SignIn
Kerala Kaumudi Online
Thursday, 25 April 2024 3.51 AM IST

സ്ഥലജല വിഭ്രാന്തിയിൽ വീണുടഞ്ഞ് യു.ഡി.എഫ്

s

എൽ.ഡി.എഫ് തന്ത്രങ്ങൾക്കു മുന്നിൽ നിലംപരിശായി യു.ഡി.എഫ്

ആലപ്പുഴ: പുതുമുഖങ്ങളെ കളത്തി​ലി​റക്കി​, നൊടി​യി​ടകൊണ്ട് പരി​ചി​ത മുഖങ്ങളാക്കി മണ്ഡലങ്ങൾ കൈപ്പി​ടി​യി​ലാക്കി​യ ഇടതു മുന്നണി​യുടെ തന്ത്രത്തി​നു മുന്നി​ൽ പി​ടി​ച്ചു നി​ൽക്കാനാവാതെ വീണുടഞ്ഞ യു.ഡി​.എഫ് കേന്ദ്രങ്ങൾക്ക് ഇപ്പോഴും മനസി​ലായി​ട്ടി​ല്ല; വോട്ടെണ്ണി​യ ഞായറാഴ്ച എന്താണ് അക്ഷരാർത്ഥത്തി​ൽ സംഭവി​ച്ചതെന്ന്! കഴിഞ്ഞ തവണ ഒമ്പതിൽ എട്ടു സീറ്റും നേടിയ ആത്മവിശ്വാസത്തോടെ ഇക്കുറിയും അങ്കത്തിനിറങ്ങാൻ ഇടതുകേന്ദ്രങ്ങൾ കച്ചമുറുക്കവേ പരിഭ്രമിച്ചു നിന്ന യു.ഡി.എഫിന് മത്സരിക്കാൻ ആത്മവിശ്വാസം പകർന്നത് മൂന്നു പ്രമുഖ മന്ത്രിമാരെ മത്സരിപ്പിക്കേണ്ടെന്ന എൽ.ഡി.എഫ് തീരുമാനമായിരുന്നു. ഇതോടെ ആ സീറ്റുകളും 'അപ്രിയ' തീരുമാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകമ്പനങ്ങളായേക്കാവുന്ന മറ്റു സീറ്റുകളും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ യു.ഡി.എഫിന് കിട്ടിയതാവട്ടെ, കൂടം കൊണ്ടുള്ള കൂറ്റനൊരു അടിയും! ഡി.സി.സി പ്രസിഡന്റിന് രാജിവയ്ക്കേണ്ടിയും വന്നു.

മന്ത്രി തോമസ് ഐസക് മാറിയതോടെ ആലപ്പുഴ ഉറപ്പായും കൂടെ പോരുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. ഡോ. കെ.എസ്. മനോജ് നേരത്തെ തന്നെ മണ്ഡലത്തിൽ ഇറങ്ങിയിരുന്നു. ഇടതുമുന്നണി എം.പിയായി‌രുന്ന മനോജ് സി.പി.എം കോട്ടകളിൽ നിന്ന് വോട്ടു പിടിക്കുമെന്ന കണക്കുകൂട്ടൽ തെറ്റി. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ പദവി നൽകാത്തതിന്റെ പേരിൽ സി.പി.എമ്മിൽ പരസ്യപ്രതിഷേധം ന‌ടന്ന നെഹ്‌റു ട്രോഫി വാർഡിൽ വോട്ടു മറിഞ്ഞതുമില്ല. ലത്തീൻ സഭയുമായി അടുത്ത ബന്ധം പുലർത്തുന്ന മനോജ് അവിടെ നിന്ന് വോട്ടു പിടിക്കുമെന്ന് കരുതിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പക്ഷേ, തോമസ് ഐസക് നേടിയ 31, 032 വോട്ട് ഭൂരിപക്ഷത്തിന്റെ അടുത്തെങ്ങും ചിത്തരഞ്ജന് എത്താനായില്ല, 11,644 വോട്ടണ് ഭൂരിപക്ഷം.

ജി. സുധാകരനുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയിലൂടെ അമ്പലപ്പുഴയിൽ ചുവടുറപ്പിക്കാമെന്ന യു.ഡി.എഫ് പ്രതീക്ഷയും അസ്ഥാനത്തായി. മത, സാമുദായിക ഘടകങ്ങൾ പരിഗണിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജുവിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. സുധാകരൻ മത്സരരംഗത്ത് ഇല്ലാതിരുന്നതോടെ യു.ഡി.എഫ് മണ്ഡലമെന്ന വിശേഷണമുള്ള അമ്പലപ്പുഴ ചതിക്കില്ലെന്നും കണക്ക് കൂട്ടി. എന്നാൽ, സുധാകരന്റെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കന്നിക്കാരനായ എച്ച്. സലാം ജയിച്ചു കയറി. 22,621 വോട്ടായിരുന്നു സുധാകരന്റെ ഭൂരിപക്ഷം. സലാമിന് ലഭിച്ച ഭൂരിപക്ഷം 11,125 വോട്ട്.

സ്വപ്നത്തിന് 'മുഞ്ഞ'ബാധ

രാഷ്‌ട്രീയ പ്രവർത്തന പരിചയം അത്രയില്ലാത്ത ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് കെ. തോമസിനെ കുട്ടനാട്ടിൽ വീഴ്ത്താമെന്ന യു,ഡി.എഫിന്റെ കണക്കുകൂട്ടലുകൾ എട്ടുനിലയിൽ പൊട്ടി. സഹോദരൻ തോമസ് ചാണ്ടിയുടെ നിര്യാണത്തോട‌െ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ ഇരുവരും നേരത്തേതന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന എടത്വ, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിൽ ജേക്കബ് എബ്രഹാമിന് വോട്ടു കുറഞ്ഞത് തോമസ് കെ.തോമസിന്റെ ഭൂരിപക്ഷം ഉയരാൻ ഇടയാക്കി. കായംകുളത്ത് സിറ്റിംഗ് എം.എൽ.എ പ്രതിഭയ്‌ക്കെതിരെ പാർട്ടിയിൽ ഉയർന്ന പ്രതിഷേധങ്ങളും അരിതാ ബാബുവിന്റെ ജീവിതാവസ്ഥയും വിജയതീരമണിയിക്കുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷകളും തകർന്നു. പ്രതിഭയുടെ ഭൂരിപക്ഷം കുറയ്‌ക്കാനായെന്ന് ആശ്വസിക്കാം.

'ക്വാളിറ്റി'യുള്ള ഇറക്കുമതി

ചേർത്തലയിൽ ഇറക്കുമതി സ്ഥാനാർത്ഥിയെന്ന പ്രചാരണമാണ് സി.പി.ഐയിലെ പി. പ്രസാദ് നേരിട്ടത്. ‌ഈഴവ വോട്ടുകളുടെ ചോർച്ചയിലായിരുന്നു യു.ഡി.എഫിന്റെ കണ്ണ്. എന്നാൽ, രണ്ടാം തവണയും തോൽക്കാനായിരുന്നു എസ്. ശരത്തിന്റെ വിധി. മാവേലിക്കരയിൽ പ്രതീക്ഷിച്ച വിജയമായിരുന്നു ഇടതുമുന്നണിയുടേത്. ഭൂരിപക്ഷം കുറഞ്ഞുവെന്ന് മാത്രം. ചെങ്ങന്നൂരിൽ മണ്ഡലത്തിലെ റെക്കാഡ് ഭൂരിപക്ഷമായ 31,984 വോട്ടിനാണ് സജി ചെറിയാന്റെ വിജയം. ആ തേരോട്ടത്തിൽ യു.ഡി.എഫ്, ബി.ജെ.പി കോട്ടകൾ തകർന്നടിഞ്ഞു. അരൂരിൽ ദലീമ ജോജോ പാട്ടും പാടി ജയിച്ചതോടെ ജില്ല കൂടുതൽ ചുവന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം തട്ടകമായ ഹരിപ്പാട് മാത്രമായി യു.ഡി.എഫിന്റെ ആശ്വാസമണ്ഡലം. എങ്കിലും രമേശിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി.കഴിഞ്ഞ തവണ ഭൂരിപക്ഷം 18, 621 വോട്ടായിരുന്നെങ്കിൽ ഇത്തവണ ഇത് 13,666 വോട്ടായി. 4955 വോട്ടുകളുടെ കുറവ്.

സൈന്യത്തിലേക്ക് ആരൊക്കെ

സജി ചെറിയാൻ മന്ത്രിയാകുമെന്ന് ഉറപ്പാണ്. ജില്ലയിൽ നിന്ന് രണ്ട് പേർക്ക് സി.പി.എം അവസരം നൽകിയാൽ പി.പി. ചിത്തരഞ്ജനും മന്ത്രിയായേക്കാം. ചേർത്തലയിൽ നിന്ന് വിജയിച്ച സി.പി.ഐയിലെ പി. പ്രസാദ് മന്ത്രിയാകുമെന്നറിയുന്നു. ഇങ്ങനെയെങ്കിൽ ഇത്തവണയും ജില്ലയ്‌ക്ക് മൂന്ന് മന്ത്രിമാരുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.