SignIn
Kerala Kaumudi Online
Wednesday, 22 September 2021 8.49 AM IST

പ്രവചനം രണ്ടാം തരംഗം

varavisesham

അവസാനത്തെ മണിക്കൂറാണ്. ഈ ഘട്ടത്തിൽ ഒരു പോസ്റ്റ് പോൾ പ്രവചനം ഔചിത്യത്തോടെയായിരിക്കില്ല എന്നറിയാം. എങ്കിലും നാടോടുമ്പോൾ നടുവേ ഓടാതിരിക്കുന്നതെങ്ങനെയാണ്? ചേരയെ തിന്നുന്ന നാട്ടിൽ നടുക്കണ്ടം തന്നെ തിന്നണമെന്ന പ്രമാണത്തിൽ വിശ്വസിക്കുന്നതിനാൽ രണ്ടും കല്പിച്ചൊരു പോസ്റ്റ് പോൾ സർവേയിലേക്ക് ധൈര്യസമേതം കടക്കുകയുണ്ടായി. അതിലെ ഫലങ്ങൾ അതേപടി പുറത്തുവിടുന്നത് ശരിയല്ല. മറ്റ് സിൻഡിക്കേറ്റുകൾ പ്രവചിച്ചത് മാതിരിയുള്ള സർവേ അല്ല ഉദ്ദേശിച്ചിരുന്നത്. അതായത്, മറ്റ് സിൻഡിക്കേറ്റുകൾ പ്രവചിച്ചിരിക്കുന്നത് പിണറായി സഖാവ് ആൻഡ് കോ.യ്ക്ക് തുടർഭരണം കിട്ടുമെന്നും ചെന്നിത്തല ഗാന്ധി രമേശ്ജി പതിനാല് സംവത്സരം വനവാസത്തിന് അയക്കപ്പെടുമെന്നുമാണല്ലോ. അത്തരം ക്രൂരമായ പ്രവചനങ്ങളിലേക്കൊന്നും കടക്കാനുദ്ദേശിച്ചിരുന്നില്ല. അങ്ങനെ നടത്തിയിട്ടുമില്ല. സർവേ ഫലമനുസരിച്ചുള്ള ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുക മാത്രമാണ് ഇത്തരുണത്തിൽ ചെയ്യാനുദ്ദേശിക്കുന്നത്.

പ്രവചനത്തിനായി സർവേ ആരംഭിച്ചപ്പോൾ തന്നെ ബോദ്ധ്യമായ ചില സത്യങ്ങളുണ്ടായിരുന്നു. അത് അത്യാവശ്യം ചില വെന്റിലേറ്ററുകളുടെ അഭാവമായിരുന്നു. കാഷ്വാലിറ്റികൾ ഏത് സമയത്തും സംഭവിക്കാം. സമീപ ദിവസങ്ങളിലായി പിണറായി സഖാവ് പറഞ്ഞതും ഇവിടത്തെ സർവേയിൽ കണ്ടെത്തിയതും തമ്മിൽ എവിടെയോ എന്തോ ഒരു ചേർച്ച പോലെ തോന്നുകയുണ്ടായി. സഖാവ് പറഞ്ഞത് ക്രഷ് ദ കർവ് പരിപാടി ആസൂത്രണം ചെയ്തുവരികയാണ് എന്നാണ്. കൊറോണയെ പിടിച്ചുകെട്ടാൻ ക്രഷ് ദ കർവ് എന്നാണ് സഖാവ് ഉദ്ദേശിച്ചതെങ്കിലും ആ പറഞ്ഞ അതേ മുഹൂർത്തത്തിൽ കന്റോൺമെന്റ് ഹൗസിൽ നിന്ന് ഒരേമ്പക്കം ഉയർന്നുവരികയുണ്ടായി. എന്നെയാണ്, എന്നെ മാത്രമുദ്ദേശിച്ചാണ് എന്നോ മറ്റോ ആ ഹൗസിനകത്ത് നിന്ന് ആരെങ്കിലും ചിന്തിച്ചോയെന്നറിയില്ല. യഥാർത്ഥത്തിൽ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. വളവ് നേരെയാക്കാൻ വരുന്ന പിണറായി സഖാവിനെ കണ്ടം വഴി ഓടിക്കാമെന്ന് ഇന്ന് രാവിലെ ഒരു പത്ത് - പതിനൊന്ന് മണി വരെയൊക്കെ ചിന്തിക്കാൻ ആർക്കും അവകാശമുള്ളതാണ്. ചിലപ്പോൾ അങ്ങനെ ഓടിക്കാനായെങ്കിൽ ആ ചിന്തിച്ചത് സത്യമാകുകയും ചെയ്തല്ലോ?

സർവേ ഫലത്തിലെ കണ്ടെത്തലുകളനുസരിച്ചുള്ള നിർദ്ദേശങ്ങൾ ഇവിടെ മുന്നോട്ട് വയ്ക്കട്ടെ. വോട്ടെണ്ണൽ ദിവസമായ ഇന്ന് രാവിലെ പത്ത് മണിയോടെ തന്നെ ചില പ്രധാന ജംഗ്ഷനുകളിൽ 108 ആംബുലൻസുകൾ സജ്ജമാക്കി വയ്ക്കേണ്ടതാണ്. കന്റോൺമെന്റ് ഹൗസിന് പരിസരത്തും ഇന്ദിരാഭവന് ചുറ്റിലും നന്തൻകോട്ടെ ദേവസ്വംബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ്ഹൗസിലേക്ക് തിരിയുന്നിടത്തും ഏകെജി സെന്റർ പരിസരത്തും തൈക്കാട് പൊലീസ് മൈതാന പരിസരത്തുമൊക്കെ ആയാൽ നന്ന്. എവിടെ നിന്നാണ് ആദ്യം വിളി വരുന്നത് എന്ന് നിശ്ചയമില്ലല്ലോ. എവിടെ നിന്നും വരാം. ഈ ജംഗ്ഷനുകളുടെ പരിസരങ്ങളിലായുള്ള ചില പ്രധാന കെട്ടിടങ്ങളിൽ ( ആ കെട്ടിടങ്ങളുടെ പേർവിവരങ്ങൾ രഹസ്യമായി അതത് ആളുകളെ അറിയിക്കുന്നതാണ്) അത്യാവശ്യത്തിന് വെന്റിലേറ്ററുകൾ സജ്ജമായിരിക്കണം.

തൈക്കാട് പരിസരത്തെ മാരാർജി ഭവനോട് ചേർന്ന് ഏതാനും ഗോമാതാക്കളെ കൂടി സജ്ജമാക്കുന്നത് നന്നായിരിക്കും. അത്യാവശ്യത്തിന് ഓക്സിജൻ നിർമ്മാണം അടിയന്തരഘട്ടത്തിൽ അവിടെ നിന്ന് തന്നെ സാദ്ധ്യമാക്കാനാണിത്. നേമത്ത് താമര വിരിഞ്ഞില്ലെങ്കിൽ പാടാനായി, 'തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ...' എന്ന പാട്ടിലെ വരികൾ സി.ഡിയിലാക്കി 108 ആംബുലൻസിൽ ഇവിടെ കരുതി വയ്ക്കേണ്ടതാണ്. ഇനി നേമത്ത് താമര വിരിഞ്ഞാൽ അതിന്റെ ആവശ്യം വരില്ല. അപ്പോൾ മുരളീധർജിക്കും ശിവൻകുട്ടിയണ്ണൈക്കും പാടാനായി 'വികാര നൗകയുമായ്...' എന്ന ശോകഗാനത്തിന്റെ സി.ഡി പ്രത്യേകം തയാറാക്കി ഇന്ദിരാഭവൻ പരിസരത്തും മേട്ടുക്കടയിലെ കാട്ടായിക്കോണം ശ്രീധർ മന്ദിരത്തിന് പരിസരത്തുമായി വയ്ക്കണം.

ഉച്ചയ്ക്ക് 12 മണിയോടെ ചില വിതുമ്പലുകൾ ചില കേന്ദ്രങ്ങളിൽ നിന്നുയർന്നേക്കും. ചിലത് പൊട്ടിക്കരച്ചിലായി മാറാനും മതി. അതെവിടെ നിന്നാണ് ഉയരുക എന്ന് പ്രത്യേകമായി കണ്ടെത്താൻ സർവേയ്ക്ക് സാധിച്ചിട്ടില്ല. ചില സൂചനകളൊക്കെ ഉണ്ട്. സർവേയിൽ ആ സൂചനകൾ കൃത്യമായി പ്രകടമാണ്. ഈ ഇരുപത്തിമൂന്നാമത്തെ മണിക്കൂറിൽ ആ സൂചനകൾ പുറത്തുവിടുന്നത് ഒട്ടും ആശാസ്യമല്ല. നമ്മളായിട്ട് എന്തെങ്കിലും ഹൃദയഭേദകമായ രംഗങ്ങൾക്ക് വഴിയൊരുക്കുന്നത് ഒട്ടും ശരിയാവില്ല. കൊവിഡിന്റെ രണ്ടാംവരവാണെങ്കിൽ അതി തീവ്രമാണെന്നാണ് പിണറായി സഖാവ് എപ്പോഴും മുന്നറിയിപ്പ് തന്നുകൊണ്ടിരിക്കുന്നത്. പ്രവചനം രണ്ടാംതരംഗത്തിന്റെ കാര്യം പിന്നെ പറയാനില്ല. വലിയ മ്യൂട്ടേഷനാണ് സംഭവിക്കാൻ പോകുന്നതെന്നാണ് വിദഗ്ദ്ധർ പ്രകടിപ്പിക്കുന്ന ആശങ്ക. അതിനാൽ ജാഗ്രതൈ!

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.