കും തവനൂരിനും പുറമെ കോൺഗ്രസിന്റെ കോട്ടയായ നിലമ്പൂരും ലീഗിന്റെ താനൂരും പിടിച്ചടക്കി. ഇത്തവണ എട്ട് സീറ്റുകളിൽ വിജയിക്കുമെന്ന് ഇടതു നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പൊന്നാനിയിലും തവനൂരിലുമാണ് വലിയ വിജയപ്രതീക്ഷ പുലർത്തുന്നത്. ഇതിന് പുറമെ ശക്തമായ മത്സരം അരങ്ങേറിയ താനൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലും എൽ.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു. മലപ്പുറത്ത് കിട്ടുന്നതെന്തും ഇടതിന് ബോണസാണ്.

പെരിന്തൽമണ്ണയിൽ ഒഴികെ മറ്റെല്ലായിടത്തും പരിക്കേൽക്കാതെ രക്ഷപ്പെടുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കഴിഞ്ഞ തവണ 579 വോട്ടിനാണ് ലീഗിന്റെ മഞ്ഞളാംകുഴി അലിയോട് സി.പി.എമ്മിന്റെ വി.ശശികുമാർ പരാജയപ്പെട്ടത്. ഇടതുപക്ഷത്തിന് കാര്യമായ വേരോട്ടമുള്ള മണ്ഡലമാണിത്. പ്രാദേശിക ലീഗ് നേതൃത്വങ്ങൾക്കിടയിലും മുന്നണിക്കുള്ളിലെയും പാലംവലികളിലാണ് നേതൃത്വത്തിന് ആശങ്ക. അതേസമയം പേയ്‌മെന്റ് സീറ്റെന്ന ആരോപണവും സ്ഥാനാർത്ഥികളായി കണ്ടുവച്ചവരെ അവസാനനിമിഷം തഴഞ്ഞതും ഏതുവിധത്തിൽ ബാധിക്കുമെന്നതിൽ ഇടതിനും ആശങ്കയുണ്ട്. 3000 വോട്ടിനുള്ളിലാവും ഭൂരിപക്ഷമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. മങ്കടയിൽ മഞ്ഞളാംകുഴി അലിക്ക് 8,000 വോട്ടുകളെങ്കിലും നേടാനാകുമെന്ന് കണക്കുകൂട്ടുന്നു. ഇടതുപക്ഷം 3000 വോട്ടുകൾക്ക് വിജയവും.


തവനൂർ

സ്ഥാനാർത്ഥികൾ

കെ.ടി.ജലീൽ - ഇടതുസ്വതന്ത്രൻ

ഫിറോസ് കുന്നുംപറമ്പിൽ- കോൺഗ്രസ്

രമേശ് കോട്ടയപ്പുറത്ത് - ബി.ഡി.ജെ.എസ്


2016

വിജയിച്ചത് കെ.ടി.ജലീൽ

ഭൂരിപക്ഷം - 17,0654


നേരിയ മുൻതൂക്കം

തവനൂരില് ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് ഇടതുസ്വതന്ത്രൻ കെ.ടി.ജലീൽരംഗത്തുള്ളത്. മണ്ഡല രൂപവത്കരണം മുതൽ എൽ.ഡി.എഫിന്റെ കൈവശമാണ് തവനൂർ. യു.ഡി.എഫ് സ്ഥാനാത്ഥിയായ ഫിറോസ് കുന്നുംപറമ്പിൽ ശക്തമായ പോരാട്ടമാണ് കാഴ്ച്ചവച്ചത്. നേരിയ മുൻതൂക്കം കെ.ടി.ജലീലിന് പ്രവചിക്കുന്നുണ്ട്.


താനൂർ

സ്ഥാനാർത്ഥികൾ

വി.അബ്ദുറഹ്മാൻ - ഇടതുസ്വതന്ത്രൻ

പി.കെ.ഫിറോസ് - മുസ്ലിം ലീഗ്

കെ.നാരായണൻ - ബി.ജെ.പി


2016

വിജയിച്ചത് - വി.അബ്ദുറഹിമാൻ

ഭൂരിപക്ഷം - 4,918

മണ്ഡല രൂപവത്കരണം മുതൽ ലീഗിനൊപ്പം. 2016ൽ അട്ടിമറിയിലൂടെ ഇടതുസ്വതന്ത്രനായ വി.അബ്ദുറഹിമാന് വിജയമേകിയ മണ്ണ്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും വീണ്ടും ലീഗിനൊപ്പം. ഇടതിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണത്തിലെ സ്റ്റാറായ വി.അബ്ദുറഹ്മാൻ അട്ടിമറി വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങൾ. യൂത്ത് ലീഗിന്റെ മുഖമായ പി.കെ.ഫിറോസ് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. യു.ഡി.എഫിന് മുൻതൂക്കമെന്ന വിലയിരുത്തലിന്റെ നിജസ്ഥിതി അറിയാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം.

തിരൂരങ്ങാടി

സ്ഥാനാർത്ഥികൾ

കെ.പി.എ മജീദ് - മുസ്ലിം ലീഗ്

നിയാസ് പുളിക്കലകത്ത് - ഇടതുസ്വതന്ത്രൻ

കള്ളിയത്ത് സത്താർ ഹാജി - ബി.ജെ.പി

2016

വിജയിച്ചത് - പി.കെ.അബ്ദുറബ്ബ് ( ലീഗ്)

ഭൂരിപക്ഷം - 6,043


പരമ്പരാഗത ലീഗ് മണ്ഡലം. യു.ഡി.എഫിനായി കെ.പി.എ മജീദ് രംഗത്തിറങ്ങിയതോടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പിൻവലിച്ച് കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിക്കലകത്തിനെ ഇടതുസ്ഥാനാർത്ഥിയായി നിയോഗിച്ചു. ലീഗിലെ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പി.എം.എ സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും നൽകി. ഇതിന്റെ എല്ലാം ഫലപ്രാപ്തി കൂടി ആശ്രയിച്ചാവും നിയാസ് പുളിക്കലകത്തിന്റെ മുന്നേറ്റം. പ്രചാരണങ്ങളിൽ ഇരുകൂട്ടരും കട്ടയ്ക്ക് പിടിച്ചുനിന്നിട്ടുണ്ട്.

മങ്കട

സ്ഥാനാർത്ഥികൾ

മഞ്ഞളാംകുഴി അലി - മുസ്ലിം ലീഗ്

ടി.കെ.റഷീദലി - സി.പി.എം

സജേഷ് എലായിൽ - ബി.ജെ.പി


2016

വിജയിച്ചത് - ടി.എ.അഹമ്മദ് കബീർ ( ലീഗ്)

ഭൂരിപക്ഷം - 1,508

2016ൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിന് മണ്ഡലം കൈവിട്ടത്. പെരിന്തൽമണ്ണ കഴിഞ്ഞാൽ ലീഗിന് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച മണ്ഡലം. യു.ഡി.എഫിലും എൽ.ഡി.എഫിലും ഒരുപോലെ പ്രാദേശിക പ്രശ്‌നങ്ങൾ മങ്കടയിലുണ്ട്. ചെറിയ അടിയൊഴുക്കുകൾ പോലും വിജയപരാജയങ്ങളെ സ്വാധീനിക്കും. പ്രചാരണത്തിൽ ഇരുമുന്നണികളും ഒരുപോലെ മുന്നേറ്റം കാഴ്ച്ച വച്ചിട്ടുണ്ട്. 8,000 വോട്ടുകൾക്ക് യു.ഡി.എഫും 3,000 വോട്ടുകൾക്ക് എൽ.ഡി.എഫും വിജയം പ്രതീക്ഷിക്കുന്നു.

നിലമ്പൂർ

സ്ഥാനാർത്ഥികൾ

വി.വി.പ്രകാശ് - കോൺഗ്രസ്

പി.വി.അൻവർ - ഇടതുസ്വതന്ത്രൻ

അഡ്വ.ടി.കെ.അശോക് കുമാർ - ബി.ജെ.പി


2016

വിജയിച്ചത് - പി.വി.അൻവർ (ഇടതുസ്വതന്ത്രൻ)

ഭൂരിപക്ഷം - 11,504.


യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശിൻറെ ആകസ്മിക മരണം നിലമ്പൂരിലെ പോരാട്ടത്തിന് നിറം കെടുത്തിയിട്ടുണ്ട്. ജില്ലയിൽ അതിശക്തമായ മത്സരം അരങ്ങേറിയ മണ്ഡലമാണിത്. എക്‌സിറ്റ് പോളുകളിൽ പ്രവചിക്കപ്പെട്ടത് പോലെ നിലമ്പൂരിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചാൽ മറ്റൊരു തിരഞ്ഞെടുപ്പിന് മണ്ഡലം സാക്ഷിയാകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COUNTING
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.