SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.07 PM IST

ഇനിയെങ്കിലും പാഠം പഠിക്കുമോ

congress

135 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാടിന് സമം. ദീർഘകാലം ഇന്ത്യയെ നയിച്ച പാർട്ടിയാണിതെന്ന് ഓർക്കണം! ഈ പ്രതിസന്ധി തിരിച്ചറിയാത്തവർ കോൺഗ്രസുകാർ മാത്രമേ ഉള്ളുവെന്നതാണ് വിരോധാഭാസം. സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു കൊടുങ്കാറ്റിൽ കോൺഗ്രസും യു.ഡി.എഫും കടപുഴകി. ഈ തോൽവിയിൽ നിന്നെങ്കിലും കോൺഗ്രസ് നേതൃത്വം പാഠം പഠിച്ചില്ലെങ്കിൽ പ്രസ്ഥാനം ഓർമ്മയാകുമെന്നതിൽ സംശയമില്ല.

പാലക്കാട് ചുവന്നപ്പോൾ

ഇടതുപക്ഷത്തിന് പാലക്കാട്ടും പത്തരമാറ്റ് വിജയമാണ് ജനം നൽകിയത്. സിറ്റിംഗ് സീറ്റുകളെല്ലാം വലിയ ഭൂരിപക്ഷത്തിൽ നിലനിറുത്തിയപ്പോൾ തൃത്താലയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എം.ബി.രാജേഷിലൂടെ സി.പി.എം മണ്ഡലം ചുവപ്പിച്ചു. ഭരണാനുകൂല തരംഗത്തിൽ ജില്ലയിൽ കോൺഗ്രസിന് പിടിവള്ളിയായത് പാലക്കാട്ടെ ഷാഫിയുടെ വിജയം മാത്രം. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഒരിക്കൽക്കൂടി പച്ചതുരുത്തായി മണ്ണാർക്കാടും.

നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉത്തവാദിത്തമില്ലെന്ന് പ്രചാരണ സമയത്തു തന്നെ വ്യക്തമാക്കിയ ഏക ഡി.സി.സി നേതൃത്വമാണ് പാലക്കാട്ടേത്. അവസാന ലാപ്പിലെ മേൽക്കൈ കൊണ്ട് പാലക്കാട് ഇ.ശ്രീധരനെ തറപറ്റിച്ചെങ്കിലും അഭിമാന പോരാട്ടത്തിൽ തൃത്താല കൈവിട്ടതും പട്ടാമ്പി, ചിറ്റൂർ എന്നിവിടങ്ങളിൽ വലിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതും ജില്ലയിൽ കോൺഗ്രസിനേറ്റ പ്രഹരമാണ്.

തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയപ്പോൾത്തന്നെ വിമത ഭീഷണിയുമായെത്തിയ എ.വി.ഗോപിനാഥ് പാർട്ടിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കി. പിന്നീട് സി.വി.ബാലചന്ദ്രനും രംഗത്തുവന്നു, സാമ്പത്തിക നേട്ടത്തിനായി ഘടക കക്ഷികൾക്ക് സീറ്റ് കച്ചവടം നടത്തിയെന്നാരോപിച്ച് പാർട്ടി പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി. ഏറ്റവുമൊടുവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എ.രാമസ്വാമി പാർട്ടി വിടുന്ന സാഹചര്യമുണ്ടായി. അപ്പോഴും സംഘടന അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നേതൃത്വം തയ്യാറായിരുന്നില്ലെന്നതാണ് ഗുരുതര പ്രതിസന്ധിക്ക് കാരണം.

മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് ഉന്നയിച്ച ഗുരുതര ആരോപണം പാർട്ടിയിൽ ഗ്രൂപ്പില്ലാതെ നിലനിൽക്കാനാവില്ലെന്നതാണ്. ഗ്രൂപ്പിന് അതീതമായി നിലകൊള്ളുന്ന നേതാക്കൾക്കൊപ്പം നിൽക്കുന്നവരെ തിരഞ്ഞുപിടിച്ച് അച്ചടക്ക നടപടികളെടുക്കുന്നു. ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നായിരുന്നു ഗോപിനാഥ് പറഞ്ഞത്. എന്നാൽ,പുനസംഘടനയിലടക്കം തന്നെ തഴഞ്ഞുവെന്നായിരുന്നു സി.വി.ബാലചന്ദ്രന്റെ പ്രതിഷേധം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ ചർച്ചയിൽ അത് പരിഹരിച്ചെങ്കിലും എ.വി.ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കാൻ ഉമ്മൻചാണ്ടി തന്നെ വരേണ്ടിവന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് എ.രാമസ്വാമി പാർട്ടി വിടുന്നത്.

നെന്മാറ, കോങ്ങാട്, മലമ്പുഴ ജില്ലാ നേതൃത്വത്തോട് ചർച്ച ചെയ്യാതെ ഘടക കക്ഷികൾക്ക് കൊടുത്തത് വലിയ വിമർശനങ്ങൾക്കിടയാക്കി. തുടർന്ന് മലമ്പുഴയിൽ തീരുമാനം മാറ്റേണ്ടി വന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സുമേഷ് അച്യുതന് സീറ്റ് നിഷേധിച്ചത് മേഖലയിൽ വലിയ വിവാദങ്ങൾക്കും ചേരിതിരിവിനും കാരണമായി. ചിറ്റൂർ മേഖലയിൽ കോൺഗ്രസിലെ അനൈക്യം പ്രകടമാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ കൈവിടുന്നതുവരെ എത്തിച്ചു. അപ്പോഴും നേതൃത്വം സംഘടന പ്രശ്നങ്ങളെ അവഗണിച്ചു, ഫലമോ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന്റെ കെ.കൃഷ്ണൻകുട്ടി രണ്ടാം തവണയും നിയമസഭയിലേക്ക്. യുവസ്ഥാനാർത്ഥികളെ നിറുത്തി ഷൊർണൂരും ഒറ്റപ്പാലവും പിടിക്കാൻ നോക്കിയെങ്കിലും നടന്നില്ല, പട്ടാമ്പിയിൽ റിയാസ് മുക്കോളിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് വലിയ തമ്മിലടികൾക്ക് ശേഷമായിരുന്നു.

ഇടതുപക്ഷം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ പരിഹരിച്ച് മുന്നോട്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ഷൊർണൂരിൽ പി.കെ.ശശി, ഒറ്റപ്പാലത്ത് പി.ഉണ്ണി എന്നിവർക്ക് പകരം യുവപരീക്ഷണം നടത്തിയതും, തരൂരിൽ എ.കെ.ബാലന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും പ്രതിഷേധത്തിനൊടുവിൽ അത് ഉപേക്ഷിച്ചതും പാർട്ടിയുടെ സംഘടനാ ശേഷിയുടെ കരുത്താണ്. സി.പിഎമ്മിൽ നിന്ന് കോൺഗ്രസ് പലതും പഠിക്കാനുണ്ടെന്ന് അർത്ഥം!

പരിശോധിക്കുമെന്ന് നേതൃത്വം

അവസാനഘട്ട പ്രചാരണത്തിലും വലിയ പ്രതീക്ഷ നൽകിയ സ്ഥാനാർത്ഥികളടക്കമുള്ളവർ നേരിട്ട തിരിച്ചടി കോൺഗ്രസ്​ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ജില്ലയിലെ കോൺഗ്രസി​ന്റെ പതാകവാഹകരായ വി.ടി.ബൽറാമും എ.സരിനുമടക്കം സ്ഥാനാർത്ഥികൾക്ക്​ തിരിച്ചടി നേരിട്ടതിനൊപ്പം പാലക്കാട്​ മൂന്നാമങ്കത്തിനിറങ്ങിയ ഷാഫി പറമ്പിലി​ൻെറ ഭൂരിപക്ഷത്തിലുണ്ടായ കുറവും സജീവ ചർച്ചയാകുന്നു​. ബൂത്തുതലത്തിൽ ഫലം വിലയിരുത്തുമെന്നും വീഴ്​ചയുണ്ടായ ഇടങ്ങളിൽ തിരുത്തുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

പാലക്കാട്​ മണ്ഡലത്തിൽ കോൺഗ്രസ്​ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ചെങ്കിലും കഴിഞ്ഞ തവണ നഗരസഭയിൽ കോൺഗ്രസിന്​ ലീഡ് ലഭിച്ച ബൂത്തുകളിലെല്ലാം ഇത്തവണ പിന്നോട്ട് പോയി. മിക്കയിടങ്ങളിലും വോട്ട്​ ഗണ്യമായി കുറഞ്ഞു. ഇ. ശ്രീധര​ന്റെ വ്യക്തിപ്രഭാവം കണക്കിലെടുക്കുമ്പോൾ തന്നെ മണ്ഡലത്തിലെ ചില കോൺഗ്രസ്​ നേതാക്കളുയർത്തിയ വിമതസ്വരവും ചരടുവലികളും വോട്ടു ചോർച്ചക്ക്​ കാരണമായതായാണ്​ വിലയിരുത്തപ്പെടുന്നത്​. ഒറ്റപ്പാലത്തും തൃത്താലയിലും സമാന നീക്കങ്ങളുണ്ടായതായി ആരോപണമുയരുന്നുണ്ട്​.

മലമ്പുഴയിൽ വോട്ടു ചോർച്ച

ഭരണത്തിലുള്ള എലപ്പുള്ളി പഞ്ചായത്തിൽ പോലും യു.ഡി.എഫ്, ബി.ജെ.പിക്ക് പിന്നിൽ മൂന്നാമതായി. എലപ്പുള്ളിയിൽ ബി.ജെ.പി 7263 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിന്റെ പെട്ടിയിൽ വീണത് 6296 വോട്ടുകൾ മാത്രം. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുത റോഡ്, കൊടുമ്പ് പഞ്ചായത്തുകളിലും കോൺഗ്രസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് ബി.ജെ.പിയാണ്. കൊടുമ്പിൽ ഒരു പഞ്ചായത്തംഗം പോലുമില്ലാത്ത ബി.ജെ.പി, 3829 വോട്ടുകൾ കരസ്ഥമാക്കിയപ്പോൾ മൂന്ന് മെമ്പർമാരുള്ള കോൺഗ്രസിന് ലഭിച്ചത് 3791 വോട്ടുകൾ. മരുത റോഡിൽ ബി.ജെ.പി ഏഴായിരത്തിൽപരം വോട്ടുകൾ നേടിയപ്പോൾ നാലായിരത്തിൽ താഴെ വോട്ട് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. മലമ്പുഴയിൽ 3200ലധികം വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് പോൾ ചെയ്തപ്പോൾ യു.ഡി.എഫിന് ലഭിച്ചത് അതിന്റെ പകുതി!.

അഴിച്ചുപണി താഴെത്തട്ടിലും അനിവാര്യമാണ്. ബൂത്ത് പ്രസിഡന്റുമാരെയാണ് ആദ്യം കണ്ടെത്തേണ്ടത്, ശേഷം ബൂത്ത്കമ്മിറ്റികൾക്ക് ജീവനുണ്ടാക്കണം.

സമൂഹത്തിൽ ആദിവാസികളും കർഷകരും തൊഴിലാളികളും ദളിത് ന്യൂനപക്ഷങ്ങളും പല ആവശ്യങ്ങൾക്കും അവകാശങ്ങൾക്കുമായി നടത്തുന്ന കൂട്ടായതും ഒറ്റപ്പെട്ടതുമായ സമരങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനമെന്തായിരുന്നു. ഇവരെയെല്ലാം സംഘടിപ്പിച്ച് ഒരു ചേരിയിലെത്തിക്കാൻ പാർട്ടി എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. കോൺഗ്രസ് നേതൃത്വം വിമർശനാർത്ഥം സ്വയം ഉന്നയിക്കേണ്ട ചോദ്യങ്ങളാണിത്. ഇതിനുള്ള ഉത്തരം കണ്ടെത്തി അവ പരിഹരിക്കുകയാണ് ഉയിർത്തെഴുന്നേൽപ്പിനുള്ള ഏക മാർഗം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY, CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.