SignIn
Kerala Kaumudi Online
Thursday, 25 April 2024 6.33 AM IST

തരംഗത്തിലും UDF മേൽക്കൈ

election

കൊച്ചി: രണ്ടു സീറ്റുകൾ വീതം നഷ്ടമായെങ്കിലും ഇടതു, വലതു മുന്നണികൾ മുൻ തിരഞ്ഞെടുപ്പിലെ നേട്ടം നിലനിറുത്തി. പുത്തൻ പരീക്ഷണവുമായെത്തിയ ട്വന്റി 20 ശ്രദ്ധേയമായ വോട്ട് നേടിയെങ്കിലും ശക്തികേന്ദ്രത്തിൽ പോലും ജയിച്ചില്ല. കേരളം മുഴുവൻ അലയടിച്ച അനുകൂലതരംഗം എറണാകുളം ജില്ലയിൽ എൽ.ഡി.എഫിന് വൻനേട്ടം നൽകിയില്ല. യു.ഡി.എഫ് വിജയികളുടെ ഭൂരിപക്ഷം വർദ്ധിച്ചതും കൗതുകമായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒമ്പതും എൽ.ഡി.എഫ് അഞ്ചും സീറ്റുകൾ വീതം നേടിയത് ഇക്കുറിയും ആവർത്തിച്ചു. യു.ഡി.എഫിന് കളമശേരിയും കുന്നത്തുനാടും നഷ്ടമായി. എൽ.ഡി.എഫിന് തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും നഷ്ടപ്പെട്ടു. കളമശേരിയിൽ എൽ.ഡി.എഫിലെ പി. രാജീവ് ഉജ്വലവിജയം നേടി. മൂന്നു തവണ തുടർച്ചയായി യു.ഡി.എഫിലെ വി.പി. സജീന്ദ്രൻ വിജയിച്ച കുന്നത്തുനാട് പി.വി. ശ്രീനിജനിലൂടെ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. തൃപ്പൂണിത്തുറ കെ. ബാബു തിരിച്ചുപിടിച്ചത് യു.ഡി.എഫിന് വൻനേട്ടവുമായി. എൽദോ എബ്രഹാമിനെ തോൽപ്പിച്ചാണ് കോൺഗ്രസിലെ മാത്യു കുഴൽനാടൻ മൂവാറ്റുപുഴ തിരിച്ചുപിടിച്ചത്.

സി.പി.എമ്മിന്റെ യുവനേതാവായ എം. സ്വരാജിനെ തോല്പിച്ചാണ് കെ. ബാബു വിജയിച്ചത്. ബാബുവിന് വീണ്ടും സീറ്റ് നൽകിയതിൽ കോൺഗ്രസിലെ ഒരുവിഭാഗം പരസ്യമായി രംഗത്തിറങ്ങിയിരുന്നു. ഉമ്മൻ ചാണ്ടി നിർബന്ധിച്ചാണ് ബാബുവിന് സീറ്റ് നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പിന് മുമ്പ് ബാർകോഴക്കേസിൽ അദ്ദേഹത്തിന് വിജലൻസ് ക്ളീൻചിറ്റ് നൽകിയതും വിജയത്തിന് ബലമായി. ബി.ജെ.പിക്ക് കഴിഞ്ഞതവണ പോയ ചില വിഭാഗങ്ങളുടെ വോട്ടുകൾ തിരികെപ്പിടിക്കാൻ കഴിഞ്ഞതും ബാബുവിന്റെ വിജയത്തിന് കരുത്തായി.

കഴിഞ്ഞ തവണ ജോസഫ് വാഴയ്ക്കനെ തുരത്തിയാണ് എൽദോ എബ്രഹാം മൂവാറ്റുപുഴയിൽ വിജയിച്ചത്. നാട്ടുകാരൻ കൂടിയായ മാത്യു കുഴൽനാടൻ കടുത്ത പോരാട്ടത്തിലൂടെയാണ് എൽദോയെ തോല്പിച്ചത്. മുന്നണിയിലെ ചില പ്രശ്നങ്ങളും വികസനത്തിൽ മൂവാറ്റുപുഴ പട്ടണത്തിന് അർഹമായ ഇടം ലഭിക്കാത്തതും എൽദോയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണ അഴിമതിയാണ് കളമശേരിയിൽ പി. രാജീവിന്റെ വിജയത്തിലെ പ്രധാനഘടകം. കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കാൻ ഒരുങ്ങിയ മണ്ഡലമാണ് കളമശേരി. മകൻ വി.ഇ. അബ്ദുൾ ഗഫൂറിന് മുസ്ളീംലീഗ് സീറ്റ് നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ കടുംപിടുത്തെ തുടർന്നായിരുന്നു. ലീഗിലെയും കോൺഗ്രസിലെയും ഒരുവിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് അബ്ദുൾ ഗഫൂർ മത്സരിച്ചത്. പി. രാജീവിന്റെ വ്യക്തിപ്രഭാവവും എൽ.ഡി.എഫ് വിജയത്തെ സഹായിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തിലെ വിജയമാണ് രാജീവിന്റേതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുതിയ മന്ത്രിസഭയിൽ പി. രാജീവ് അംഗമാകുമെന്നാണ് സൂചനകൾ.

കുന്നത്തുനാട്ടിലെ വിജയത്തിൽ എൽ.ഡി.എഫിന് വലിയ പങ്കില്ല. ട്വന്റി 20 യുടെ മത്സരമാണ് പി.വി. ശ്രീനിജിന്റെ വിജയത്തിന് വഴിതെളിച്ചത്. ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി. സുരേന്ദ്രൻ നേടിയ വോട്ടുകളാണ് വി.പി. സജീന്ദ്രന്റെ തോൽവിക്ക് കാരണം. ഭൂരിഭാഗം സമയത്തും ലീഡ് നിലനിറുത്താൻ സജീന്ദ്രന് കഴിഞ്ഞു. സജീന്ദ്രനെ തോല്പിക്കാൻ കഴിഞ്ഞത് എൽ.ഡി.എഫിന് അഭിമാനം നൽകുന്നതുമാണ്.

ആലുവ, പെരുമ്പാവൂർ, അങ്കമാലി, പറവൂർ, എറണാകുളം, തൃക്കാക്കര, പിറവം എന്നിവയാണ് യു.ഡി.എഫ് വിജയം നിലനിറുത്തിയ മണ്ഡലങ്ങൾ. വൈപ്പിൻ, കൊച്ചി, കോതമംഗലം എന്നിവ എൽ.ഡി.എഫും നിലനിറുത്തി. കേരള കോൺഗ്രസുകളുടെ രണ്ടു ജില്ലാ പ്രസിഡന്റുമാരും തോറ്റു. പെരുമ്പാവൂരിൽ എൽ.ഡി.എഫിലെ മാണി ഗ്രൂപ്പ് പ്രസിഡന്റ് ബാബു ജോസഫും കോതമംഗലത്ത് യു.ഡി.എഫിലെ പി.ജെ. ജോസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഷിബു തെക്കുംപുറവും.

എൻ.ഡി.എ ക്ഷീണിച്ചു

ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് ജില്ലയിൽ കടുത്ത ക്ഷീണമാണ്. മുൻ തിരഞ്ഞെടുപ്പിലെ വോട്ടുകൾ ഇക്കുറി നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ 16,459 വോട്ട് നേടിയ കുന്നത്തുനാട്ടിൽ 7218 വോട്ടു മാത്രമാണ് ലഭിച്ചത്. സ്റ്റാർ മണ്ഡലമായി കരുതിയിരുന്ന തൃപ്പൂണിത്തുറയിൽ ആറായിരത്തോളം വോട്ട് കുറഞ്ഞത് കനത്ത ആഘാതമായി. ബി.ഡി.ജെ.എസ് മത്സരിച്ച കോതമംഗലത്ത് എണ്ണായിരത്തോളം വോട്ട് കുറഞ്ഞു. വൈപ്പിനിലും എറണാകുളത്തും ഒഴികെ പറവൂരിലും കളമശേരിയിലും ആലുവയിലും തൃക്കാക്കരയിലും വോട്ടുകൾ ചോർന്നതും എൻ.ഡി.എയെ വിഷമവൃത്തത്തിലാക്കി.ഏറ്റവും കുറവ് പറവൂർ മണ്ഡലത്തിൽ.ബി.ഡി.ജെ.എസ് മത്സരിച്ച ഇവിടെ 15133 വോട്ടുകളുടെ കുറവാണ് ഇക്കുറിയിണ്ടായത്.

ശ്രദ്ധേയമായി ട്വന്റി 20

എട്ടു സീറ്റുകളിൽ രാഷ്ട്രീയേതര മത്സരം കാഴ്ചവച്ച ട്വന്റി 20 ഒരിടത്തും വിജയിച്ചില്ലെങ്കിലും വോട്ടു പിടിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അവർ ഭരിക്കുന്ന നാലു പഞ്ചായത്തുകൾ ഉൾപ്പെട്ട കുന്നത്തുനാട്ടിൽ സുജിത് പി. സുരേന്ദ്രൻ 42,701 വോട്ടുകൾ നേടി കരുത്ത് കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ നാലു പഞ്ചായത്തുകളിൽ നിന്ന് 34000 വോട്ടുകൾ നേടിയിരുന്നു. പെരുമ്പാവൂർ, തൃക്കാക്കര, കൊച്ചി, മൂവാറ്റുപുഴ മണ്ഡലങ്ങളിലും ശ്രദ്ധേയമായ പ്രകടനം ട്വന്റി 20 കാഴ്ചവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SEAT EKM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.