SignIn
Kerala Kaumudi Online
Monday, 21 June 2021 1.35 PM IST

മന്ത്രിപദവികളും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വിട്ടുതരില്ലെന്ന് സി പി ഐ; കൊവിഡ് വ്യാപനത്തിനിടെ സത്യപ്രതിജ്ഞ നീളുന്നതിൽ ആശങ്ക

kanam-rajendran

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾക്ക് നാളെ തുടക്കമാകും. തിങ്കളാഴ്‌ചയോടെ വകുപ്പ് വിഭജനചർച്ചകൾ പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ തീരുമാനമെന്നാണ് വിവരം. ഈ മാസം ഇരുപത്തിരണ്ടാം തീയതിക്കകം സത്യപ്രതിജ്ഞ നടത്താനാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.

140 എം എൽ എമാരും വിശിഷ്‌ടവ്യക്തികളുമുൾപ്പടെ ചുരുങ്ങിയത് 200 പേരെയെങ്കിലും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിവരും. സാംസ്‌ക്കാരിക, രാഷ്ട്രീയപരിപാടികൾക്ക് വിലക്കുളള സാഹചര്യത്തിൽ ഇത്രയും പേർ പങ്കെടുക്കുന്ന ചടങ്ങ് നടത്താൻ സാധിക്കില്ല. അതിനാൽ സത്യപ്രതിജ്ഞാചടങ്ങും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ സാധിക്കുകയുളളൂ. പതിനാറാം തീയതിവരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ രോഗവ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനുളളിൽ ഉഭയകക്ഷി ചർച്ചയും വകുപ്പുവിഭജനവും പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം മൂലം പാർട്ടി കമ്മിറ്റികൾ ചേരാനുണ്ടാകുന്ന കാലതാമസമാണ് പ്രധാനമായും എൽ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നീളാൻ കാരണം. സി പി എമ്മിന്റെ മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാനസമിതിയും സി പി ഐയുടെത് സംസ്ഥാന കൗൺസിലുമാണ്. സി പി എം സംസ്ഥാന സമിതിയിൽ എട്ട് ക്ഷണിതാക്കൾ ഉൾപ്പടെ 97 അംഗങ്ങളുണ്ട്. സി പി ഐ കൗൺസിലിലും എൺപതിലേറെ പേരുണ്ട്. ഇത്രയും പേർക്ക് ഒരുമിച്ച് കൂടാൻ നിലവിൽ സാധിക്കില്ല.

അഞ്ചു ദിവസം നീളുന്ന ഉഭയകക്ഷി ചർച്ചയിൽ നിർണായകമാവുക സി പി എമ്മും സി പി ഐയും എടുക്കുന്ന തീരുമാനങ്ങളായിരിക്കും. ഇരുകക്ഷികളുമായുളള ചർച്ചയിൽ പുതിയ ഘടകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ട വകുപ്പുകളിൽ തീരുമാനമെടുക്കും. അതിനുശേഷം സി പി ഐ കൗൺസിൽ ചേരും. പതിനേഴിന് ഇടതുമുന്നണിയോഗത്തിന് ശേഷം പതിനെട്ടാം തീയതിയാണ് സി പി എം സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരുന്നത്. ഈ ദിവസങ്ങളിലായി പാർലമെന്ററി പാർട്ടി യോഗങ്ങളും ചേരും.

മന്ത്രി പദവികളും ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനവും വിട്ടുകൊടുക്കേണ്ടെന്നാണ് സി പി ഐയിലെ നിലവിലെ ധാരണ. സമ്മർദ്ദം ശക്തമായാൽ ചീഫ് വിപ്പ് പദവി വിട്ടുകൊടുത്തേക്കും. സി പി ഐയിൽ നിന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പെടുത്ത് കേരളകോൺഗ്രസ് എമ്മിന് നൽകാനാണ് സി പി എം ആലോചിക്കുന്നത്.

പതിനെട്ടാം തീയതി തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നതെങ്കിലും കൊവിഡ് വ്യാപനതോത് വ്യത്യാസപ്പെടുന്നതനുസരിച്ച് ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാകാനും സാദ്ധ്യതയുണ്ട്. കൊവിഡ് രൂക്ഷമായി പടരുമ്പോൾ കാവൽ സർക്കാർ തുടരുന്നത് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തുമോയെന്ന ആശങ്കയും ചില സി പി എം നേതാക്കൾക്കുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASSEMBLY POLLS, CPM, LDF, PINARAYI NEW CABINET OATH, KERALA CONGRESS M
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.