SignIn
Kerala Kaumudi Online
Saturday, 20 April 2024 1.25 AM IST

ദളപതിയിൽ നിന്നും തലൈവരിലേക്ക്

m-k-stalin

തമിഴ്നാട്ടിൽ 'സ്റ്റാലിനിസ'ത്തിനു തുടക്കമാവുന്നു. സോവിയറ്റ് റഷ്യയിലെ ജോസഫ് സ്റ്റാലിനും തമിഴ്നാട്ടിലെ മുത്തുവേൽ കരുണാനിധി സ്റ്റാലിനും തമ്മിൽ പേരിലെ സാമ്യം മാത്രമാണ് ഇതുവരെയുള്ളത്. പാർട്ടിയിൽ പലപ്പോഴും ഏകാധിപതിയുടെ കരുത്ത് കാണിച്ചിട്ടുള്ള എം.കെ.സ്റ്റാലിൻ ഭരണം എങ്ങനെയാകുമെന്ന് വരുംനാളുകൾ പറയും.

മൂന്നു ഭാര്യമാരിലായി കരുണാനിധിക്ക് ആറു മക്കളുണ്ടായിരുന്നെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തെ ദശകങ്ങളോളം ഉള്ളംകയ്യിൽ സൂക്ഷിച്ച രാഷ്ട്രീയ ചാണക്യന്റെ പിൻഗാമിയാകാനുള്ള നിയോഗം ആ സ്റ്റാലിനായിരുന്നു.

അരനൂറ്റാണ്ടോളം പിതാവിന്റെ നിഴലായി നിന്ന് സ്റ്റാലിൻ പ്രവർത്തിച്ചു. അധികാരം കൈയിൽ വരുന്ന നാളിനായി ക്ഷമയോടെ കാത്തിരുന്നു. 1966ൽ ഡി.എം.കെയുടെ വിദ്യാർത്ഥി നേതാവായി അഞ്ചരപതിറ്റാണ്ടിനു ശേഷമാണ് മുഖ്യമന്ത്രി എന്ന ചിരകാല അഭിലാഷം സ്റ്റാലിന് കൈവരിക്കാൻ കഴിയുന്നത്. കരുണാനിധിയുടെ പ്രതാപകാലത്ത് നിഴലായി കൊണ്ടു നടന്നെങ്കിലും സ്റ്റാലിനെ മുഖ്യമന്ത്രി കസേരയിലിരുത്താൻ കരുണാനിധി തയ്യാറായിരുന്നില്ല. പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന ഭയമായിരുന്നു ഒരു കാരണം.

സി.എൻ.അണ്ണാദുരൈയായിരുന്നു ഡി.എം.കെയുടെ ആദ്യമുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മരണശേഷം വി.ആർ.നെടുഞ്ചേഴിയൻ ആക്ടിംഗ് മുഖ്യമന്ത്രിയായി. എട്ടാം നാൾ 1969 ഫെബ്രുവരി 10ന് കരുണാനിധി മുഖ്യമന്ത്രിയായി. പിന്നെ ഡി.എം.കെയ്ക്ക് അധികാരം കിട്ടിയപ്പോഴൊക്കെ കരുണാനിധിയല്ലാതെ വേറൊരു നേതാവിനെപ്പറ്റി ഡി.എം.കെ പ്രവർത്തകർ ചിന്തിച്ചതു പോലുമില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മരണശേഷം 'കലൈഞ്ജർ പിള്ളൈ' അധികാരത്തിലെത്തുന്നു.

കോൺഗ്രസ്, സി.പി.എം, സി.പി.ഐ കക്ഷികളെ ഉൾപ്പെടെ ഒറ്റക്കുടക്കീഴിൽ അണിനിരത്തി സ്റ്റാലിൻ രൂപീകരിച്ച മതനിരപേക്ഷ സഖ്യം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 39 ൽ 38 നേടിയപ്പോൾ തന്നെ നിയമസഭാ വിജയം ഉറപ്പായിരുന്നു. സ്വപ്ന സാക്ഷാത്കാരത്തിന് തടസമായി സ്റ്റാലിൻ ഒരാളെയെ കണ്ടുള്ളൂ- രജനികാന്തിനെ. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലന്ന് രജനി കട്ടായം പറഞ്ഞതോടെ എല്ലാം ക്ലിയറായി.

അണ്ണാ ഡി.എം.കെയുടെ ചെറുത്തുനില്‌പിലും കാലിടറാതെ ഡി.എം.കെയെ കാത്തത് സ്റ്റാലിന്റെ മുന്നൊരുക്കം തന്നെയായിരുന്നു. ഡി.എം.കെ ചിഹ്നത്തിൽ മത്സരിച്ച ചെറുകക്ഷികളുൾപ്പെടെ 13 പാർട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്.

കേരളത്തിലെ സി.പി.എം പോലെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ശക്തമായ സംഘടനാ സംവിധാനമുള്ള പാർട്ടിയാണ് ഡി.എം.കെ. എന്നിട്ടും, പുതിയ കാലത്തിന് അനുസൃതമായി പ്രചാരണത്തിനു രൂപം നൽകാൻ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടി. കൊവിഡ് കാലത്ത് സംസ്ഥാനമൊട്ടാകെ 20 ലക്ഷം പൊതിച്ചോറുകൾ നൽകിയ പദ്ധതിയുൾപ്പെടെ പ്രശാന്ത് കിഷോറിന്റെ ബുദ്ധിയായിരുന്നു. നവ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചാരണത്തിൽ പ്രശാന്ത് കിഷോറിന്റെ ഉപദേശം പൂർണമായി ഉൾക്കൊണ്ടപ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി കീഴ്വഴക്കം കൂടി കാത്തു. മുഖം മിനുക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ പുതുമുഖങ്ങൾ വേണമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിർദേശം. മുതിർന്ന തലമുറയെ അപ്പാടെ മാറ്റിനിറുത്തുന്നതു ബുദ്ധിയല്ലെന്നു സ്റ്റാലിൻ തിരിച്ചറിഞ്ഞു. യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയസ്ഥാനാർഥി പട്ടിക ആ തിരിച്ചറവിന്റെ ഫലമാണ്.
ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തിയപ്പോഴും ഡി.എം.കെ ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന പ്രചാരണം ചെറുക്കാൻ ബോധപൂർവ ശ്രമങ്ങളുണ്ടായി. ക്ഷേത്രനവീകരണത്തിനു 1000 കോടിയെന്ന പ്രകടന പത്രികാ വാഗ്ദാനം ഇതിന്റെ ഭാഗമായിരുന്നു.

പാർട്ടി പ്രവർത്തനം നേരമ്പോക്കായിരുന്ന എം.കെ.സ്റ്റാലിനെ കറകളഞ്ഞ രാഷ്ട്രീയക്കാരനാക്കിയതു അടിയന്തരാവസ്ഥയാണ്. മിസ നിയമപ്രകാരം ഒരു വർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ച സ്റ്റാലിൻ ക്രൂര മർദ്ദനത്തിനിരയായി. പുറത്തിറങ്ങിയ സ്റ്റാലിൻ പാർട്ടിയിൽ സജീവമായി. കുടുംബ രാഷ്ട്രീയമെന്ന ആരോപണമുയരുമ്പോഴെല്ലാം കരുണാനിധി പറയുമായിരുന്നു 'സ്റ്റാലിനെ രാഷ്ട്രീയക്കാരനാക്കിയതു ഞാനല്ല, ഇന്ദിരാ ഗാന്ധിയാണ്.'
1982ൽ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയായ എം.കെ.സ്റ്റാലിൻ മൂന്നു പതിറ്റാണ്ടോളം പദവിയിൽ തുടർന്നു. 1984ലെ ആദ്യ തിരഞ്ഞെടുപ്പിൽ തൗസന്റ് ലൈറ്റ്സിൽ തോൽവിയായിരുന്നു ഫലം. 91ൽ വീണ്ടും ഇവിടെ തോറ്റു. 89, 96, 2006 വർഷങ്ങളിൽ വിജയിച്ചു. കൊളത്തൂരിൽ ഇത്തവണ മൂന്നാം ജയം.

1996ൽ ചെന്നൈയുടെ ആദ്യ മേയറായി മാറിയ സ്റ്റാലിൻ ഭരണ വൈദഗ്ധ്യം തെളിയിച്ചു എം.എൽ.എയായി നാലാമൂഴം. 2006 ലാണു ആദ്യമായി മന്ത്രിസഭയിൽ ഇടം നേടിയത്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല. 2009 മുതൽ രണ്ടു വർഷം ഉപമുഖ്യമന്ത്രിയായി.
കരുണാനിധിയുടെ പിൻഗാമിയെന്നു കരുതപ്പെട്ടിരുന്ന വൈക്കോ കലാപമുയർത്തി പാർട്ടിയിൽ നിന്നു പുറത്തുപോയതു സ്റ്റാലിനു നൽകുന്ന അമിത പരിഗണനയിൽ പ്രതിഷേധിച്ചാണ്. അതേ വൈക്കോയുടെ പാർട്ടി ഇത്തവണ ഡി.എം.കെ മുന്നണിയിൽ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ചത് സ്റ്റാലിന്റെ രാഷ്ട്രീയ മെയ്‌‌വഴക്കത്തിന് ഉദാഹരണം. അണികളുടെ ദളപതിയായിരുന്നു സ്റ്റാലിൻ. പാർട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തതോടെ തലൈവർ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M K STALIN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.