SignIn
Kerala Kaumudi Online
Friday, 19 April 2024 5.58 AM IST

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് ഞങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ്': ഈ വാക്കുകൾക്ക് ഇനി എന്താണ് പ്രസക്തി, ചെന്നിത്തലയ‌്ക്ക് പിഴച്ചതെവിടെ?

ramesh-chennithala

ഇടത് തരംഗത്തിൽ തകർന്നടിഞ്ഞു കഴിഞ്ഞു കേരളത്തിൽ കോൺഗ്രസ് പാർട്ടി. തലമുതിർന്നവർക്കും, ഇളമുറക്കാർക്കും ഒരുപോലെ അടിതെറ്റി. കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷനേതാവ് എന്ന ബഹുമതി നേടിയിട്ടും എന്തുകൊണ്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘത്തിന് ഭരണം തിരിച്ചു പിടിക്കാൻ ആയില്ല? ചെന്നിത്തല ഉന്നയിച്ച ഓരോ ആരോപണവും പിണറായി സർക്കാരിനെ പിടിച്ചുലക്കുന്നത് തന്നെയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ജയിച്ചു കയറാൻ കോൺഗ്രസിന് കഴിഞ്ഞില്ല? ഒറ്റവാക്കിൽ പറയാവുന്നതല്ല ഉത്തരം.

നേതാവായിട്ടും ജേതാവാകാൻ കഴിഞ്ഞില്ല

ആമുഖത്തിൽ പറഞ്ഞതുപോലെ പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ തീർത്ത് ചുറ്റിവരിഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് എന്ന തന്റെ കർമ്മം അതിമനോഹരമായി തന്നെ രമേശ് ചെന്നിത്തല ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലവും വിനിയോഗിച്ചു. 1982ലെ കെ കരുണാകരൻ മന്ത്രി സഭയിൽ അംഗമായി തുടങ്ങി പാർട്ടിയിൽ അവരോധിക്കപ്പെടാൻ ഇനി പദവികളൊന്നും ഇല്ലെന്ന റെക്കോഡ് ചെന്നിത്തലക്ക് മാത്രം സ്വന്തമാണ്. കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ മംമ്‌ത ബാനർജിയെ പോലും സ്‌റ്റേറ്റ് പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവന്നത് രമേശ് ആണെന്ന് എത്രപേർക്ക് അറിയാം. ആ രാഷ്‌ട്രീയ ചരിത്രമുണ്ടായിട്ടും നേതാവാകാനല്ലാതെ ജേതാവാകാൻ കഴിയാത്തത് ചെന്നിത്തലയുടെ ചില ദൗർബല്യങ്ങൾ കൊണ്ടുതന്നെയാണ്.

നായർ എന്ന ചങ്ങലയിൽ തളയ‌്ക്കപ്പെട്ട നേതാവ്

ഒരു ജാതിയുടെ പേരിൽ ഇത്രയധികം ബ്രാൻഡ് ചെയ്യപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല. ഒരുപരിധിവരെ അതിന് കാരണക്കാരൻ ചെന്നിത്തല തന്നെയാണ്. സമുദായ സംഘടനയുടെ ആനുകൂല്യങ്ങൾ എല്ലാക്കാലവും കൈപ്പറ്റുവാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് അറിഞ്ഞോ അറിയാതെയോ അദ്ദേഹം നായർ ബ്രാൻഡ് ആയി മാറിയതും. മറ്റു സമുദായങ്ങളെ ഈ ഘടകം ചെന്നിത്തലയിൽ നിന്നും അകറ്റി. പിണറായി വിജയൻ നേതൃത്വം നൽകുന്ന മുന്നണിയെ ഫലപ്രദമായി പ്രതിരോധിക്കാൻ ചെന്നിത്തലയ‌ക്ക് കഴിയാതെ പോയതും ഇതുകൊണ്ടുതന്നെ.

ഉയർത്തിയതെല്ലാം ഉണ്ടയുള്ള വെടികളെങ്കിലും ഒന്നും ഏറ്റില്ല

ബ്രൂവറി, സ്പിൻഗ്ളർ, മാർക്ക് ദാന വിവാദം, പിൻവാതിൽ നിയമനം, ലൈഫ് മിഷൻ, പമ്പ ത്രിവേണി മണൽ വിവാദം, ഇരട്ടവോട്ട് വിവാദം, ആഴക്കടൽ മത്സ്യ ബന്ധനം എന്നിങ്ങനെ ചെന്നിത്തല ഉയർത്തിയതെല്ലാം ഗുരുതര ആരോപണങ്ങൾ തന്നെയായിരുന്നു. ഒന്നൊഴിയാതെ പിണറായി സർക്കാരിനെ അവയെല്ലാം തിരുത്തേണ്ടിയും വന്നു. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിൽ അതൊന്നും ഏശിയില്ല. അതിന് കാരണങ്ങളായി നിരവധി ഘടകങ്ങൾ നിരത്താം. സാധാരണ ജനത്തെ ബാധിക്കുന്നതാണെങ്കിലും ആ ബോധ്യം അവരിൽ ഉണർത്താൻ കഴിയുന്നതായിരുന്നില്ല പ്രതിപക്ഷ നേതാവിന്റെ ഓരോ ആരോപണവും. കിറ്റും പെൻഷനും മറികടന്നതും ഈ ബോധ്യത്തെയാണ്.

ഒറ്റയാൾ പട്ടാളമായിട്ട് എന്തു കാര്യം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയും ഒറ്റയാൾ പോരാട്ടമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിക്കാം. മുന്നണിയിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച പിന്തുണ അത്രയേറെ ദുർബലമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ആഘാതമാണ് ലാസ്‌റ്റ് മിനുട്ടിൽ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാൻ ഹൈക്കാമാൻഡിനെ പ്രേരിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ക്യാപ്‌ടൻ ഇമേജിൽ ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത ശക്തിയായി പിണറായി വിജയൻ വളർന്നുവെന്ന് വൈകിയാണ് കോൺഗ്രസ് നേതാക്കൾക്ക് മനസിലായത്.

നെഗറ്റീവ് ആയിരുന്നു കൂടുതൽ സമ്പാദിച്ചത്

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരള ജനത അനുഭവിച്ച ദുരന്തങ്ങൾക്ക് കണക്കില്ല. ഓഖി, രണ്ട് പ്രളയങ്ങൾ, നിപ്പ, ഒടുവിൽ കൊവിഡ് മഹാവ്യാധി. എന്നാൽ ഇക്കാലങ്ങളിൽ സ്വീകരിച്ച സാന്തവന നടപടികളാണ് പിണറായി സർക്കാരിന്റെ തുടർഭരണത്തിന് കാരണമായതെന്ന് നിസംശയം പറയാം. അതോടൊപ്പം പ്രതിപക്ഷ നേതാവ് അറിഞ്ഞോ അറിയാതെയോ ജനവിദ്വേഷം വരുത്തിവയ‌ക്കുകയും ചെയ‌്തു. ലോക്ക് ഡൗൺകാലത്ത് കൃത്യമായ ഇടവേളകളിൽ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും നടത്തിയിരുന്ന പത്ര സമ്മേളനങ്ങൾ ചെന്നിത്തല നിശിതമായി വിമർശിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയ‌്ക്ക് മീഡിയ മാനിയ ആണെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ഇത് ഏറെ വിവാദങ്ങൾക്ക് വഴി തുറന്നു. സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളന്മാർക്ക് ചെന്നിത്തല പലപ്പോഴും വിരുന്നായി മാറുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA, UDF, KERALA ELECTION, WHAT HAPPEND CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.