SignIn
Kerala Kaumudi Online
Saturday, 20 April 2024 7.42 AM IST

പൊളിക്കരുത് പൂട്ട്, ഇരിക്കാം അകത്ത്

s

നിയന്ത്രണ സംവിധാനങ്ങളൊരുക്കി ജില്ല

ആലപ്പുഴ: സംസ്ഥാനം ഇന്ന് സമ്പൂർണ ലോക്ക്ഡൗണിലേക്ക് പ്രവേശിക്കവേ, കർശന നിയന്ത്രണങ്ങൾ സജ്ജീകരിച്ച് ജില്ലയും തയ്യാറായിക്കഴിഞ്ഞു. അനാവശ്യ യാത്രകളും കൂടിച്ചേരലുകളും നടത്തുന്നവർക്കെതിരെ മുഖവും പദവിയും നോക്കാതെയുള്ള കർശന നടപടികളുണ്ടാവുമെന്ന് അധികൃതർ അടിവരയിട്ടു പറഞ്ഞു കഴിഞ്ഞു. 16 വരെ നീളുന്ന ലോക്ക്ഡൗൺ കാലയളവിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിക്കുന്നു.

ആശങ്കയില്ലാതെ ഒരാഴ്ച അകത്തിരിക്കാനുള്ളവ അടുപ്പിക്കാൻ പരക്കംപായുകയായിരുന്നു പൊതുജനം ഇന്നലെ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ലോക്ക്ഡൗൺ ദിനങ്ങളിൽ പകൽസമയം പ്രവർത്തനാനുമതിയുണ്ടെങ്കിലും, വെപ്രാളപ്പെട്ട് സാധനങ്ങൾ സ്വരുക്കൂട്ടാനുള്ള തിരക്കാണ് ചെറിയ പലചരക്ക് കടകൾ മുതൽ സൂപ്പർ മാർക്കറുകളിൽ വരെ ഇന്നലെ അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിച്ചുള്ള 'ക്യൂ' പലേടത്തും നല്ലനിലയിൽ നീണ്ടു. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും സാധനങ്ങൾ വാങ്ങിയത്. പലചരക്ക്, പച്ചക്കറി, മത്സ്യ - മാംസ വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. കൂടാതെ മരുന്ന് വില്പനശാലകളിലും ഉപഭോക്താക്കളുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു. ഇന്നു മുതൽ പുറത്തിറങ്ങുന്നവർ സത്യപ്രസ്താവന ഉൾപ്പെടെ കൈയിൽ കരുതണമെന്നതിനാലാണ് പൊലീസിന് മുന്നിൽപ്പെട്ട് പുലിവാലു പിടിക്കാതിരിക്കാൻ ഇന്നലെത്തന്നെ ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്കെത്തിയത്.

പച്ചക്കറികൾ പോലെ വേഗം കേടാവുന്ന വസ്തുക്കൾക്ക് ഇന്നലെ ക്ഷാമം പ്രകടമായിരുന്നു. വരും ദിവസങ്ങളിൽ കച്ചവടം നടക്കുമെന്നുറപ്പില്ലാത്തതിനാൽ പലരും പുതിയ സ്റ്റോക്ക് എടുത്തിട്ടില്ല. സമാനമാണ് ബേക്കറികളുടെയും സ്ഥിതി. പാൽ ഉത്പന്നങ്ങളായ മധുര പലഹാരങ്ങൾക്ക് പരമാവധി ഒരാഴ്ചയാണ് ആയുസ്. ഇക്കാലയളവിൽ ഉപഭോക്താക്കൾ എത്തുമെന്നുറപ്പില്ലാത്തതിനാൽ സ്റ്റോക്കുകളിൽ കുറവുണ്ട്. കേക്ക് പോലുള്ളവ ഓർഡർ അനുസരിച്ച് മാത്രം തയ്യാറാക്കാനാണ് പല ബേക്കറികളും തീരുമാനിച്ചിരിക്കുന്നത്.

'പാഴ്സൽ' ഷാപ്പ്

മദ്യപ‌ർക്ക് ഏക ആശ്രയമായ കള്ളുഷാപ്പുകളിൽ ഗംഭീര കച്ചവടമാണ് ഇന്നലെയും നടന്നത്. പല ഷാപ്പുകളിലും കുപ്പിയുമായി എത്തുന്നവരുടെ നീണ്ട നിരയുണ്ടായിരുന്നു. ഷാപ്പുകൾക്കും ഇന്നു പൂട്ട് വീഴുന്നതോടെ വാറ്റ് കേന്ദ്രങ്ങൾ സജീവമാകുമെന്ന ആശങ്കയിലാണ് അധികൃതർ. ശർക്കരയുടെ വില്പന വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. ആവശ്യക്കാ‌ർ കൂടിയതോടെ ശർക്കര വില ഇരട്ടിയായി കിലോയ്ക്ക് ലേക്ക് ഉയർന്നു.

ബസിലും തിരക്ക്

ലോക്കിലാകുന്നതിന് മുമ്പ് വീടുപിടിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയതിനാൽ ഇന്നലെ കെ.എസ്.ആ‌.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായിരുന്നു. നിൽപ്പ് ഒഴിവാക്കിയാണ് യാത്രയെങ്കിലും, പതിവിൽ കൂടുതൽ കളക്ഷൻ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഭൂരിഭാഗം ഡിപ്പോകളും.

വളച്ചൊടിച്ച് കുരുക്കുന്നു

അവശ്യ സേവനങ്ങൾ നൽകുന്ന സ‌ർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിക്കുള്ള സർക്കുലർ ദുരുപയോഗം ചെയ്യുന്നതായി പരാതി. ആലപ്പുഴ നഗരത്തിലെ ചില സ്വകാര്യ സ്ഥാപനങ്ങളാണ് ലോക്ക് ഡൗൺ ദിനങ്ങളിലും ജോലിക്ക് ഹാജരാകണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. സർക്കുലറിൽ ഉൾപ്പെടാത്ത ഇത്തരം സ്ഥാപനങ്ങളിൽ ജോലിക്ക് എത്താതിരുന്നാൽ ശമ്പളം അടക്കം നിഷേധിക്കപ്പെടുമോ എന്ന ഭയത്തിലാണ് ജീവനക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.