ന്യൂ ജേഴ്സി : കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ലോകരാജ്യങ്ങൾ. എന്നാൽ വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്ന വലിയൊരു ജനക്കൂട്ടം ഇപ്പോഴുമുണ്ട് . അവർക്കു വേണ്ടി ആകർഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂ ജേഴ്സി. മെയ് മാസത്തിൽ വാക്സിൻ എടുക്കുന്ന ന്യൂ ജേഴ്സിക്കാർക്ക് സൗജന്യമായി ബിയർ നൽകുമെന്നാണ് ന്യൂ ജേഴ്സി ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച വ്യക്തമാക്കിയത്. പന്ത്രണ്ടോളം ബിയർ നിർമ്മാതാക്കളെ ഉൾപ്പെടുത്തിയാണ് ഷോട്ട് ആൻഡ് ബിയർ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
21 വയസിന് മുകളിൽ പ്രായമുള്ള ന്യൂ ജേഴ്സിക്കാർക്കാണ് സൗജന്യമായി ബിയർ ലഭിക്കുക. മെയ് മാസത്തിൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കണം.വാക്സിൻ എടുത്ത ശേഷം വാക്സിനേഷൻ കാർഡുമായി ബിയർ ഷോപ്പുകളിൽ ചെന്നാൽ ബിയർ ലഭിക്കും. ഓപ്പറേഷൻ ജേഴ്സി സമ്മർ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉൾപ്പെട്ടിരിക്കുന്നത്. വാക്സിൻ വിതരണത്തിന് വാക്ക് ഇൻ അപ്പോയിന്റ്മെന്റുകളും മെഗാ ക്യാപുകളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്.
ജൂൺ 30 ന് മുൻപ് 4.7 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തിന്റെ ശ്രമമായാണ് ഈ പദ്ധതിയെന്ന് ഫിൽ മർഫി വ്യക്തമാക്കി. കണക്കുകൾ അനുസരിച്ച് ന്യൂ ജേഴ്സിയിലെ 37 ശതമാനം ആളുകളാണ് ഇതു വരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |