SignIn
Kerala Kaumudi Online
Friday, 29 March 2024 1.27 AM IST

ഒരു രാഷ്ട്രീയ പാപം ഒരു ജനത കാലങ്ങൾക്കു ശേഷം രാഷ്ട്രീയമായി തിരുത്തുകയാണ്,​ പുതിയ രാഷ്ട്രീയ കാലത്തിന്റെ സൂചനയെന്ന് താഹ മാടായി

kk

തിരുവനന്തപുരം : .ഇ എം.എസ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ അട്ടിമറിച്ച ഒരു രാഷ്ട്രീയ പാപം ഒരു ജനത കാലങ്ങൾക്കു ശേഷം രാഷ്ട്രീയമായി തിരുത്തുകയാണെന്ന് എഴുത്തുകാരൻ താഹ മാടായി. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് ചരിത്രപരമായി പുതിയ രാഷ്ട്രീയ കാലത്തിന്റെ സൂചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ജനങ്ങൾ 'തിരുത്ത്' എന്ന കഥ എഴുതുകയാണ്. അതായത്, രാഷ്ട്രീയം തിരഞ്ഞെടുപ്പിന്റെ കലയാണ്. മുഖ്യധാര മാധ്യമങ്ങളും അവതാരകരും അവതരിപ്പിക്കുന്ന വാർത്തകൾ ജനങ്ങളുടെ തിരഞ്ഞെടുപ്പല്ല എന്നു കൂടി ഈ വിധി മുന്നോട്ടു വെക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ ജി.സുകുമാരൻ നായരുടെ പ്രസ്താവനയിലൂടെ പച്ചയായി വെളിപ്പെട്ട സാമുദായിക മോഹങ്ങളുടെ നിരാകരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലമെന്നും താഹ മാടായി കുറിച്ചു..

താഹ മാടായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒന്ന്
ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമ്പോൾ, അത് ചരിത്രപരമായി പുതിയ രാഷ്ട്രീയ കാലത്തിന്റെ സൂചനയാണ്.ഇ എം.എസ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ അട്ടിമറിച്ച ഒരു രാഷ്ട്രീയ പാപം ഒരു ജനത കാലങ്ങൾക്കു ശേഷം രാഷ്ട്രീയമായി തിരുത്തുകയാണ്.ജനങ്ങൾ ' തിരുത്ത്' എന്ന കഥ എഴുതുകയാണ്.ജനങ്ങൾ മലയാള മനോരമയേയും മാതൃഭൂമിയേയും മുഖ്യധാരാ ദൃശ്യമാധ്യമങ്ങളെയും തിരുത്തുകയാണ്.അതായത്, രാഷ്ട്രീയം തിരഞ്ഞെടുപ്പിന്റെ കലയാണ്. മുഖ്യധാര മാധ്യമങ്ങളും അവതാരകരും അവതരിപ്പിക്കുന്ന വാർത്തകൾ ജനങ്ങളുടെ തിരഞ്ഞെടുപ്പല്ല എന്നു കൂടി ഈ വിധി മുന്നോട്ടു വെക്കുന്നുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ,മത നിരപേക്ഷ കേരളത്തെ പ്രചോദിപ്പിക്കുന്ന 'സെക്യുലർ പ്രതീക'ങ്ങൾക്കു പകരം, ആചാരനിബദ്ധമായ 'സവർണ നൊസ്റ്റാൾജിയ 'കളുടെ കാലം തിരിച്ചു വരുമോ എന്ന് മലയാളികൾ ഭയക്കുന്നു. അതായത്, തിരഞ്ഞെടുപ്പ് ദിവസത്തെ ജി.സുകുമാരൻ നായരുടെ പ്രസ്താവനയിലൂടെ പച്ചയായി വെളിപ്പെട്ട സാമുദായിക മോഹങ്ങളുടെ നിരാകരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പു ഫലം. രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് 'സവർണതയുടെ 'പ്രതീകം എന്ന നിലയിലാണ് പലപ്പോഴും അവതരിപ്പിക്കപ്പെട്ടത്.അത്, യഥാർഥത്തിൽ, ആ നേതാവിന് വലിയ മാർഗ്ഗത്തടസ്സമാണ് സൃഷ്ടിച്ചത്.ആചാരത്തെ മുറിച്ചു കടക്കാൻ വെമ്പുന്ന പുതിയ തലമുറയുടെ സീബ്രാലൈനുകൾ രമേശ് ചെന്നിത്തല കണ്ടില്ല.

രണ്ട്


ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമ്പോൾ, വി.എസ് തരംഗത്തിലൂടെ അധികാരമേറിയ ആൾ എന്ന ചിലരുടെ ആക്ഷേപത്തിൽ നിന്ന് രാഷ്ട്രീയമായി പുറത്തു കടക്കുകയാണ് പിണറായി വിജയൻ.'വി.എസ് പ്രതീതി രാഷ്ടീയ ' ത്തിൽ നിന്ന് 'പിണറായി പ്രതീതി'യിലേക്ക് സി.പി.എം മാറി. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ പിണറായി നടത്തിയ രാഷ്ട്രീയ ജാഥകളിൽ കണ്ട 'പാർട്ടി ആൾക്കൂട്ട'ത്തെ വോട്ടായി സമാഹരിക്കാൻ മുഖ്യമന്ത്രിയായ പിണറായി വിജയന് രാഷ്ട്രീയമായി സാധിച്ചു.പാർട്ടിയിൽ അജയ്യനായ ഈ പിണറായിയെ 'പാർട്ടിയുടെ കാവലിൽ നിർത്തുക ' എന്നതാണ് സി.പി.എം നേരിടാൻ പോകുന്ന രാഷ്ട്രീയ വെല്ലുവിളി എന്നു കരുതുന്ന എത്രയോ പേരുണ്ട്..എന്നാൽ, ഇത് സി.പി.എമ്മിന് ഒട്ടും വെല്ലുവിളിയായിരിക്കില്ല. കാരണം,അടിമുടി അച്ചടക്കമുള്ള ഒരു പാർട്ടിക്കാരനാണ് പിണറായി. ഫ്യൂഡൽ ബോധവുമായി 'ഇടതു പ്രതീതി'യിൽ പരിലസിക്കുന്നവരെയാണ് നാം യഥാർഥത്തിൽ ഭയപ്പെടേണ്ടത്.അവർ ഭാവിയിലേക്ക് ' 'യാഥാസ്ഥിതികത'യുടെ ഒരു രാഷ്ട്രീയ തുരങ്കം നിർമ്മിച്ചു കൂടായ്കയില്ല.

മൂന്ന്


ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമ്പോൾ, മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ചുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ സംശയങ്ങൾ കൂടി ഇല്ലാതാവുന്നു.പാർലിമെന്റിൽ കോൺഗ്രസ്സിനെ തുണച്ച മുസ്ലിം മനസ്സുകളുടെ രാഷ്ട്രീയ കാരണങ്ങൾ ഇപ്പോൾ നില നിൽക്കുന്നില്ല. രാഹുലിന്റെ വ്യക്തിപ്രഭവത്തേക്കാൾ പിണറായിയുടെ വിഭക്തിയോടാണ് മുസ്ലിംകൾക്കിഷ്ടം.രമേശ് ചെന്നിത്തലയുടെ ആചാര ബോധത്തേക്കാൾ പിണറായിയുടെ ഉള്ളിൽ തട്ടുന്ന പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയം കൂടിയാണിത്.

നാല്


ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമ്പോൾ,രാഷ്ട്രീയമായി കൂടുതൽ മതനിരപേക്ഷ രാഷ്ട്രീയത്തെ ഇടർച്ചകളില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പ്രകൃതിയുടെ ദുരന്തങ്ങൾ അതിജീവിക്കാൻ സാധിച്ചതു പോലെ, സാമൂഹ്യമായി നിലനിൽക്കുന്ന അസന്തുഷ്ടിയുടെയുംയും ഫാസിസ്റ്റ് ഭീതിയുടെയും വർത്തമാനത്തെ മറികടക്കാൻ കൂടി ഈ വിജയം കൊണ്ട് സാധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തിലെ വീഴ്ചകൾ തിരുത്താൻ കൂടിയുള്ള രാഷ്ട്രീയ അവസരമാണ് ജനങ്ങൾ പിണറായിക്കും ഇടതു പക്ഷത്തിനും നൽകുന്നത്. ക്യാ്ര്രപനായി തുടരുമ്പോൾ ,അതുണ്ടാക്കുന്ന രാഷ്ട്രീയമായ ഭാരം വളരെ വലുതായിരിക്കും.

അഞ്ച്

ഇനി മുസ്ലിം ലീഗ് എന്തിന് കോൺഗ്രസ്സിന്റെ നിഴലിൽ നിൽക്കണം?

മലപ്പുറം പാർട്ടിയായി മാറുന്ന ഒരു അവസ്ഥയിലേക്ക്, കോൺഗ്രസ് നിലപാടുകൾ മുസ്ലിം ലീഗിനെ ചുരുക്കിക്കൊണ്ടുവരുമെന്ന് തീർച്ച.ബി.ജെ.പിയെ കൈയൊഴിഞ്ഞ മതേതര മലയാളികൾ യു.ഡി.എഫിനൊപ്പം നിൽക്കുന്ന മുസ്ലിം ലീഗിനെയും കയ്യൊഴിയും. ഭാവി, സീബ്രാലൈനുകൾ മുറിച്ചു കടക്കുന്ന പുതിയ തലമുറയുടേതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, BOOKS, , CM PINARAYI, THAHA MADAYI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.