SignIn
Kerala Kaumudi Online
Thursday, 25 April 2024 5.18 AM IST

ഇന്ന് മുതൽ കർശന നിയന്ത്രണം

kerala-police

പത്തനംതിട്ട : കർശന നിയന്ത്രണം ആരംഭിച്ചതോടെ ജില്ലയിൽ ലോക്ക് ഡൗണിന് സമാനമായ സാഹചര്യം. അവശ്യ സർവീസുകൾ ഒഴികെ മറ്റൊന്നും അനുവദിക്കില്ല. ജില്ലയിൽ ആയിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കർശനമാക്കി തുടങ്ങിയത്. ശനിയും ഞായറും ആണ് നിലവിൽ നിയന്ത്രണം കടുപ്പിച്ചിരുന്നത്. ഇന്ന് മുതൽ ഞായർ വരെയാണ് ഇപ്പോൾ കർശന നിയന്ത്രണത്തിന് ഉത്തരവായത്. ഹോട്ടലുകളിലടക്കം ഹോം ഡെലിവറി സൗകര്യം കൂടുതലായി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

നിർദേശങ്ങൾ ശ്രദ്ധിക്കാം...

വാഹന വർക്ക്ഷോപ്പുകൾക്ക് പ്രവർത്തിക്കാം

ഉല്പന്നങ്ങൾ ഹോം ഡെലിവറി നടത്താം

സ്ഥാപനങ്ങളിൽ ഇരട്ട മാസ്ക് ഉപയോഗിക്കണം

രാത്രി 9ന് മുമ്പ് കടകൾ അടയ്ക്കണം

ബാങ്കുകളുടെ പ്രവർത്തനം ഉച്ചയ്ക്ക് ഒരു മണി വരെ

ദീർഘദൂര ബസുകൾ, ട്രെയിനുകൾ എന്നിവ സർവീസ് നടത്തും

വിവാഹത്തിന് പരമാവധി 50 പേർ

ആശങ്കയിലായി സാധാരണക്കാർ

ജില്ലയിലെ നിയന്ത്രണങ്ങൾ ഇന്ന് മുതൽ കൂടുതൽ കർശനമാക്കിയതോടെ സാധാരണക്കാർ ആശങ്കയിലാണ്. ജില്ലയിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് അധികവും. ബസ് ജീവനക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ , കൂലിപ്പണിക്കാർ, കടകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ദിവസവും അവധിയെടുത്താൽ വരുമാനം നിലയ്ക്കും. ഹോം ഡെലിവറി ഏർപ്പെടുത്തിയാൽ പല ജീവനക്കാരുടേയും ജോലി നഷ്ടപ്പെടും.

പരിഗണന സെക്കൻഡ് ഡോസുകാർക്ക്

പത്തനംതിട്ട : രണ്ടാം ഡോസ് വാക്സിൻ പൂർത്തിയാക്കിയതിന് ശേഷമേ ഇനി ആദ്യ ഡോസ് വാക്സിൻ നൽകു. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകാനുള്ള വാക്സിൻ ജില്ലയിൽ ഇല്ല. ഒന്നാം ഡോസ് പൂർത്തിയാക്കിയ നാൽപത്തഞ്ച് വയസ് കഴിഞ്ഞവർ നിരവധിയുണ്ട് ജില്ലയിൽ. അത് വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ആകെ 385000 ഡോസ് വാക്സിനാണ് ഇതുവരെ ജില്ലയിൽ നൽകിയത്. നാൽപ്പത്തഞ്ച് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകികൊണ്ടിരിക്കുമ്പോഴാണ് ഇവിടെ വാക്സിൻ ക്ഷാമം നേരിടുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ എടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ അതിനാവശ്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടില്ല.

83 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഒരു ദിവസം 16000 ഡോസ് ലഭിച്ചാൽ മാത്രമേ ഇത്രയും കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയു. ഇപ്പോൾ ആകെ സ്റ്റോക്കുള്ളത് നാലായിരം ഡോസാണ്. ദിവസവും കുറഞ്ഞത് 12000 മുതൽ 14000 വരെയെങ്കിലും ഡോസ് ലഭിക്കേണ്ടിടത്താണിത്. ഇതിനിടയ്ക്ക് സ്വകാര്യ ആശുപത്രികൾ വാക്സിൻ നേരിട്ട് എടുക്കണമെന്ന തീരുമാനവും നടപ്പിലാക്കാൻ സാദ്ധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരത്തെ സ്റ്റോറൂമിൽ നിന്ന് ലഭിക്കുന്നത് അനുസരിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ വാങ്ങുകയാണ്.

"വാക്സിൻ രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം ഡോസ് പൂർത്തിയാക്കും. അതിന് ശേഷം മാത്രമേ ആദ്യ ഡോസ് ആരംഭിക്കു. അല്ലെങ്കിൽ കൂടുതൽ ഡോസ് വാക്സിൻ വേണം. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിനെടുത്ത് തുടങ്ങിയിട്ടില്ല.

ഡോ. എ.എൽ.ഷീജ

ഡി.എം.ഒ

428 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 428 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും 30 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 397 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 78,443 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 71422 പേർ സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.ജില്ലയിൽ ഇന്നലെ 751 പേർ രോഗമുക്തരായി.

അഞ്ചു മരണംകൂടി

1). മലയാലപ്പുഴ സ്വദേശിനി (79) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. സ്രവപരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2). തിരുവല്ല സ്വദേശിനി (84) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു.
3). വടശേരിക്കര സ്വദേശിനി (54) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
4) കുറ്റൂർ സ്വദേശി (40) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു
5) നാറാണമ്മൂഴി സ്വദേശി (78) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.