SignIn
Kerala Kaumudi Online
Friday, 19 April 2024 12.33 PM IST

ആദത്തിന് ശേഷം ലോകത്തിലേറ്റവും വലിയ ഏകാകി

michael-collins

ബൈബിളിൽ പറയുന്നുണ്ട് ദൈവമാണ് ഭൂമിയും ആകാശവും സൃഷ്ടിച്ചതെന്ന്. വായുവും വെളിച്ചവും ജലവും മരങ്ങളും ജീവജാലങ്ങളുമൊക്കെ സൃഷ്ടിച്ച ദൈവം ആറാം നാൾ നിലത്തെ പൊടിയിൽ നിന്ന് മനുഷ്യനെ ഉണ്ടാക്കി. സ്വന്തം ശ്വാസമൂതി അവന് ജീവൻ കൊടുത്തു. അവന്റെ പേര് ആദം! പിന്നീട് ദൈവം ആദത്തിന്റെ വാരിയെല്ലിൽ നിന്ന് ഹവ്വയെന്ന സ്ത്രീയെ ഉണ്ടാക്കുന്നതുവരെ ഭൂമിയിൽ ആദം ഏകനായിരുന്നു. അവനോളം ഏകാകിയും ഒറ്റപ്പെട്ടുപോയവനും മറ്റാരുമില്ല. ആദത്തിന് ശേഷം ഭൂമിയിലേറ്റവും ഒറ്റപ്പെട്ട്, ഏകാന്തത അനുഭവിച്ച മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്നത് മൈക്കൽ കോളിൻസാണ്. കഴിഞ്ഞ ദിവസം അന്തരിച്ച അമേരിക്കൻ ബഹിരാകാശ സഞ്ചാരി..

ഏകാന്തതയുടെ അപാരതീരങ്ങളിൽ

മൈക്കൽ കോളിൻസ് തന്റെ ആത്മകഥയായ കാരിയിംഗ് ദ ഫയറിൽ സ്വയം വിശേഷിപ്പിച്ചത് ലോകത്തേറ്റവും ഏകാന്തത അനുഭവിച്ച മനുഷ്യനെന്നാണ്. അത് ശരിയാണെന്ന് ലോകം കണ്ടെത്തി. ബഹിരാകാശ പേടകത്തിൽ ഒറ്റയ്ക്ക്​ ഒരാൾ. ഒന്ന്​ ആലോചിച്ചാൽ മതിയാകും ആ ഏകാന്തത എത്രത്തോളമായിരുന്നെന്ന് മനസിലാക്കാൻ. മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു നാസയുടെ അപ്പോളോ 11. 1969 ജൂലായ് 16ന് ഫ്ളോറിഡയിൽ നിന്നാണ്​ പേടകം വിക്ഷേപിക്കപ്പെട്ടത്​. യാത്രികരായി ഉണ്ടായിരുന്നത്​ നീൽ ആംസ്ട്രോങ്​, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ​. ജൂലായ് 20 ന് ആംസ്ട്രോങ്​, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിട്ടും അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ്​ ചന്ദ്രനെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. ചന്ദ്രന്റെ ഇരുണ്ടഭാഗത്ത് വച്ച് പലതവണ ഭൂമിയിലെ കൺട്രോൾ റൂമുമായുള്ള ബന്ധം മുറിഞ്ഞു പോയിരുന്നു. ആസമയത്ത് അദ്ദേഹം അനുഭവിച്ച ഏകാന്തത അവർണനീയമാണ്. 22 മണിക്കൂറോളം ഒറ്റയ്ക്ക് ചന്ദ്രനെ വലംവച്ചതിനാലാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ച മനുഷ്യൻ എന്ന വിശേഷണം കോളിൻസിന് ലഭിച്ചത്. ആ മണിക്കൂറുകളിൽ കോളിൻസ് ഒരു കുട്ടിയുടെ കൗതുകത്തോടെ ചന്ദ്രനെയും ഭൂമിയെയും മാറിമാറി നോക്കുകയായിരുന്നു. ചന്ദ്രനെക്കാൾ അവിസ്മരണീയം ഭൂമിയുടെ ദൃശ്യമാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ കണ്ട ഭൂമിയുടെ കാഴ്ച തികച്ചും മനോഹരമായിരുന്നുവെന്നാണ് അദ്ദേഹം എഴുതിയത്.

ലോകം വിസ്‌മരിച്ച പ്രതിഭ

മാനവരാശിയുടെ ഏറ്റവും വലിയ ബഹിരാകാശ നേട്ടത്തിലെ നായകനാണെങ്കിലും മൈക്കൽ കോളിൻസ് ലോകം 'വിസ്മരിച്ച പ്രതിഭ' എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പോളോ 11 ദൗത്യത്തിന്റെ മാതൃ പേടകമായ (കമാൻഡ് മൊഡ്യൂൾ)​ കൊളംബിയയുടെ ക്യാപ്റ്റനായിരുന്നു കോളിൻസ്. പക്ഷേ, ലോകം ആഘോഷിച്ചത് ചന്ദ്രനിൽ ആദ്യം കാൽകുത്തിയ നീൽ ആംസ്‌ട്രോങ്ങിനെയും പിന്നാലെ ഇറങ്ങിയ എഡ്വിൻ ആൽഡ്രിനെയും ആണ്. ആംസ്ട്രോങ്ങും ആൽഡ്രിനും കയറിയ ഈഗിൾ എന്ന ലൂണാർ മൊഡ്യൂൾ കോളിൻസ് നിയന്ത്രിച്ച കമാൻഡ് മൊഡ്യൂളിൽ നിന്ന് വേർപെട്ടാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്. ആൽഡ്രിനായിരുന്നു ഈഗിൾ പൈലറ്റ്. ആംസ്ട്രോങ്ങ് മിഷൻ കമാൻഡറും. ആംസ്ട്രോംങും ആൽഡ്രിനും നാസയുടെ ഗ്രൗണ്ട് കൺട്രോളുമായി ബന്ധപ്പെട്ടിരുന്നത് കോളിൻസ് മുഖേനയായിരുന്നു. ലൂണാർ മൊഡ്യൂളിന് അപകടം പറ്റിയാൽ രക്ഷകനാകേണ്ടത് അദ്ദേഹമായിരുന്നു. അതുപോലെ ചന്ദ്രനിലെ ദൗത്യം പൂർത്തിയാക്കി ആംസ്ട്രോങ്ങും ആൽഡ്രിനും ഈഗിളിൽ പറന്നുയർന്ന് തിരികെ കമാൻഡ് മൊഡ്യൂളിൽ സന്ധിക്കുന്ന ഡോക്കിംഗ് പ്രക്രിയ അതീവ സമർത്ഥമായാണ് കോളിൻസ് നിറവേറ്റിയത്. തുടർന്ന് ഇരുവരെയും കമാൻഡ് മൊഡ്യൂളിൽ കയറ്റി ഈഗിളിനെ വേർപെടുത്തി ഉപേക്ഷിച്ച ശേഷം സുരക്ഷിതമായി ഭൂമിയിൽ എത്തി. അത്ര വലിയ ഉത്തരവാദിത്തം അതീവ സുരക്ഷിതമായി കോളിൻസ് നിർവഹിച്ചു. എന്നാൽ ചന്ദ്രനിൽ ഇറങ്ങാത്തത്കൊണ്ട് മാത്രം മറ്റു രണ്ടു പേരെ പോലെയുള്ള പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ 'ചരിത്രം വിസ്മരിച്ച പ്രതിഭ"യെന്ന് വിശേഷിപ്പിച്ചത്.

ജീവിത രേഖ

ജനനം - ഒക്ടോബർ 31 ,1930 ഇറ്റലിയിലെ റോമിൽ.

 പിതാവ് - ആർമി ഉദ്യോഗസ്ഥനായിരുന്ന ജയിംസ് ലോട്ടൻ കോളിൻസ്.

 പഠനം- സെന്റ് ആൽബർട്ട് സ്കൂൾ,​ യു.എസ് മിലിട്ടറി അക്കാഡമി.

 1952 ൽ സൈനിക ശാസ്ത്രത്തിൽ ബിരുദം.

 1952 ആഗസ്റ്റിൽ കൊളംബസ് എയർഫോഴ്സ് ബേസിൽ പൈലറ്റ് പരിശീലനം ആരംഭിച്ചു.

 1954 ജനുവരിയിൽ കാലിഫോർണിയയിലെ ജോർജ്ജ് എയർഫോഴ്സ് ബേസിൽ പ്രവേശനം.

 1954 ഡിസംബറിൽ ഫ്രാൻസിലെ എയർ ബേസിലേക്ക്.

 1963 ഒക്ടോബർ 14 നാസയിലേക്ക്.

 1966 ജൂലായ് 18 ആദ്യ ബഹിരാകാശ ദൗത്യം ജെമിനി 10.

 1969 ജൂലായ് 20 ന് അപ്പോളോ 11 ദൗത്യം.

 1970 നാസയിൽ നിന്ന് വിരമിച്ചു.

 1974 'കാരിയിംഗ് ദ ഫയർ' എന്ന ആത്മകഥയെഴുതി.

 2021 ഏപ്രിൽ 28, ഫ്ലോറിഡയിൽ അവസാന ശ്വാസമെടുത്തു

ബഹുമതികൾ

ബഹിരാകാശത്ത് നടന്ന നാലാമത്തെ വ്യക്തി,

ഒന്നിലേറെത്തവണ ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ,

ഒറ്റയ്ക്ക് ചന്ദ്രനെ വലം വച്ച രണ്ടാമത്തെ വ്യക്തി

പുരസ്‌കാരങ്ങൾ

മെഡൽ ഓഫ് ഫ്രീഡം, വ്യോമസേനയുടെ വിശിഷ്ട സേവാ മെഡൽ

'എന്റെ നേട്ടങ്ങളിൽ ഞാൻ സംതൃപ്തനാണ്. ഏറ്റവും മികച്ച ദൗത്യം എന്റേതാണെന്ന വാദം എനിക്കില്ല. ഏൽപ്പിച്ച ദൗത്യം നന്നായി ചെയ്യാനായി എന്നു വിശ്വസിക്കുന്നു. കമാൻഡിംഗ് പൈലറ്റ് ആവാൻ തന്നെയായിരുന്നു ആഗ്രഹം.' -

മൈക്കൽ കോളിൻസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS SCAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.