SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.00 AM IST

വിജയത്തിനവകാശികൾ ജനം: പിണറായി

pinarayi

കണ്ണൂർ:ഇടതു വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷം എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരിന് അവർ നൽകിയ മികച്ച പിന്തുണ ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും തീവ്ര വർഗീയ അജൻഡകൾക്കുമെതിരായി ബദൽ രാഷ്ട്രീയ നയം ഉയർത്തിപ്പിടിക്കാൻ ഈ വിജയം സഹായിക്കും. യു.ഡി.എഫും ബി.ജെ.പിയും അക്രമ സമരങ്ങളിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും ഈ ഗവൺമെന്റിനെ അട്ടിമറിക്കാനാണ് കഴിഞ്ഞ 5 വർഷവും പരിശ്രമിച്ചത്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാദ്ധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നൽകി.

വോട്ട് ചെയ്ത ശേഷം ഒരു സമുദായ നേതാവ് ഈ സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞാൽ ജനം കേൾക്കുമോ? ചില സാമുദായിക സംഘടനകൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു. വൻതോതിൽ കുഴൽപ്പണം കടത്തിയും വ്യാജ സംഘർഷങ്ങൾ സംഘടിപ്പിച്ചും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഇടതു വിരുദ്ധ ശക്തികൾ പരിശ്രമിച്ചു. ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെയാകെ കേരള സർക്കാരിനെ അട്ടിമറിക്കാൻ നിയോഗിച്ചു.

യു.ഡി.എഫ് പിന്തുണയോടുകൂടി 5 വർഷം മുമ്പ് ബി.ജെ.പി തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ കേരള ജനത ക്ലോസ് ചെയ്തു. ബി.ജെ.പിയുടെ വർഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. നരേന്ദ്ര മോദി- അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചാരണം വിലപ്പോയില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പിളക്കിയ ബി.ജെ.പിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചിട്ടും സ്വാധീനം വർദ്ധിപ്പിക്കാനായില്ല. ബി.ജെ.പിക്ക് വളരാൻ കഴിയുന്ന മണ്ണല്ല കേരളമെന്ന് ജനം തെളിയിച്ചു.

സത്യപ്രതിജ്ഞ കൂടിയാലോചനയ്ക്ക് ശേഷം

സർക്കാരിന്റെ സത്യപ്രതിജ്ഞ കൂടിയാലോചനകൾക്ക് ശേഷം മാത്രമേയുണ്ടാകൂ. ചില മാദ്ധ്യമങ്ങൾ എഴുതിയതു പോലെ നാളെ തന്നെയുണ്ടാകില്ല. ഒാരോ ഘടകകക്ഷിക്കും അവരുടെ കമ്മിറ്റികൾ ചേരേണ്ടതുണ്ട്. അതിനു ശേഷമേ മന്ത്രിമാരെയും മറ്റും തീരുമാനിക്കുകയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.