SignIn
Kerala Kaumudi Online
Friday, 19 April 2024 10.20 AM IST

ജനങ്ങൾ ഒരേമനസിൽ വോട്ടു നൽകി, ഇടത് ചരിത്രം രചിച്ചു

cpm

തിരുവനന്തപുരം; ദുരന്തങ്ങളിൽ തണലേകിയ സർക്കാരെന്ന ജനങ്ങളുടെ ആത്മവിശ്വാസമാണ് ഇടതുമുന്നണിയെ തലസ്ഥാന ജില്ലയിൽ നെഞ്ചേറ്റിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുമ്പോൾ,പരമ്പരാഗത വോട്ടുകൾക്കൊപ്പം മറ്റുമുന്നണികളിൽ നിന്നുപോലും ഒഴുകിയെത്തിയ വോട്ടുകളെല്ലാം ചേർന്ന് വൻ ഭൂരിപക്ഷമാണ് ജില്ലയിലെ ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്.കോൺഗ്രസ്‌,ബി.ജെ.പി പാർട്ടികളിൽ നിന്നും പിടിച്ചെടുത്ത നേമം,അരുവിക്കര,തിരുവനന്തപുരം മണ്ഡലങ്ങളൊഴികെയുള്ള എല്ലാ സിറ്റിംഗ് സീറ്റുകളിലും പതിനായിരത്തിന് മേൽ ഭൂരിപക്ഷം ഇടതുമുന്നണി ജില്ലയിൽ നേടിയത് ഇതിന് തെളിവാണ്. 2016 ൽ ജില്ലയിലെ കുറഞ്ഞ ഭൂരിപക്ഷമായ 849 വോട്ടിന് വിജയിച്ച കാട്ടാക്കട മണ്ഡലത്തിൽപ്പോലും 23,195 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി നേടാനായി.

കഴക്കൂട്ടം

കഴിഞ്ഞതവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി നേതാവ് വി.മുരളീധരനെ പിന്തള്ളി നിയമസഭയിലെത്തിയ കടകംപള്ളി സുരേന്ദ്രൻ ഇക്കുറി ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം മറികടന്ന് 23497 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. കടകംപള്ളിക്കെതിരെ ആരോപണശരം ഉയർത്തിയ ശോഭാസുരേന്ദ്രന് മന്ത്രിയെന്ന നിലയിൽ അഞ്ചുവർഷക്കാലം കൊണ്ട് നേടിയെടുക്കാനായ വ്യക്തിപ്രഭാവത്തെ തടയിടാനായില്ലെന്നതാണ് വിജയം തെളിയിക്കുന്നത്. മിക്കവാറും എല്ലാ മേഖലയിലും ലീഡ് നേടിയാണ് കടകംപള്ളി വീണ്ടും സഭയിൽ എത്തുന്നത്.

നെടുമങ്ങാട്

കണിയാപുരം രാമചന്ദ്രന് ശേഷം ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി ജില്ലയിൽ ഉയർന്ന വിജയം നേടിയ ജി.ആർ.അനിൽ തന്റെ പേരിൽ ചേർത്തത് 23,309 വോട്ടിന്റെ ഭൂരിപക്ഷമാണ്.നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും വൻ ലീഡാണ് ജി.ആർ.അനിൽ നേടിയത്. മുന്നണിയിലെ പ്രബലരായ സി.പി.എമ്മും സി.പി.ഐയും ഒരേ മനസോടെ പ്രവർത്തനത്തിനിറങ്ങിയതോടെ 2016 ൽ എൽ.ഡി.എഫിന് ലഭിച്ച 3,621 വോട്ടിന്റെ ഭൂരിപക്ഷം പഴങ്കഥയാക്കിയാണ് വിജയം ഉറപ്പിച്ചത്.അണ്ടൂർക്കോണം പഞ്ചായത്തിൽ 2197,പോത്തൻകോട് - 3646, വെമ്പായം - 2542, മാണിക്കൽ -3942, കരകുളം -4954, നെടുമങ്ങാട് മുനിസിപ്പാലിറ്റി -5134 എന്നിങ്ങനെയാണ് ലഭിച്ച ലീഡ്. 941 പോസ്റ്റൽ വോട്ടിലും ലീഡ് ഉണ്ട്.

വിജയമറിഞ്ഞയുടൻ കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ പി.പി.ഇ കിറ്റും മാസ്കും അടക്കമുള്ളവ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വാങ്ങി നൽകി സന്തോഷം പ്രകടിപ്പിച്ച നിയുക്ത എം.എൽ.എ ജി.ആർ.അനിൽ ഇന്നുമുതൽ കൊവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകി പ്രവർത്തനത്തിനിറങ്ങുകയാണ്.

വർക്കല

എട്ടുപഞ്ചായത്തിലും നേടിയ തിളക്കമാർന്ന ലീഡാണ് വർക്കലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയിയെ 17025 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്.ശക്തമായ മത്സരം നടന്ന വർക്കലയിൽ ഒരു പഞ്ചായത്തിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം.ഷഫീറിന് ലീഡ് ചെയ്യാനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2386 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച വി.ജോയി ഇക്കുറി ഓരോ പഞ്ചായത്തിലും ലീഡ് ഉയർത്തിയാണ് വിജയം പിടിച്ചെടുത്തത്. ഇടവ പഞ്ചായത്ത് - 2584, ഇലകമൺ -2459, ചെമ്മരുത്തി -3162,നവായിക്കുളം -1867, പള്ളിക്കൽ -1488, മടവൂർ -1367, വെട്ടൂർ -1312, വർക്കല മുനിസിപ്പാലിറ്റി -2636 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലും എൽ.ഡി.എഫിന് ലഭിച്ച ലീഡ്.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകം ശ്രദ്ധ നൽകി നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് എല്ലായിടത്തും ഒരുപോലെ ലീഡ് നേടാൻ സഹായിച്ചതെന്ന് വി.ജോയി പറഞ്ഞു.


 വാമനപുരം

നാല്പത് വർഷത്തിലധികമായി ഇടതിന്റെ കുത്തകയായ വാമനപുരം മണ്ഡലത്തിൽ ഇക്കുറിയും ഇടതുമേൽക്കോയ്മ തകരാത്തതിന് കാരണം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണെന്ന് ജനങ്ങൾ പറയുന്നു. രണ്ടു പഞ്ചായത്തുകളൊഴികെ ശേഷിച്ച ഏഴു പഞ്ചായത്തിലും ലീഡ് നേടാനായി. നെല്ലനാട്- 1255, വാമനപുരം-1044, കല്ലറ-1312, പാങ്ങോട് -1480, പെരിങ്ങമ്മല-2277,പനവൂർ-816, പുല്ലമ്പാറ -1859 എന്നീ പഞ്ചായത്തുകളാണ് എൽ.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്തുകൾ. നന്ദിയോട് -78, ആനാട് -568 എന്നിങ്ങനെ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്തത്.പോസ്റ്റൽ വോട്ടിലും 845 വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന് ഉണ്ടായിരുന്നു.

പാറശാല

അതിർത്തി ഗ്രാമമായ പാറശാലയിലെ എല്ലാ പഞ്ചായത്തിലും ലീഡ് നേടിയാണ് കാൽലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ സി.കെ.ഹരീന്ദ്രൻ വിജയകിരീടം ചൂടിയത്.ഒറ്റശേഖരമംഗലം -2176,കള്ളിക്കാട് -1209,അമ്പൂരി -1024, ആര്യങ്കോട് -2670, പെരുങ്കടവിള -1904, കൊല്ലായിൽ 4254, പാറശാല -3455,കുന്നത്തുകാൽ -4981, വെള്ളറട -3356 എന്നിങ്ങനെയാണ് പാറശാലയിൽ നേടിയ വിജയം.പോസ്റ്റൽ വോട്ടിൽ നേടിയ ലീഡ് 799 ആണ്. ചുരുക്കത്തിൽ ത്രികോണ പോരാട്ട സാദ്ധ്യത ചർച്ചചെയ്യപ്പെട്ട മണ്ഡലത്തിൽ ഹരീന്ദ്രന്റെ വിജയം ഏകപക്ഷീയമായി എന്നതാണ് 25,828 വോട്ടിന്റെ ഭൂരിപക്ഷം സൂചിപ്പിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച 18,566 വോട്ടിന്റെ ഭൂരിപക്ഷം പഴങ്കഥയാക്കിയാണ് സി.കെ.ഹരീന്ദ്രൻ വിജയിച്ചത്.

ചിറയിൻകീഴ്
ആഴക്കടൽ മത്സ്യബന്ധന വിവാദം ഏശിയില്ലെന്ന് വെളിവാകുന്ന വിജയമാണ് ചിറയിൻകീഴിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശശി നേടിയത്.കടലോര പഞ്ചായത്തുകളായ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനം കുളം എന്നീ പഞ്ചായത്തുകളിലടക്കം എല്ലായിടത്തും ലീഡ് നേടിയാണ് വി.ശശി 14,017 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ചിറയിൻകീഴ് - 1084, അഞ്ചുതെങ്ങ്-785 , കടയ്ക്കാവൂർ -275, കിഴുവിലം- 134, മുദാക്കൽ -2663, മംഗലപുരം -2770, അഴൂർ -1665, കഠിനംകുളം -1765 എന്നിങ്ങനെയാണ് വി.ശശി നേടിയ ലീഡ്.


നെയ്യാറ്റിൻകര

നെയ്യാറ്റിൻകര മണ്ഡലത്തിൽ തിരുപുറം ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും വലിയ ഭൂരിപക്ഷം നേടിയാണ് സി.പി.എം സ്ഥാനാർത്ഥി കെ.ആൻസലൻ ഇക്കുറി 14,262വോട്ടിന് വിജയിച്ചത്. തിരുപുറത്ത് 660 വോട്ട് കോൺഗ്രസ് ലീഡ് ചെയ്തപ്പോൾ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ 6981 വോട്ടിന്റെ ലീഡ് ആൻസലൻ നേടി.അതിയന്നൂർ, ചെങ്കൽ,കാരോട്,കുളത്തൂർ പഞ്ചായത്തുകളിലും വൻ ലീഡാണ് ആൻസലൻ നേടിയത്.
മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടായിരുന്നതാണ് വിജയിക്കാനായതെന്ന് ആൻസലൻ പറയുന്നു. എല്ലാ ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് നേടിയത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

 അരുവിക്കര

30 വർഷത്തെ കോൺഗ്രസ് കുത്തക പൊളിച്ച് സി.പി.എം സ്ഥാനാർത്ഥി ജി.സ്റ്റീഫൻ ജയിച്ചുകയറിയത് അരുവിക്കര മണ്ഡലത്തിലെ ചരിത്രം തിരുത്തിയാണ്.മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ ജി.സ്റ്റീഫൻ ലീഡ് നേടി. ആര്യനാട്- 1461, അരുവിക്കര -1188, പൂവച്ചൽ -1195,ഉഴമലയ്ക്കൽ -421,കുറ്റിച്ചൽ -716, വിതുര-421 എന്നിങ്ങനെയാണ് ജി.സ്റ്റീഫൻ ലീഡ് നേടിയ പഞ്ചായത്തുകൾ.തൊളിക്കോട് - 109, വെള്ളനാട് - 860 എന്നിവ മാത്രമാണ് ശബരിനാഥിന് ലീഡ് ലഭിച്ച പഞ്ചായത്തുകൾ.


കാട്ടാക്കട

ബി.ജെപിയും കോൺഗ്രസും ഒരുപോലെ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് കാട്ടാക്കടയിൽ ഐ.ബി.സതീഷ് രണ്ടാംവട്ടവും വിജയം രചിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ 849 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ച ജില്ലയിലെ ഏകമണ്ഡലമായ കാട്ടാക്കടയിൽ സി.പി.എം സ്ഥാനാർത്ഥി ഐ.ബി.സതീഷ് നേടിയത് 23,195 വോട്ടിന്റെ ഭൂരിപക്ഷം.ബി.ജെ.പി.ക്ക് ശക്തമായ വേരോട്ടമുള്ള വിളവൂർക്കൽ പഞ്ചായത്തിലും കാട്ടാക്കട, മലയിൻകീഴ്,മാറനല്ലൂർ,വിളപ്പിൽ, പള്ളിച്ചൽ പഞ്ചായത്തുകളിലും ഐ.ബി.സതീഷ് വ്യക്തമായ ഭൂരിപക്ഷമാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാൽ 43062 വോട്ടും,ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസ് 34642 വോട്ടുമാണ് നേടിയത്.

കോവളം

കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഒഴികെ എല്ലായിടത്തും ലീഡ് നേടിയാണ് ജില്ലയിലെ ഏക കോൺഗ്രസ് എംഎൽ.എ എം.വിൻസെന്റ്‌ വിജയിച്ചത്. ഏഴു ഗ്രാമപഞ്ചായത്തുകളും വിഴിഞ്ഞം ഉൾപ്പെട്ട 5 നഗരസഭാ വാർഡുകളും ചേർന്ന കോവളം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് വിഴിഞ്ഞത്തു നിന്നാണ്.- 13884 വോട്ട്. തീരദേശ മേഖലയിലും മറ്റു പഞ്ചായത്തുകളിലും ലീഡ് നിലനിറുത്തിയതാണ് വിൻസെന്റിന്റെ വിജയത്തിന് നേട്ടമായത്.വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ വിൻസന്റിന്റെ ലീഡ് ഉയർന്നുതന്നെ നിലനിന്നിരുന്നു. ബാലരാമപുരം,കരുംകുളം,പൂവാർ,വിഴിഞ്ഞം കാഞ്ഞിരംകുളം എന്നീ പഞ്ചായത്തുകളിൽ വിൻസെന്റ് നേടിയ വോട്ടുകളാണ് വിജയത്തിന് നിർണായക ഘടകമായത്.


നേമം

കമലേശ്വരം, അമ്പലത്തറ,പുത്തൻപള്ളി,മുട്ടത്തറ മേഖലകളിൽ ലഭിച്ച ലീഡാണ് ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ മലർത്തിയടിച്ച് വിജയശ്രീലാളിതനാകാൻ സി.പി.എം സ്ഥാനാർത്ഥി വി.ശിവൻകുട്ടിക്ക് സാധിച്ചത്. നേമം,പൊന്നുമംഗലം,തിരുവല്ലം,പുഞ്ചക്കരി മേഖലകളിലെ പാർട്ടിയുടെ കെട്ടുറപ്പും സഹായകമായി. ഈ മേഖലയിൽ നിന്നുംലഭിച്ച 1131 വോട്ടിന്റെ ലീഡ് രണ്ടാം സ്ഥാനത്തുനിന്നും ഒന്നാം സ്ഥാനത്തേക്ക് വി.ശിവൻകുട്ടിയെ എത്തിച്ചു. പോസ്റ്റൽ വോട്ടിൽ നിന്നുള്ള ലീഡായ 342 വോട്ടും വിജയത്തിന് സഹായകമായി.

ആറ്റിങ്ങൽ

ചുവപ്പിനോട് എന്നും ആഭിമുഖ്യമുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക നേടിയത് 31,636 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫ് സ്ഥാനാത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി ബി.ജെ.പി സ്ഥാനാർത്ഥി പി.സുധീർ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് മുൻവർഷത്തിൽ നിന്നുള്ള ഏക വ്യത്യാസം. 38262 വോട്ടാണ് സുധീർ നേടിയത്.യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ. ശ്രീധരൻ ആകെ നേടിയത് 36,938 വോട്ടാണ്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റി,കരവാരം,കിളിമാനൂർ, നഗരൂർ,പഴയകുന്നിന്മേൽ ചെറുന്നിയൂർ തുടങ്ങി എല്ലാ പഞ്ചായത്തുകളിലും വൻ ലീഡാണ് അംബിക നേടിയത്.

വട്ടിയൂർക്കാവ്

ശാസ്തമംഗലം ,കവടിയാർ മേഖലയൊഴികെ എല്ലാ മേഖലയിലും ലീഡ് നേടിയാണ് വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്ത് വിജയം രചിച്ചത്.2019 ലെ ഉപതിരഞ്ഞെടുപ്പിൽ 14,000ത്തിലധികം വോട്ടുകൾക്ക് ജയിച്ച വി.കെ.പ്രശാന്ത് ഇത്തവണ ഭൂരിപക്ഷം 21,000ത്തിലധികമാക്കി ഉയർത്തി.മണ്ഡലത്തിൽ ഇതുവരെ നടപ്പാക്കിവന്ന വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.വട്ടിയൂർക്കാവ് ടൗൺ വികസനമടക്കമുള്ള വലിയ പദ്ധതികൾ ആദ്യ മൂന്നു വർഷത്തിനിടയിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം

2016 -ലെ തിരഞ്ഞെടുപ്പിൽ 10,905 വോട്ടുകളുടെ വ്യത്യാസത്തിൽ തന്നെ തോല്പിച്ച വി.എസ്.ശിവകുമാറിനെ ഇക്കുറി 7929 വോട്ടിന് പരാജയപ്പെടുത്തി സഭയിലെത്താൻ ആന്റണി രാജുവിന് അവസരം നൽകിയത് തീരദേശ മണ്ഡലങ്ങളിൽ ലഭിച്ച വോട്ടാണ്. ആഴക്കടൽ വിവാദം അല്പംപോലും ഏശിയില്ലെന്ന് തെളിയിക്കുന്നത് കൂടിയായി തീരദേശ മേഖലയിൽ ഇടതു സ്ഥാനാർത്ഥി ആന്റണി രാജു നേടിയ വിജയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.