SignIn
Kerala Kaumudi Online
Thursday, 25 April 2024 10.02 AM IST

ജനവിധിയുടെ വാച്യാർത്ഥവും വ്യംഗ്യാർത്ഥവും

election

സമൂഹമനസിന്റെ പൊതുവായ യുക്തിയാണ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുക. രാഷ്ട്രീയ ഗണിതം കൊണ്ടും സാമൂഹ്യ ശാസ്ത്രം കൊണ്ടും പ്രായോഗിക കാര്യകാരണങ്ങൾ കൊണ്ടുമൊക്കെ അതിനെ വ്യാഖ്യാനിക്കാൻ സാധിക്കും. ആ വ്യാഖ്യാനങ്ങൾക്കെല്ലാം സാംഗത്യമുണ്ട് താനും. എന്നാൽ തിരഞ്ഞെടുപ്പിൽ ആത്യന്തികമായി പ്രതിഫലിക്കുന്നത് സമൂഹം ആ കാലയളവിൽ പങ്കുവയ്ക്കുന്ന കൃത്യമായ വിശ്വാസങ്ങളും ആശങ്കകളും ആവശ്യങ്ങളുമാണ്. ഒരർത്ഥത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യശ്രാവ്യ തിരയിളക്കത്തിനും മുമ്പ് തന്നെ സമൂഹത്തിന്റെ പൊതുബോധത്തിൽ തീരുമാനം രൂപപ്പെട്ടു കഴിഞ്ഞിരിക്കും.

അനേകലക്ഷം മനസുകളിലെ വിചാര തരംഗദൈർഘ്യം ഏകീഭവിച്ചത്
തിരഞ്ഞെടുപ്പിലൂടെ മാത്രമേ അറിയാനാവൂ. കേരളത്തിലെയും തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇത്തരത്തിലുള്ള വ്യക്തമായ സന്ദേശങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഇതാദ്യമായി തുടർഭരണത്തിനുള്ള അവകാശം ഇടതുജനാധിപത്യ മുന്നണിക്ക് കേരളം നൽകിയിരിക്കുന്നു. ഭരണത്തുടർച്ച ആഗ്രഹിക്കാൻ സമൂഹമനസിനെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതാണ്. കൊവിഡ് വ്യാപനം
വീണ്ടും രൂക്ഷമായിത്തീരുകയും സാമ്പത്തിക മാന്ദ്യം അനിവാര്യമാവുകയും ചെയ്യുന്ന അപൂർവ ഗുരുതരമായ ഒരു ജീവിതാവസ്ഥയിലൂടെയാണ് ഇന്ത്യയും കേരളവും കടന്നു പോകുന്നത്. രോഗഭീതി ഒരു ഭാഗത്ത് , തങ്ങളെ തുറിച്ചു നോക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭീതിദമുഖം മറ്റൊരു ഭാഗത്ത്. സർക്കാരിന് വന്നുചേരുന്ന ഭരണപരവും സാമ്പത്തികവുമായ ഭാരിച്ച ബാദ്ധ്യതയെക്കുറിച്ചും സമൂഹത്തിനു ബോദ്ധ്യമുണ്ട്. ഭരണകൂടത്തിന്റെ കാരുണ്യം എത്ര വിലപ്പെട്ടതാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞ കാലഘട്ടമാണിത്. (എങ്ങനെ ഭരണകൂടത്തിന് അലിവില്ലാതെ പെരുമാറാൻ കഴിയും എന്ന ഉദാഹരണങ്ങളും മുന്നിലുണ്ട്.) രണ്ടറ്റവും കഷ്ടിച്ച് കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിരുന്ന കുടുംബങ്ങളിൽ കൊവിഡ് മഹാമാരി വരുത്തി വച്ച അരക്ഷിതത്വങ്ങൾക്കിടയിൽ സർക്കാർ ഒപ്പമുണ്ടെന്ന തോന്നൽ എത്രമാത്രം വിലപ്പെട്ടതാണെന്നു നിർവചിക്കാവതല്ല. ഇത്തരമൊരു നിർണായക ഘട്ടത്തിൽ അഞ്ചുവർഷം സർക്കാരിനെ നയിച്ച രാഷ്ട്രീയ നേതൃത്വത്തെ മാറ്റുന്നതിലെ ബുദ്ധിശൂന്യത സമൂഹ മനസ് കൃത്യമായി തിരിച്ചറിഞ്ഞു. സാമ്പത്തിക മേഖലയിൽ അനിവാര്യമായ മാന്ദ്യമുണ്ടാകുമ്പോൾ, നിലവിലുള്ള ഭരണത്തെ മാറ്റി മറ്റൊരു സംവിധാനത്തെ അവരോധിക്കുന്നത് ആപത്തുകാലത്തു കെട്ടിപ്പടുത്ത ക്രമീകരണങ്ങളും നേടിയെടുത്ത അനുഭവമൂല്യവുമെല്ലാം നിരാകരിക്കുന്നതിനു തുല്യമാണെന്നും സമ്മതിദായകർ മനസിലാക്കി. ഇത്രയേറെ പ്രാതികൂല്യങ്ങളും വെല്ലുവിളികളും നേരിട്ടിട്ടും ഒരു സർക്കാർ അടിപതറാതെ നിന്നതിനുള്ള അംഗീകാരവുമാണ് ഈ ജനവിധി.
ഭരണത്തുടർച്ച കേരളത്തിന് പുതിയ അനുഭവമാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിഞ്ഞും പുതിയൊരു രാഷ്ട്രീയ സംവിധാനത്തെ ഭരണമേല്‌പ്പിക്കുകയാണല്ലോ കേരളത്തിന്റെ പതിവ് രീതി. അതിനു ചില ഗുണങ്ങളുണ്ട്; ഒപ്പം ചില ദോഷങ്ങളും. ഭരണത്തുടർച്ചയുടെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കൂടിയാണ് ഈ ജനവിധി. സാധാരണ ഒരു പുതിയ സർക്കാറിനു പൊതുവായ സാമ്പത്തിക സ്ഥിതി മനസിലാക്കാനും ഭരണപരമായ പ്രശ്നങ്ങൾ ഗ്രഹിക്കാനും രാഷ്ട്രീയമായ അസ്വാരസ്യങ്ങൾ പരിഹരിക്കാനുമൊക്കെയായി ആദ്യത്തെ മൂന്നുമാസങ്ങൾ വേണ്ടി വരും. പിന്നെയാണ് ഭരണപരമായ കാര്യങ്ങളിലേക്ക് കടക്കാനാവുക. പാതിവഴിയിൽ നിൽക്കുന്ന പ്രോജക്ടുകൾ പൂർത്തീകരിക്കാൻ അവർ ശ്രമിക്കുമ്പോൾ, പുതിയ രാഷ്ട്രീയ സംവിധാനത്തിന്റെ താത്‌പര്യങ്ങൾക്കനുസൃതമായ നൂതന പദ്ധതികൾ ഏറ്റെടുക്കാനുള്ള സമ്മർദ്ദവുമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിലെ അനിവാര്യമായ അഴിച്ചുപണിക്കും വേണം കുറെ സമയം. അതിനിടെ അപ്രതീക്ഷിത പ്രതിസന്ധികൾ വന്നു ചേരാം. സാമ്പത്തിക സ്ഥിതി മോശമാകാം. എങ്ങനെയായാലും ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ മാത്രമേ ഗൗരവപൂർണമായ വികസന ക്ഷേമപ്രവർത്തനങ്ങൾക്കു പുതിയ ഊർജ്ജവും ദിശാബോധവും ഗതിവേഗവും കൈവരിക്കാൻ കഴിയൂ.
ഒരു സർക്കാരിന് ആകെ ഭരിക്കാൻ കിട്ടുന്ന അറുപതു മാസങ്ങളിൽ ആദ്യത്തെ പത്തോ പന്ത്രണ്ടോ മാസം ഈ വിധം നഷ്ടപ്പെടുത്താനുള്ള സാവകാശമോ ധാരാളിത്തമോ ഇപ്പോഴത്തെ അവസ്ഥയിൽ നമുക്കില്ലെന്നു കൂടി സമ്മതിദായകർ വ്യക്തമാക്കിയിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളുമായി മുന്നോട്ടു പോകാൻ അഞ്ചുവർഷം ഭരിച്ച സർക്കാരിന്
അനായാസം സാധിക്കും. ഇപ്പോഴത്തെ അവസ്ഥയിൽ ആ ചടുലതയും ആത്മവിശ്വാസവും ജനങ്ങൾ ആഗ്രഹിക്കുന്നു. ജനങ്ങൾ പതറിയാലും സർക്കാരും രാഷ്ട്രീയ നേതൃത്വവും പതറുന്നില്ലെന്ന ബോദ്ധ്യവും സമൂഹത്തിനു ആത്മവിശ്വാസം പകർന്നു. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും അവശ്യസേവനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും സർക്കാർ കുറവു കാണിക്കുന്നില്ല എന്നതിന്റെ മൂല്യവും സമൂഹം തിരിച്ചറിഞ്ഞു. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യനീതിയിലൂന്നിയ ഭരണസമീപനങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന നിർണയവും ജനങ്ങൾക്ക് ആശ്വാസം പകർന്നു. അനിതര സാധാരണമായ ജീവിതപ്രതിസന്ധികളിൽ ജനങ്ങൾ നട്ടംതിരിയുമ്പോൾ മറ്റൊന്നിനും സമയം കളയാനില്ലെന്ന് കേരളം പ്രഖ്യാപിച്ചിരിക്കുന്നു. സമയം അപഹരിക്കുന്ന അന്വേഷണങ്ങൾക്കും ആരോപണങ്ങൾക്കും വേണ്ടി കളയാൻ തല്‌കാലം സമയമില്ലെന്നാണ് ജനവിധിയുടെ ഉച്ചത്തിലുള്ള വിളംബരം. സമൂഹം ഒന്നിച്ചു നിൽക്കേണ്ട ഈ ആതുരകാലത്ത് ദയവു ചെയ്തു ഞങ്ങളെ ഭിന്നിപ്പിക്കരുതേ എന്നുമാണ് ഇതിനർത്ഥം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.