SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.04 PM IST

സ്വയം നിയന്ത്രിക്കാതെ രക്ഷയില്ല

covid

കൊവിഡ് 19 ന്റെ രണ്ടാം വരവ് രാജ്യത്താകമാനം ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വാക്സിൻ ഉത്‌പാദനത്തിൽ ലോകരാഷ്ട്രങ്ങൾക്ക് മാതൃകയായ ഇന്ത്യയ്‌ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് രണ്ടാം തരംഗത്തിന്റെ വരവ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ വാക്സിൻ, മരുന്നുകൾ, ഓക്സിജൻ, ബയോമെഡിക്കൽ ഉപകരണങ്ങൾ മുതലായവ ഇന്ത്യയിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിദിന കൊവിഡ് ബാധ രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെയാണ്. മെയ് പകുതിയോടെ ഇത് 8 - 9 ലക്ഷത്തിലെത്തിയാൽ അത്ഭുതപ്പെടാനില്ലെന്നാണ് അമേരിക്കയിലെ മിഷിഗൺ സർവകലാശാല പഠനങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിലും കൊവിഡ് ബാധ നിരക്ക് ക്രമാനുഗതമായി വർദ്ധിച്ചു വരുന്നു. വകഭേദം വന്ന ഇന്ത്യൻ, ആഫ്രിക്കൻ, യു.കെ. സ്‌ട്രെയിനുകൾ കേരളത്തിലെ മിക്ക ജില്ലകളിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 25 ശതമാനത്തിലേറെയാണ്. രണ്ടാം തരംഗത്തിൽ ഓക്സിജന്റെ ആവശ്യകത രോഗികളിൽ വർദ്ധിച്ചു വരുന്നു. ശ്വാസതടസം കൂടുതലായി യുവാക്കളിലും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ജമ്മു കാശ്മീരിൽ 20-45 പ്രായമുള്ളവരിൽ മരണനിരക്ക് കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു !
കൊവിഡിനെ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അക്ഷീണം പ്രവർത്തിക്കുമ്പോൾ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ഓരോ വ്യക്തിയും കൊവിഡ് നിയന്ത്രണദൗത്യം ഏറ്റെടുക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇരട്ട മാസ്‌ക്കുകൾ ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും ശ്രമിക്കണം. വാക്സിൻ ലഭ്യമായ സമയത്ത് കൂടുതൽ പേർ വാക്സിനേഷന് താത്‌പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ രോഗബാധ ഉയരുമ്പോൾ സ്വാഭാവികമായും വാക്സിന്റെ ആവശ്യകതയിലുള്ള വർദ്ധന വാക്സിൻ ക്ഷാമത്തിന് ഇടയാക്കുന്നു.
വാക്സിൻ രജിസ്‌ട്രേഷൻ ഓൺലൈനായി പൂർത്തിയാക്കി, തീയതി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മെയ് ഒന്നു മുതൽ 18 - 45 വയസ് വരെയുള്ളവർക്കും വാക്സിനേഷൻ ആരംഭിച്ചു. ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും ലഭ്യമായ സ്ഥലത്തെത്തി വാക്സിനേഷൻ പ്രക്രിയയയ്ക്ക് വിധേയരാകാൻ ശ്രമിക്കേണ്ടതാണ്. ഒന്നാം ഘട്ടത്തിൽ നിന്നും വ്യത്യസ്തമാണ്‌ കൊവിഡ് രണ്ടാം തരംഗമെന്ന തിരിച്ചറിവ് ഏവർക്കും ആവശ്യമാണ്. ഒന്നാം ഘട്ടത്തിൽ ജാഗ്രതയ്ക്കായിരുന്നു ഊന്നൽ. എന്നാൽ രണ്ടാംതരംഗത്തിൽ നാമേവരും ഭീതിയുടെ നിഴലിലാണ്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ ടെസ്റ്റിനു വിധേയമാകണം. ആവശ്യമായ ക്വാറന്റൈൻ നടപടികൾ സ്വീകരിക്കണം. വാക്സിനേഷൻ എടുത്തവർക്കും രോഗം വരാം. എന്നാൽ രോഗതീവ്രത കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗം ഒരു തവണ വന്നവർക്കും വീണ്ടും രോഗം വരാം. അതിനാൽ വാക്സിനേഷന് വിധേയമായവരും രോഗം വന്ന്‌ ഭേദമായവരും മാസ്‌‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും മറക്കരുത്.
രാജ്യം കടുത്ത പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടുമ്പോൾ ഓരോ വ്യക്തിയും രോഗനിയന്ത്രണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡൽഹിയിലടക്കം ആശുപത്രികളിൽ കടുത്ത തിരക്കുള്ളതിനാൽ കിടക്കകൾക്ക് ക്ഷാമം നേരിടുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിയ്ക്കുന്നവരുടെ ക്ഷാമവും നിലനില്‌ക്കുന്നു. രോഗലക്ഷണമുള്ളവർക്ക് ടെസ്റ്റിന് വിധേയമാകാൻ സാധിക്കുന്നില്ലെങ്കിൽ നിർബന്ധമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്വാറന്റൈൻ അനുവർത്തിക്കണം. ഭൂരിഭാഗം രോഗികൾക്കും വീട്ടിൽ തന്നെയുള്ള പരിചരണത്തിലൂടെ രോഗം ഭേദപ്പെടും. എന്നാൽ രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ട ഉടനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് അത്യാസന്ന രോഗികൾക്ക് പ്രവേശനം ലഭിക്കുന്നതിന് തടസം സൃഷ്ടിക്കും.
സർക്കാർ അനുവർത്തിക്കുന്ന രോഗനിയന്ത്രണ നടപടികൾ പാലിക്കാൻ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും ഏറെ ശുചിത്വം പാലിക്കണം. രാജ്യത്തെ സാമ്പത്തിക, സാമൂഹിക, വ്യവസായ, സേവന, വിദ്യാഭ്യാസ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന പ്രത്യാഘാതങ്ങളാണ്‌ കൊവിഡ് ബാധ സൃഷ്ടിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.