SignIn
Kerala Kaumudi Online
Friday, 29 March 2024 3.59 PM IST

ട്രെയിൻ സുരക്ഷ ഒരുക്കേണ്ടവരെ ഒന്നുണരൂ...

train-

ട്രെയിൻ ടിക്കറ്റിൽ റെയിൽവേ ശുഭയാത്ര ആശംസിക്കാറുണ്ട്. എന്നാൽ, ട്രെയിനിൽ കയറുന്ന സ്ത്രീകളുടെ യാത്ര എത്രത്തോളം ശുഭമാണെന്ന ചോദ്യം ഒരിക്കൽക്കൂടി ഉയർന്നിരിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം മുളന്തുരുത്തിയിലുണ്ടായ സംഭവമാണ് ഏറ്റവും ഒടുവിലത്തെ ചോദ്യം. ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണം കവരാനുള്ള ശ്രമം പുതിയ കാര്യമല്ല. ഗോവിന്ദചാമിയുടെ ക്രൂരമായ പീഡനത്തിനു പിന്നാലെ സൗമ്യ കൊല്ലപ്പെട്ടതോടെ അനവധി നിരവധി സുരക്ഷാ നിർദ്ദേശങ്ങളാണ് പല കോണുകളിൽ നിന്ന് ഉയർന്നത്. കേന്ദ്രസർക്കാർ, ഹൈക്കോടതി, പൊലീസ് എന്നിവരെല്ലാം സമാനമായ ഒരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന മുന്നറിയിപ്പിലാണ് മുന്നോട്ടു പോയത്. എന്നാൽ, മുളന്തുരുത്തി സംഭവം ഒന്നും നടപ്പായില്ലെന്ന ശുഭകരമല്ലാത്ത സത്യമാണ് പുറത്തുവിട്ടത്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും പന്ത്രണ്ട് ലക്ഷം സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി എങ്ങുമെത്തിയില്ലെന്നതാണ് വാസ്തവം. മുന്നൂറ് കോടിയുടെ പദ്ധതി പാസഞ്ചർ ട്രെയിനിനേക്കാൾ ഒച്ചിഴയുന്ന വേഗത്തിലാണ്. പതിനൊന്നായിരം ട്രെയിനുകളിലും ഒമ്പതിനായിരം റെയിൽവേ സ്‌റ്റേഷനിലുമായിരുന്നു പദ്ധതി. ഓരോ കോച്ചിലും എട്ട് ക്യാമറകൾ സ്ഥാപിക്കാനായിരുന്നു നീക്കം. വാതിലുകളും ഇടനാഴികളും നിരീക്ഷണ പരിധിയിൽ വരും. രണ്ടുവർഷം മുമ്പുള്ള പ്രഖ്യാപനം രണ്ടു വർഷത്തിനുള്ളിൽ ലക്ഷ്യത്തിലെത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.

മുളന്തുരുത്തിയിലെ അക്രമം, സൗമ്യ നേരിട്ട സമാനമായ സാഹചര്യങ്ങളിലേക്ക് പോകുന്നതിനിടെയാണ് യുവതി പാളത്തിലേക്ക് എടുത്ത് ചാടി രക്ഷപ്പെട്ടത്. ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടു മാത്രം. മറ്റാരുമില്ലാത്ത കോച്ചിലായിരുന്നു യുവതിയുടെ യാത്ര. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി മുളന്തുരുത്തി സ്‌റ്റേഷനിൽ നിന്നാണ് ഈ കോച്ചിലേക്ക് കയറിയത്. വന്നപാടെ ഫോൺ പിടിച്ചുവാങ്ങി പുറത്തേക്ക് വലിച്ചെറിഞ്ഞു. സ്‌ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരിയെടുത്തു. പിന്നീട് ടോയ്‌ലെറ്റിലേക്ക് വലിച്ചുകൊണ്ടു പോകുന്നതിനിടെയാണ് യുവതി ട്രെയിനിൽ നിന്ന് സാഹസികമായി ചാടിയത്.

പ്രതിയെ അറിയാമെങ്കിലും റെയിൽവേ പൊലീസിനും കേരള പൊലീസിനും പിടികൂടാൻ കഴിഞ്ഞില്ല. ആറു ദിവസങ്ങൾക്ക് ശേഷം പത്തനംതിട്ട ചിറ്റാറിലെ ബന്ധുവിട്ടിലെത്തിയ പ്രതിയെ വീട്ടുകാർ ഇറക്കിവിട്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾ വനത്തിലൂടെ നടന്നു പോകുന്നത് കണ്ട നാട്ടുകാരും പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു.

പ്രതിയെ വ്യക്തമായി അറിയാമായിരുന്നിട്ടും വേഗത്തിൽ പിടികൂടാൻ കഴിയാതിരുന്നതാണ് സുരക്ഷ വെറും കടലാസിലാണെ ഓർമ്മപ്പെടുത്തലിലൂടെ ചർച്ചയാകുന്നത്. സ്ഥിരം കുറ്റവാളിയായ നൂറനാട് സ്വദേശിയുടെ ചിത്രം ആർ.പി.എഫ് കാണിച്ചപ്പോഴെ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. നാട്ടിലെ പൊലീസ് സ്‌റ്റേഷനുകളിലും ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. ഇത്രയും കുപ്രസിദ്ധനായ ഒരാൾ പ്ലാറ്റ്‌ഫോമിലും ട്രെയിനിലും കടന്നുകയറിയത് ഗുരുതര വീഴ്ച തന്നെയാണ്. കൊവിഡ് കാലത്ത് ട്രെയിനിൽ യാത്രക്കാർ കുറവാണ്. ഈ സമയത്തുപോലും മതിയായ സുരക്ഷ ഒരുക്കാത്തത് വൻ ദുരന്തങ്ങൾ വിളിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ആരുമില്ലാത്ത കോച്ചുകളിൽ യാത്ര ചെയ്യരുതെന്ന റെയിൽവേയുടെ ഉപദേശം വിചിത്രമായി തോന്നാം. എന്നാലും, സ്വയംസുരക്ഷയുടെ ഭാഗമായി മുൻകരുതൽ എടുക്കേണ്ടതു തന്നെയാണ്. രാത്രി സർവീസുകളിൽ മാത്രമാണ് ഇപ്പോൾ ആർ.പി.എഫിന്റെ സുരക്ഷ. കൂടുതൽ പൊലീസുകാരെ വിന്യസിക്കണമെന്ന പാസഞ്ചർ അസോസിയേഷന്റെ ആവശ്യങ്ങൾക്കും ഇതുവരെ പരിഹാരമായിട്ടില്ല.

റെയിൽവേ യാത്രക്കാർ, പൊലീസുകാർ, പോർട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി ട്രെയിനിൽ ജനമൈത്രി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പുതുമയുള്ളതാണ്. കമ്പ്യൂട്ടറിലൂടെ നിയന്ത്രിക്കപ്പെടുന്ന ഡെസ്‌പാച്ച് സംവിധാനവും നടപ്പാക്കണം. 112 എന്ന നമ്പർ അമർത്തിയാൽ ലൊക്കേഷൻ അടക്കമുള്ള വിവരം റെയിൽവേ ബീറ്റ് പൊലീസ് ഓഫീസർക്ക് ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന റെഡ് ബട്ടൺ സൗകര്യവും ട്രെയിനിൽ നടപ്പാക്കണം. യുവാവ് അക്രമണം നടത്തിയ ട്രെയിനിലെ കോച്ചിൽ നിന്ന് മറ്റൊരു കോച്ചിലേക്ക് പോകാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഇത്തരം കോച്ചുകൾ മാറ്റണമെന്ന ആവശ്യം ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ല.

മേരി സഹേലി എവിടെ ?​

സ്ത്രീ സുരക്ഷ ഉറപ്പാക്കാനുളള കേന്ദ്ര സർക്കാരിന്റെ മറ്റൊരു പദ്ധതിയായിരുന്നു മേരി സഹേലി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിൻ യാത്ര തുടങ്ങുന്ന സ്‌റ്റേഷനിൽ നിന്ന് ആർ.പി.എഫിന്റെ വനിതാ സംഘം കയറും. വനിതായ യാത്രക്കാർക്ക് സുരക്ഷാ ബോധവത്‌കരണം നടപ്പാക്കുകയാണ് ആദ്യ നടപടി. ദക്ഷിണ റെയിൽവേ പതിനേഴ് സംഘങ്ങൾ രൂപീകരിച്ചിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് എല്ലാം അലങ്കോലമായി. ഒരു സംഘം ട്രെയിനിൽ നിന്നിറങ്ങുമ്പോൾ അടുത്ത സംഘം കയറും. ഇവർക്ക് യാത്രക്കാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ആദ്യസംഘം കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തണമെന്നായിരുന്നു നിർദ്ദേശം. ഇതുപോലെ നിരവധി പദ്ധതികളുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ നിലച്ചു.

റെയിൽവേയുടെ സുരക്ഷാ നയത്തിൽ കാതലായ മാറ്റമാണ് ആവശ്യം. എല്ലാ വർഷവും കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ എത്തുന്നില്ല. ടിക്കറ്റെടുക്കാതെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കയറിയാൽ റെയിൽവേ സ്‌ക്വാഡ് പിഴ ഈടാക്കാറുണ്ട്. ടിക്കറ്റെടുക്കാത്തവരെ പിടികൂടാൻ ട്രെയിനിലും സംവിധാനമുണ്ട്. എ ക്ലാസ് സ്‌റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടർ വഴിയാണ് യാത്രക്കാർക്ക് പ്രവേശനം. അതേസമയം, പ്ലാറ്റ് ഫോമിലൂടെ അലഞ്ഞു തിരിയുന്ന ക്രിമിനലുകളെ പിടികൂടാൻ കാര്യമായ മുന്നൊരുക്കങ്ങൾ റെയിൽവേ പൊലീസും ആർ.പി.എഫും നടത്തുന്നില്ലെന്നത് വ്യക്തമാണ്. ട്രെയിനിൽ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും പിടികൂടുന്നതിലാണ് കൂടുതൽ ശ്രദ്ധ. അതോടെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആരും ചിന്തിക്കാതായി. ഇതിനൊരു മാറ്റം അനിവാര്യമാണ്. റെയിൽവേ സ്‌റ്റേഷനിൽ കറങ്ങി നടക്കുന്ന ക്രിമിനലുകളുടെ ക്രൈം ഡയറി സേനകളുടെ കൈയിലുണ്ട്. അതൊന്ന് പൊടിതട്ടിയെടുത്താൽ ഒരു പരിധി വരെ ശുഭയാത്ര സാദ്ധ്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN TRAIN PASSENGERS SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.