SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.49 PM IST

ചിരിയുടെയും ചിന്തയുടെയും ഇടയൻ

kk

ആത്മീയത മഞ്ഞുതുള്ളി പോലെ സുതാര്യവും ലളിതവുമാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്നവർ പ്രഭാഷണങ്ങളിലൂടെയും വാഗ്വാദങ്ങളിലൂടെയും അതിനെ സങ്കീർണമാക്കി മാറ്റുകയാണ് പതിവ്. വേദങ്ങളുടെ പൊരുളിലേക്ക് മനസുകൊണ്ട് ഇറങ്ങിച്ചെന്നവർ ലളിതമായും നർമ്മ മധുരമായും ആത്മീയതയെക്കുറിച്ച് സംസാരിക്കും. അവരുടെ വാക്കുകൾ പ്രഭാഷണം കഴിഞ്ഞാലും നമ്മളിൽ തങ്ങിനിൽക്കും. ഏകാന്തതകളിൽ ദൂരെ എവിടെയോ നിന്ന് ആ വാക്കുകൾ വീണ്ടും കടന്നുവന്ന് നമ്മുടെ ഓർമ്മകളെ സുഗന്ധപൂരിതമാക്കും. അത്തരത്തിലുള്ള ഒരു ആത്മീയ പുരുഷനായിരുന്നു കാലം ചെയ്ത മാർത്തോമാ സഭാ മുൻ പരമാദ്ധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ഒരു ചെറു ചിരിയോടെയല്ലാതെ ആർക്കാണ് അദ്ദേഹത്തെക്കുറിച്ച് ഓർക്കാൻ കഴിയുക. വേദപഠനവും ജീവിതാനുഭവങ്ങളുമാണ് അദ്ദേഹത്തെ ചിരിയുടെ ചെപ്പാക്കി മാറ്റിയത്. ചെറുപ്പകാലത്ത് ആത്മീയ ജീവിതത്തിന്റെ ഭാഗമായി ആദിവാസികളുടെയും മുക്കുവരുടെയും കൂടെ ഏറെക്കാലം സഹവസിച്ചിരുന്നു. വലിയ കാര്യങ്ങൾ വലിയ ഭാഷയിൽ പറഞ്ഞാൽ അക്ഷരാഭ്യാസം കുറവായിരുന്ന അവർക്ക് മനസിലാകില്ല. എന്നാൽ വലിയ കാര്യങ്ങൾ നർമ്മമധുരമായി ലളിതമായി പറഞ്ഞാൽ അതിന്റെ കാമ്പ് പണ്ഡിതരെക്കാൾ വേഗത്തിൽ അവർ ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യും. അവരിലെ നന്മയുടെ നേർബുദ്ധിയാണ് അതിന് അവരെ സഹായിക്കുന്നത്. വേദപുസ്തകത്തിലെ കാര്യങ്ങൾ ഗഹനമായി പ്രതിപാദിച്ചാലൊന്നും അവിടെ വിലപ്പോകില്ല. ഒരുപക്ഷേ 'ഒന്നും മനസിലായില്ല അച്ചാ" എന്ന് അവർ നി​ഷ്‌കളങ്ക ബുദ്ധി​യാൽ തുറന്ന് പറയാനും മടി​ക്കി​ല്ല. ഇവരുമായുള്ള സഹവാസത്തി​ൽ നി​ന്നാവാം ജനക്കൂട്ടവുമായി​ എങ്ങനെ കമ്മ്യൂണി​ക്കേറ്റ് ചെയ്യണം എന്നതി​ന്റെ ബാലപാഠങ്ങൾ തിരുമേനി സ്വായത്തമാക്കി​യത്. അത് അദ്ദേഹം വി​ടവാങ്ങും വരെ കാത്തുസൂക്ഷി​ക്കുകയും ചെയ്തു.

ക്രി​സോസ്റ്റം എന്ന വാക്കി​ന്റെ അർത്ഥം സ്വർണ നാവുള്ളവൻ എന്നാണ്. ആ പേര് അന്വർത്ഥമാക്കുന്ന ശൈലി​യി​ൽ തന്നെയാണ് അദ്ദേഹം നമുക്കി​ടയി​ൽ ജീവി​ച്ചത്. ആ സ്വർണനാവി​ൽ നി​ന്ന് അടർന്ന് വീണ ഫലി​തബി​ന്ദുക്കളുടെ തേൻതുള്ളി​ നുകരാത്ത ആരുമുണ്ടാകി​ല്ല.

ക്രി​സോസ്റ്റം തി​രുമേനി​യുടെ നവതി​ ആഘോഷം നടക്കുന്ന വേളയി​ൽ ഒരു രാഷ്ട്രീയ നേതാവ് നൂറുവർഷം തി​രുമേനി​ നമ്മോടൊപ്പം ഉണ്ടാകട്ടെ എന്നാണ് ആശംസി​ച്ചത്. മറുപടി​ പ്രസംഗത്തിൽ തി​രുമേനി​ ഇങ്ങനെ പറഞ്ഞു: ''എന്റെ അപ്പൻ 110 വയസ് വരെ ജീവിച്ചതാ. ഇവിടെ ചിലർ ഞാൻ നൂറു വയസുവരെ ജീവിക്കട്ടെ എന്നാണ് ആശംസിച്ചത്. ഒരു അപേക്ഷയേ ഉള്ളൂ. അപ്പൻ ജീവിച്ച കാലം വരെയെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കണം." ഒരു നവതി ആഘോഷത്തെ ഇതിനെക്കാൾ ഫലിതമധുരമാക്കാൻ ആർക്ക് കഴിയും.

തിരുമേനിയുടെ ഫലിതങ്ങൾ ക്രൈസ്‌തവ സഭയിലും പൊതുവെ സമൂഹത്തിലും സംഭവിക്കുന്ന മൂല്യച്യുതികളിലേക്ക് ആരെയും വേദനിപ്പിക്കാതെ വിരൽചൂണ്ടുന്നവ കൂടിയായിരുന്നു. മനുഷ്യനെയും പക്ഷിമൃഗാദികളെയും പ്രകൃതിയെയും കർത്താവിനെയും ഒരേപോലെ സ്നേഹിച്ച മഹാനുഭാവൻ.

കീശയിൽ മിഠായി പൊതികളുമായി നടന്നിരുന്ന ആ വലിയ ഇടയൻ ജീവിതപ്പാതയിൽ നിന്ന് നടന്ന് മറഞ്ഞെങ്കിലും അദ്ദേഹം അവശേഷിപ്പിച്ച ശുദ്ധഹാസ്യത്തിന്റെ ചിരി ഒരിക്കലും മറയുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.