SignIn
Kerala Kaumudi Online
Tuesday, 22 June 2021 11.13 PM IST

കടകംപളളി സുരേന്ദ്രനെ നിലനിർത്തുമോ നേമം പിടിച്ചെടുത്ത ശിവൻകുട്ടിക്ക് അവസരം നൽകുമോ? യുവരക്തത്തിന് അവസരം നൽകാൻ തീരുമാനിച്ചാൽ വി കെ പ്രശാന്തിന് വഴിതുറക്കും, നിർണായക ചർച്ചകൾക്ക് തുടക്കം

sivankutty

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എൽ ഡി എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നാളെ തുടക്കമാകും. ഇന്ന് എ കെ ജി സെന്ററിൽ ചേർന്ന അവയ്‌ലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രിസഭാരൂപീകരണം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, എം വി ഗോവിന്ദൻ, കെ.രാധാകൃഷ്‌ണൻ എന്നിവരും സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, എം എം മണി, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരും മന്ത്രിമാരാകാനാണ് സാദ്ധ്യത. കടകംപളളി സുരേന്ദ്രനെ നിലനിർത്തുമോ നേമം പിടിച്ചെടുത്ത് ബി ജെ പി അക്കൗണ്ട് പൂട്ടിയ വി ശിവൻകുട്ടിക്ക് അവസരം നൽകുമോയെന്ന് കണ്ടറിയണം.

യുവരക്തത്തിന് അവസരം നൽകാൻ തീരുമാനിച്ചാൽ വി കെ പ്രശാന്തിനും വഴിതുറക്കും. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ട സാഹചര്യത്തിൽ സി പി എമ്മിന്റെ രണ്ടാം വനിതാമന്ത്രിയായി വീണ ജോർജിനെ പരിഗണിച്ചാലും അത്ഭുതമില്ല. ആലപ്പുഴ ജില്ലയിൽ നിന്ന് സജി ചെറിയാനും കോട്ടയം ജില്ലയിൽ നിന്ന് വി എൻ വാസവനും മന്ത്രിമാരാകാൻ സാദ്ധ്യത കൽപിക്കപ്പെടുന്നു. തൃത്താല പിടിച്ച എം ബി രാജേഷിനും സാദ്ധ്യതയുണ്ട്. എ സി മൊയ്‌തീൻ തുടർന്നേക്കും.

കഴിഞ്ഞ തവണത്തെ പോലെ സി പി ഐയിൽ നിന്ന് ഇത്തവണയും പുതുമുഖങ്ങൾ തന്നെ മന്ത്രിസഭയിൽ എത്തിയേക്കും. നിലവിലെ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാണ് വീണ്ടും മത്സരിച്ചതും ജയിച്ചതും. ഇത്തവണയും എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്ന അഭിപ്രായത്തിനാണ് മുൻഗണന ലഭിക്കുന്നതെങ്കിൽ ചന്ദ്രശേഖരന് വീണ്ടും അവസരം ലഭിച്ചേക്കില്ല.

പി പ്രസാദ്, ഇ കെ വിജയൻ, ജെ ചിഞ്ചുറാണി, കെ രാജൻ, ചിറ്റയം ഗോപകുമാർ, പി എസ് സുപാൽ എന്നീ പേരുകളാണ് പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. കൊല്ലം ജില്ലയുടെ പ്രതിനിധിയായി ചിഞ്ചുറാണി മന്ത്രിസഭയിലെത്തിയില്ലെങ്കിൽ സുപാൽ മന്ത്രിയാകും. സി പി ഐക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുളള തൃശൂർ ജില്ലയിൽ നിന്നും ഒരാൾ എന്തായാലും മന്ത്രിസഭയിൽ ഇടംപിടിക്കും. കെ രാജന്റെ പേരിനാണ് മുൻതൂക്കം. അല്ലെങ്കിൽ കടുത്ത പോരാട്ടത്തിൽ തൃശൂർ സീറ്റ് നിലനിർത്തിയ മുതിർന്ന നേതാവ് പി ബാലചന്ദ്രനെ പരിഗണിച്ചേക്കാം.

നാല് മന്ത്രിസ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി സ്‌പീക്കർ പദവിയും ചീഫ് വിപ്പ് പദവിയുമായിരുന്നു സി പി ഐക്കുണ്ടായിരുന്നത്. കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകുന്നില്ലെങ്കിൽ ചിലപ്പോൾ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം ഇത്തവണ അവർക്ക് നൽകാനും സാദ്ധ്യതയുണ്ട്.

കേരളകോൺഗ്രസ് എമ്മിൽ സീനിയോറിറ്റി റോഷി അഗസ്റ്റിനാണെങ്കിലും ജോസ് കെ മാണിയുടെ നിലപാടാകും നിർണായകം. രണ്ട് മന്ത്രി സ്ഥാനം ചോദിക്കാനും സാദ്ധ്യതയുണ്ട്. എ കെ ശശീന്ദ്രൻ തുടരുമോ തോമസ് കെ തോമസ് മന്ത്രിയാകുമോ എന്നതിലും ആകാംക്ഷയുണ്ട്. കെ കൃഷ്‌ണൻകുട്ടി, മാത്യു ടി തോമസ് എന്നിവരിൽ ഒരാൾ മന്ത്രിയാകണം എന്നത് ജെ ഡി എസിൽ തർക്കത്തിന് വഴിയൊരുക്കും. എൽ ജെ ഡിയിൽ നിന്ന് ജയിച്ചത് കെ പി മോഹനൻ മാത്രമായത് മറ്റ് ആശയക്കുഴപ്പങ്ങളുണ്ടാകില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, LDF, CPM, KADAKAMPALLY, SIVANKUTTY, VK PRASANTH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.