SignIn
Kerala Kaumudi Online
Thursday, 25 April 2024 4.26 AM IST

അകലയല്ല. 'അരികെ'

ayurveda

ദീർഘകാലപരിചരണം ആവശ്യമുള്ള രോഗികൾക്ക് പ്രത്യേക ആയുർവേദചികിത്സാ സംവിധാനമൊരുക്കുന്ന പദ്ധതിയാണ് 'അരികെ'. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമുള്ള ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

ദീർഘകാല ചികിത്സ ആവശ്യമുള്ള പ്രമേഹരോഗികൾ, മറ്റ് ജീവിതശൈലീരോഗങ്ങൾക്ക് സ്ഥിരമായി ചികിത്സ വേണ്ടവർ, വാർദ്ധക്യ സംബന്ധമായ രോഗങ്ങളുള്ളവർ, മാനസികരോഗികൾ, അപസ്മാരം,ആസ്ത്മ, കാൻസർ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് വളരെ നാളുകളായി ചികിത്സയിൽ കഴിയുന്നവർ, അപകടങ്ങൾ കാരണം തുടർചികിത്സ അനിവാര്യമായവർ, ഭിന്നശേഷിയുള്ളവർ തുടങ്ങിയവർക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.

ഹോംകെയർ പരിചരണം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പാലിയേറ്റീവ് രോഗികൾക്ക് ആയുർവേദ ചികിത്സ നല്ലതാണെന്ന് തോന്നിയാലോ, ചികിത്സകർ നിർദ്ദേശിച്ചാലോ അവ കൂടി ലഭ്യമാക്കുന്നതിനും ഗൃഹസന്ദർശന ടീമിനൊപ്പം രോഗിയെ കാണുന്നതിനും ചികിത്സാ നിർദ്ദേശങ്ങൾ നൽകുന്നതിനും ഈ പദ്ധതി വഴി സാധിക്കും. ഹോംകെയർ പരിചരണം ആവശ്യമുള്ളവർ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഹോം കെയർ സിസ്റ്റത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

ഹോം കെയർ ആവശ്യമില്ലാത്തതും എന്നാൽ ദീർഘകാല തുടർചികിത്സ ആവശ്യം വരുന്നതുമായ രോഗികളുമുണ്ട്. അവരുടെ പട്ടിക വാർഡ് അടിസ്ഥാനത്തിൽ ആശാ പ്രവർത്തകർ തയ്യാറാക്കി ഡോക്ടറെ ഏൽപ്പിക്കുകയും ഒരുമാസത്തിലേറെക്കാലം തുടർച്ചയായി ഉപയോഗിക്കാനുള്ള മരുന്നുകൾ ആവശ്യമാണെങ്കിൽ അവ ബന്ധുക്കൾ, സഹായികൾ, ആശാ പ്രവർത്തകർ എന്നിവർ വഴി രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ഇത്തരം രോഗികളും അവരുടെ കുടുംബവും അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഉതകുന്ന സന്നദ്ധ സ്വഭാവമുള്ള ആരോഗ്യ പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാലിയേറ്റീവ് രോഗികളിൽ അധികവും വയോജനങ്ങളാണ് ഉൾപ്പെടുന്നതെങ്കിലും ഈ പദ്ധതിക്ക് പ്രത്യേക പ്രായ പരിഗണന നൽകിയിട്ടില്ല.

ക്രോണിക് ഡിസീസ് മാനേജ്മെൻറ് സെന്റർ എന്ന നിലയിൽ നിലവിലുള്ള പ്രാഥമിക ആയുഷ് കേന്ദ്രങ്ങളും ഓ.പി സംവിധാനവും തന്നെയാണ് പ്രവർത്തിക്കുന്നത്. 60ന് മുകളിൽ പ്രായമുള്ളവരിൽ ദീർഘകാല ചികിത്സ ആവശ്യമുള്ളവരും എന്നാൽ ഹോംകെയർ പരിരക്ഷ ആവശ്യമില്ലാത്തവർക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നത്. സാധാരണ ഓ.പി യിൽ തന്നെയാണ് ഇവർ എത്തേണ്ടത്. ഇവിടെ മുതിർന്ന പൗരന്മാർക്ക് മുൻഗണന ലഭിക്കും.

ചില രോഗങ്ങളുടെ തീവ്രതയിൽപ്പെട്ടുപോയവർക്ക് പുനരധിവാസം സാദ്ധ്യമാക്കുന്നതിന് ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്ന തിരിച്ചറിവും പൊതുജനങ്ങൾ അത്തരമൊരു ആവശ്യം ഉന്നയിക്കുന്നതുമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിന് കാരണമായത്. അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് രോഗികൾക്കൊപ്പം അവരുടെ ബന്ധുക്കളും പൊതുപ്രവർത്തകരുമാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.