SignIn
Kerala Kaumudi Online
Friday, 19 April 2024 4.24 PM IST

ഇടത് മലയേറ്റം

pta-diary

പത്തനംതിട്ട വീണ്ടും ചുവപ്പണിഞ്ഞു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടതിന്റെ രണ്ടാം തരംഗം. ഒരെണ്ണം പോലും തിരിച്ചെടുക്കാനാകാതെ യു.ഡി.എഫ് വീണ്ടും തളർന്നു. എൻ.ഡി.എയാകട്ടെ വീണ്ടും താഴേക്ക് കൂപ്പുകുത്തി. വിശ്വാസമല്ല, വികസനമാണ് നാടിന്റെ പ്രശ്നങ്ങളെന്ന് ജനം വിധിയെഴുതിയ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജനകീയ റാലികൾ നടത്തിയിട്ടും യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ജില്ലയിൽ നേട്ടമുണ്ടാക്കാനായില്ല. വികസനം പറഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു കൂടുതൽ വോട്ടർമാർ.

ആറൻമുളയിൽ വീണാ ജോർജിന്റെ ഭൂരിപക്ഷം എണ്ണായിരത്തിൽ നിന്ന് പത്തൊൻപതിനായിരത്തിലേക്ക് കുതിച്ചു. കോന്നിയിൽ കെ.യു.ജനീഷ് കുമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന് അടുത്തെത്തി. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസിന്റെ ഭൂരിപക്ഷം 2016ലെ എണ്ണായിരത്തിൽ നിന്ന് പതിനൊന്നായിരത്തിലേക്ക് ഉയർന്നു. അടൂരിൽ എടുത്തു പറയാൻ വലിയ വികസനപദ്ധതികൾ ഇല്ലെന്ന എതിർവികാരത്തിനിടയിലും സി.പി.എെയിലെ ചിറ്റയം ഗോപകുമാർ മൂന്നാമതും കടന്നുകൂടി. റാന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ മാറ്റി പരീക്ഷിച്ചത് തോൽവിക്കിടയാക്കുമെന്ന വിലയിരുത്തൽ തെറ്റി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രമോദ് നാരായൺ പൊരുതിക്കയറി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ചർച്ചയായ ശബരിമല വിഷയത്തിൽ കൂടുതൽ പൊള്ളേണ്ടിയിരുന്നത് പത്തനംതിട്ടയിലെ എൽ.ഡി.എഫിനായിരുന്നു. ശബരിമലയുട‌െ നാട്ടിൽ ഇടതുമുന്നണി അട‌ിപതറുമെന്നാണ് യു.ഡി.എഫും എൻ.ഡി.എയും ഉറപ്പിച്ചു പറഞ്ഞിരുന്നത്. അത് കണ്ടാണ് റാന്നിയിലൊഴികെ പഴയ പടയാളികളെ തന്നെ എൽ.ഡി.എഫ് രംഗത്തിറക്കിയത്. മണ്ഡലങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ വിവരിച്ച് എം.എൽ.എമാരും പ്രവർത്തകരും വീടുകൾ കയറി. പ്രചാരണ യോഗങ്ങളിൽ വിമർശകർക്ക് മറുപടി പറയുന്നതിന് പകരം വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. ഫലം വന്നപ്പോൾ വിശ്വാസം വികസനത്തിലാണെന്ന് കണ്ടെത്തി.

കോൺഗ്രസ് ദുർബലമായി

ജില്ലയിലെ യു.ഡി.എഫിന്റെ തോൽവി സംസ്ഥാനതലത്തിലുണ്ടായ ഇടതു തരംഗത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് നേതാക്കൾ ന്യായവാദം പറയുന്നു. പൊതുവെ ദുർബലമാണ് ജില്ലയിലെ കോൺഗ്രസ്. വിശ്വാസ്യതയില്ലാത്ത നേതൃത്വമെന്ന് പാർട്ടിയോട് ആത്മാർത്ഥതയുള്ള അണികൾ മുറുമുറുക്കുന്നുണ്ട്. ഭാരവാഹികളുടെ ജംബോ പട്ടികയിലുള്ള പലരും ഫീൽഡിലിറങ്ങി പ്രവർത്തിക്കുന്നവരല്ല. സംഭാവന കൊടുത്ത് സ്ഥാനങ്ങൾ നേടിയവരാണ്. അവർക്ക് വെയിലുകൊള്ളാനും വിയർക്കാനും വയ്യ. കാലുവാരലാണ് സമീപകാല തിരഞ്ഞെടുപ്പുകളിൽ കണ്ടുവരുന്നത്. 2019 ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.മോഹൻരാജിനെ, അദ്ദേഹത്തോട‌് താത്‌പര്യമില്ലാതിരുന്ന അടൂർ പ്രകാശിന്റെ അനുയായികൾ കാലുവാരി തോല്‌പിച്ചു. ഇൗ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ നോമിനിയായ സ്ഥാനാർത്ഥിയ്ക്ക് മറുഭാഗം പണി കൊടുത്തെന്ന് ചർച്ചകൾ ഉയരുന്നു.

ആറൻമുളയിൽ 2016ൽ വീണാ ജോർജിനോട് തോറ്റു മടങ്ങിയ മുതിർന്ന നേതാവ് കെ.ശിവദാസൻ നായർ മധുരപ്രതികാര‌ത്തിന് ഇത്തവണ വീണ്ടുമിറങ്ങിയത് വലിയ സാഹസമായി വിലയിരുത്തപ്പെട്ടിരുന്നു. ഫലം വന്നപ്പോൾ കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലേറെ വോട്ടുകൾക്ക് ശിവദാസൻ നായർ വീണ്ടും അടിയറവ് പറഞ്ഞു. അടൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എം.ജി കണ്ണൻ സി.പി.എെയിലെ ചിറ്റയം ഗോപകുമാറിനോട് ശക്തമായി പൊരുതിയെങ്കിലും കോൺഗ്രസിന്റെ സംഘടനാ ബലമില്ലായ്മ പരാജയത്തിലെത്തിച്ചു. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസിനെതിരെ മത്സരിച്ച കേരളകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് കുഞ്ഞുകോശി പോളിന്റെ പരാജയം മത്സര സമയത്ത് തന്നെ 'എഴുതിവയ്ക്കപ്പെട്ടിരുന്നു'.

റാന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജില്ലയ്ക്ക് പുറത്ത് നിന്ന് വന്നയാളെന്ന പ്രചാരണം നടത്തിയത് യു.ഡി.എഫിന് നേട്ടമാക്കാനായില്ല. നാട്ടുകാരനും, അന്തരിച്ച മുൻ എം.എൽ.എ എം.സി ചെറിയാന്റെ മകനുമായ റിങ്കു ചെറിയാനെ ചതിച്ചത് കോൺഗ്രസിലെ പ്രാദേശിക പ്രശ്നങ്ങളാണ്.

നേട്ടങ്ങൾ പറയാതെ ശരണം വിളി

ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത മത്സരമാണ് എൻ.ഡി.എ കാഴ്ചവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാർ എന്നിങ്ങനെ ദേശീയ നേതാക്കളുടെ നീണ്ട നിരയെത്തി ആളിക്കത്തിക്കാൻ നോക്കിയത് വിശ്വാസവും ശബരിമലയുമായിരുന്നു. കേന്ദ്രസർക്കാരിന്റേതായി നടപ്പാക്കിയ വികസന പദ്ധതികൾ ഏറെയുണ്ടായിരുന്നെങ്കിലും നേതാക്കളെത്തി ശരണം വിളിച്ചു പോയതാണ് എൻ.ഡി.എയ്ക്ക് തിരിച്ചടിയായത്. ഒരു മണ്ഡലത്തിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകളുടെ അടുത്തെത്താനായില്ല. ഹെലികോപ്ടറിൽ പറന്നെത്തി നാട്ടുകാരിൽ കൗതുകം ജനിപ്പിച്ചതല്ലാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കോന്നിയിൽ ഇളക്കമുണ്ടാക്കിയില്ല. സി.പി.എമ്മിലെ കെ.യു.ജനീഷ് കുമാർ സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കി. രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്ന എൻ.ഡി.എ നേതാക്കൾ ലഭിച്ച വോട്ടിന്റെ കണക്ക് കണ്ട് ഞെട്ടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തിന് അടുത്തെത്തിയ സുരേന്ദ്രൻ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ഇതുകണ്ടാണ് ഇത്തവണ വിജയം പ്രതീക്ഷിച്ച് മത്സരിച്ചത്. പക്ഷെ, എണ്ണായിരത്തോളും വോട്ടുകൾ കുറഞ്ഞു. മഞ്ചേശ്വരത്ത് മാത്രം നിന്നിരുന്നെങ്കിൽ അവിടെ ജയിച്ചേനെയെന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ കോന്നിക്കാർ വിലയിരുത്തിയപ്പോൾത്തന്നെ വോട്ടർമാരുടെ മനസിൽ അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.