SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.13 PM IST

കോൺഗ്രസിന് ഇത് തിരിച്ചറിവിന്റെ സമയം;പുതിയ ഇടത് സർക്കാരിനും

assembly-polls-

തിരുവനന്തപുരം:'വിറക് വെട്ടാനും വെള്ളം കോരാനും പിന്നാക്കക്കാർ.നേതാവ് ചമയാനും നേട്ടങ്ങൾ കൊയ്യാനും മറ്റു ചിലർ..ഒരു വശത്ത് ചൂഷണം. മറു വശത്ത് അടിമത്ത മനോഭാവം. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ ബൂർഷ്വാ സമീപനത്തിന് മാറ്റം വന്നാലേ കേരളത്തിൽ ഇനി പാർട്ടി ഗുണം പിടിക്കൂ'.സംസ്ഥാനത്ത് കോൺഗ്രസ് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഒരു ഉന്നത കോൺഗ്രസ് നേതാവ് 'കേരളകൗമുദി'യോട് പറഞ്ഞ ഈ വാക്കുകൾ.

കോൺഗ്രസിനെ സ്നേഹിക്കുകയും,പാർട്ടിക്കായി ആത്മാർപ്പണം നടത്തുകയും ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇതേ വികാരം ഉൾക്കൊള്ളുന്നവരാണ്. അകന്നുപോയ പിന്നാക്ക ആഭിമുഖ്യം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ,നേതൃത്വത്തിൽ എന്തൊക്കെ അഴിച്ചുപണി നടത്തിയാലും പാർട്ടിക്ക് നഷ്ട പ്രതാപം വീണ്ടെടുക്കാനാവൂ.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിലും അധികാര സ്ഥാനങ്ങളിലും അനാവശ്യ ഇടപെടൽ നടത്താനാവുന്ന വിധത്തിൽ ചില സമുദായ മേധാവികൾക്ക് നേതൃത്വം കീഴ്പ്പെടുന്നതാണ് പാർട്ടി ഇന്ന് നേരിടുന്ന വലിയ ദുര്യോഗമെന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച മുതിർന്ന കെ.പി.സി.സി ഭാരവാഹി പറഞ്ഞു. പാർട്ടിയുടെ സത്വവും വ്യക്തിത്വവും സാമൂഹിക നീതിയും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതയുള്ളവർ, അത് മറന്ന് സമുദായ നേതൃത്വത്തിന്റെയും സഭകളുടെയും ആജ്ഞാനുവർത്തികളായി മാറാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ ഏതൊക്കെ മണ്ഡലത്തിൽ ആരൊക്കെ സ്ഥാനാർത്ഥികളാവണമെന്നും, ഭരണാധികാരവും നിയമനങ്ങളും ആർക്കൊക്കെ പങ്കിടണമെന്നും നിശ്ചയിക്കാനുള്ള അധികാരം വരെ ചില ബാഹ്യശക്തികൾക്ക് തീറെഴുതിക്കൊടുത്തു. പാർട്ടിയുടെ ബഹുജനാടിത്തറ തകരാനും പിന്നാക്ക-ദളിത് വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലാനും ഇതിടയാക്കിയെന്നാണ് വിലയിരുത്തൽ.

2011 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. 2011ൽ ഈഴവ സമുദായത്തിന് കോൺഗ്രസ് നൽകിയത് 17 സീറ്റ്. ജയിച്ചത് 3 പേർ. 2016ൽ 11 സീറ്റ്. ജയിച്ചത് ഒരാൾ. 2021ൽ 13 സീറ്റ്. ജയം വീണ്ടും ഒരാൾക്ക്. മറ്റ് പിന്നാക്ക സമുദായങ്ങൾ പലതും ചിത്രത്തിലേ ഇല്ല.

പിന്നാക്ക ജനത ഇടതിനൊപ്പം

പിണറായി സർക്കാർ ചരിത്രം തിരുത്തി തുടർഭരണം നേടിയതിന് പിന്നിൽ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നത് വ്യക്തം.എങ്കിലും, 11 ജില്ലകളിലും എൽ.ഡി.എഫ് നേടിയ വ്യക്തമായ മേധാവിത്വത്തിനും, നിരവധി ഇടത് സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷം നേടിയതിനും പിന്നിൽ പിന്നാക്ക-ദളിത് ജന വിഭാഗങ്ങളുടെ പിന്തുണ ദൃശ്യമാണ്.സർക്കാരിൽ നിന്ന് പ്രത്യേകിച്ച് എന്തെങ്കിലും നേടിയെടുത്തതിന്റെ ഉപകാര സ്മരണയായിരുന്നില്ല അത്. മാത്രമല്ല,

സംവരണ പ്രശ്നങ്ങളിൽ ഉൾപ്പെടെ പല ഘട്ടങ്ങളിലും തിക്താനുഭവങ്ങൾ നേരിടുകയും ചെയ്തിരുന്നു.

. അതേസമയം, കഴിഞ്ഞ അഞ്ച് വർഷവും സർക്കാരിനോട് വിലപേശി അർഹവും അനർഹവുമായ ആനുകൂല്യങ്ങൾ നേടിയവർ വോട്ടെടുപ്പിന്റെ മുഹൂർത്തത്തിൽ സർക്കാരിനെ തള്ളിപ്പറഞ്ഞതും, യു.ഡി.എഫിന്റെ അപ്പോസ്തലൻ ചമഞ്ഞതും യു.ഡി.എഫിനെ അനുകൂലിക്കുന്നവരെപ്പോലും മാറിചിന്തിക്കാൻ പ്രേരിപ്പിച്ചു. ഫലത്തിലത് ചക്കിന് വച്ചത് കൊക്കിന് കൊണ്ട സ്ഥിതിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY POLLS, ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.