Kerala Kaumudi Online
Saturday, 25 May 2019 11.01 PM IST

രക്തദാഹിക്കേറ്റ തിരിച്ചടി

india-surgical-strike-

മസൂദ് അസർ ഇത്രവേഗം ഒരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കില്ല.അതും ഇത്ര കനത്ത തിരിച്ചടി.ഇന്ത്യയിൽ ഇനിയും ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാൻ തക്കംപാർത്തിരുന്ന അസറിന് ചുട്ട മറുപടിയാണ് ഇന്ത്യ നൽകിയത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ അസർ എന്ന രക്തദാഹിയുടെ വളർച്ച ഇങ്ങനെയായിരുന്നു. കാഠ്മണ്ടുവിൽ നിന്ന് 189 യാത്രക്കാരുമായി ഡൽഹിയിലേയ്ക്ക് പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1999 ഡിസംബർ 24-ന് റാഞ്ചിയ പാക് ഭീകരരുടെ ആവശ്യപ്രകാരം, മസൂദ് അസറെന്ന ഭീകരനെ മോചിപ്പിച്ചപ്പോൾ തിരിഞ്ഞു കൊത്തുന്ന ഒരു വിഷപാമ്പിനെയാണ് കൈമാറിയതെന്ന് അന്നത്തെ വിദേശകാര്യമന്ത്രി ചിന്തിച്ചോ എന്നറിയില്ല.

കാശ്മീരിൽ തീവ്രവാദ പ്രവർത്തനം വ്യാപിപ്പിക്കാനും ഭീകരാക്രമണം നടത്തുന്നതിനും ആസൂത്രണം ചെയ്തതിനാണ് 1995 ഫെബ്രുവരിയിൽ അസറിനെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തത്. ഇയാളെ മോചിപ്പിയ്ക്കണമെന്ന ആവശ്യവുമായി കാശ്മീർ സന്ദർശിച്ച ആറ് വിദേശസഞ്ചാരികളെ അൽ-ഫറാൻ എന്ന് സ്വയം അവകാശപ്പെട്ട തീവ്രവാദികൾ അതേവർഷം തന്നെ തട്ടിക്കൊണ്ടു പോയി. അന്ന് ബന്ദിയാക്കപ്പട്ടവരിൽ, ഒരു വിദേശ വിനോദസഞ്ചാരി എങ്ങനെയോ രക്ഷപ്പെട്ടു. ബാക്കി അഞ്ചുപേരെ സംബന്ധിച്ച് ഇന്നും അറിവില്ല. അവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടാകാം. അസറിനെ മോചിപ്പിക്കണമെന്ന തീവ്രവാദികളുടെ ആവശ്യം അന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. അതിന് പ്രതികാരമായാണ് കാഠ്മണ്ടുവിൽ നിന്നുമുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടു പോയത്. ഈ വിമാനം ഇറക്കിയത് തീവ്രവാദകേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലായിരുന്നു. അസറിനെയും കൂട്ടാളികളായ തീവ്രവാദികളെയും മോചിപ്പിച്ചില്ലെങ്കിൽ വിമാനം ബോംബ് വച്ചു തകർക്കുമെന്ന് ഭീകരവാദികൾ ഭീക്ഷണിപ്പെടുത്തി. ഒടുവിൽ മസൂദ് അസർ, അഹമ്മദ് ഒമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സാഗർ എന്നീ ഭീകരരെ ജയിലിൽ നിന്നും മോചിപ്പിച്ച് പ്രത്യേക വിമാനത്തിൽ കൊണ്ടു പോയി ഭീകരർക്ക് കാഴ്ച്ചവെച്ചത് അന്നത്തെ വാജ്‌പേയി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗായിരുന്നു. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും മന്ത്രിതലസംഘത്തിലെ അംഗമായിരുന്നു.

അന്ന് മോചിതനായ ഇയാളുടെ ആസൂത്രണത്തിലാണ് പഠാൻകോട് വ്യോമത്താവളത്തിൽ 2016 ജനുവരിയിൽ ഭീകരാക്രമണം ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയത്. ഈ ഭീകരസംഘടനയുടെ പങ്ക് വെളിയിലായതോടെയാണ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യം ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യ ഉന്നയിച്ചത്. അമേരിക്കയും, ബ്രിട്ടനും, ഫ്രാൻസും ഇന്ത്യയെ പിന്തുണച്ചെങ്കിലും, ചൈന വീറ്റോ അധികാരം പ്രയോഗിച്ചു. 2001-ൽ പാർലമെന്റ് മന്ദിരം അക്രമിച്ചതിന് പിന്നിലും അസറിന്റെ കൈയ്യുണ്ടെന്ന് വ്യക്തമായി. അന്താരാഷ്ട്രതലത്തിൽ
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അസറിനെ ഭീകരവിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ, ഗത്യന്തരമില്ലാതെ പാകിസ്ഥാന് ഇയാളെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കേണ്ടി വരികയും ജയ്‌ഷെ - ഇ - മുഹമ്മദ് എന്ന സംഘടനയെ നിരോധിക്കേണ്ടി വരികയും ചെയ്തു. എന്നാൽ ലാഹോർ ഹൈക്കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 2008-ലെ മുംബയ് ഭീകരാക്രമങ്ങളെത്തുടർന്ന് ഇയാളെ വീണ്ടും വീട്ടുതടങ്കലിലാക്കിയെങ്കിലും, പിന്നീട് മോചിപ്പിച്ചു.
പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ, ബക്ഷ് ഷബീർ എന്ന​ സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററുടെ പത്തു മക്കളിൽ ഒരാളാണ് അസർ. പഠിക്കുന്ന കാലയളവിൽ ഹർക്കത്തുൾ അൻസർ എന്ന തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട ഇയാൾ, അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്തു പരിക്കുപറ്റി ചികിത്സയിലായിലുന്നു. കൂർമ്മബുദ്ധിയും പ്രവർത്തനമികവും പുലർത്തിയ അസർ പിന്നീട് ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായി. ഇന്ത്യയിൽ നിന്ന് കാശ്മീരിനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജയ്‌ഷെ - ഇ- മുഹമ്മദ് എന്ന സംഘടന അസർ രൂപീകരിച്ചത്. കാശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇന്ന് മുന്നിൽ നിൽക്കുന്നത് ഈ സംഘടനയാണ്.

ഇയാളുടെ രണ്ട് സഹോദരീ പുത്രന്മാർ അടുത്ത കാലത്ത് ഇന്ത്യൻ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിന് പ്രതികാരം ചെയ്യുമെന്ന് പലകുറി മസൂദ് അസർ പ്രഖ്യാപിച്ചെങ്കിലും അതിനുള്ള സാഹചര്യം ഒത്തിണങ്ങി വന്നത് പുൽവാമയിലായിരുന്നു. ഇന്ത്യയുടെ അഭിമാനമായ 40 വീരയോദ്ധാക്കളുടെ ജീവനാണ് അസറിന്റെ പകയ്ക്ക് മുമ്പിൽ നഷ്ടപ്പെട്ടത്. ഇതിന് തിരിച്ചടി നൽകിയത് ഉചിതമായി.

ഖാണ്ഡഹാർ വിമാനറാഞ്ചലിന് നേതൃത്വം നൽകിയവരടക്കം മസൂദ് അസറിന്റെ സഹോദരന്മാർ ഇന്നലെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. തിരിച്ചടിയ്‌ക്കൊപ്പം മസൂദ് അസറിനെ അന്താരാഷ്ട്ര തീവ്രവാദികളുടെ ലിസ്‌റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള സമ്മർദ്ദം നാം ശക്തിപ്പെടുത്തണം. അതേസമയം മസൂദ് അസറിന് എല്ലാ സഹായവും നൽകി സംരക്ഷിക്കുകയാണ് പാകിസ്ഥാൻ. മസൂദിന് അസുഖം ബാധിച്ച അവസരങ്ങളിൽ ചികിത്സ നൽകിയിരുന്നത് പാകിസ്ഥാന്റെ സൈനിക ആശുപത്രികളായിരുന്നുവെന്നത് പരസ്യമായ ഒരു വസ്തുതയാണ്. പാകിസ്ഥാനിൽ മസൂദിന് സുരക്ഷാകവചം ഒരുക്കുന്നതും പാക് സൈന്യമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കാൻ പാകിസ്ഥാൻ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും. ഇയാളെ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യരാഷ്ട്രസഭ രക്ഷാകൗൺസിലിൽ ചർച്ച ഉണ്ടാക്കുന്ന അവസരങ്ങളിൽ, വീറ്റോ അധികാരം പ്രയോഗിച്ചു പാകിസ്ഥാനെ സഹായിക്കുന്നത് ചിരകാല സുഹൃത്തായ ചൈനയാണ്. ചൈനയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ, ഇന്ത്യയുമായും ചൈനയുമായും അടുത്തബന്ധം പുലർത്തുന്ന റഷ്യയുടെയും, സൗദി അറേബ്യയുടെയും സഹായത്തിനായി നയതന്ത്രതലത്തിൽ നാം കരുക്കൾ നീക്കണം.

(ഫോൺ : 9847173177 )​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FEATURE, SURGICAL STRIKE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY