SignIn
Kerala Kaumudi Online
Wednesday, 22 September 2021 8.35 AM IST

'അപ്പാ പൈത്യസ്വാമിയുടെ കടാക്ഷം' പുതുവൈ 'രാസാവായി ' വീണ്ടും രംഗസ്വാമി

rangaswami
നിയുക്ത മന്ത്രിമാരുടെ ലിസ്റ്റുമായി സേലത്തെ അപ്പാ സ്വാമി ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ എൻ.രംഗസ്വാമി

മയ്യഴിക്കാർക്ക് തലൈവർ

മാഹി: 1990ലെ തിരഞ്ഞെടുപ്പിൽ ജനതാദളിലെ പെത്തപ്പെരുമാളിനോട് ദയനീയമായി തോറ്റ് , സാമ്പത്തികമായി തളർന്ന്, രാഷട്രീയം വിടാൻ തീരുമാനിച്ചിരുന്ന കാലത്താണ് മുൻമുഖ്യമന്ത്രി എം.ഒ.എച്ച്.ഫാറൂഖ് മരിയ്ക്കാർ വഴി രംഗസ്വാമി സേലത്തുള്ള അപ്പാ പൈത്യസ്വാമിയുടെ അനുഗ്രഹം തേടിയത്. അന്ന് തലയിൽ കൈവച്ച് 'നീ പുതുവൈയിൽ രാസാവായിടും ' എന്നായിരുന്നു അപ്പാസ്വാമിയുടെ ആശിർവാദം.
അപ്പാസ്വാമിയുടെ ആ വാക്ക് പൊന്നായി. തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല പിന്നീട് രംഗസ്വാമിക്ക് . 1991 ൽ വൈദ്യലിംഗം മന്ത്രിസഭയിൽ കൃഷിമന്ത്രി. '99 മുതൽ 2001 വരെ ഷൺമുഖം മന്ത്രിസഭയിൽ അംഗം.2001 മുതൽ 2008 വരെ രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രി. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സ്ഥാനമൊഴിഞ്ഞ 2011 ൽ അസംതൃപ്തരെ ഏകോപിപ്പിച്ച് ആൾ ഇന്ത്യാ എൻ.ആർ.കോൺഗ്രസ് രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം നേടി വീണ്ടും മുഖ്യമന്ത്രി .2016 മുതൽ 2021വരെ പ്രതിപക്ഷ നേതാവ്. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ വിജയം. എൻ.ആർ.കോൺഗ്രസിന്റെ പത്തും നാല് റിബലുകളുമടക്കം പിന്തുണച്ചതോടെ വീണ്ടും പുതുവൈ മുഖ്യമന്ത്രിസ്ഥാനം. വീടിനോട് ചേർന്ന് അപ്പാസ്വാമിയുടെ ക്ഷേത്രം പണിത് അതിൽ പൂജചെയ്ത് തന്റെ ഭാഗ്യജാതകത്തിന് നന്ദി അറിയിക്കുന്നുണ്ട് പുതുച്ചേരിയുടെ പുതിയ മുഖ്യൻ.

പുതുവൈ കാമരാജ്

രാഷ്ടീയ ആചാര്യനായ പെരുംതലൈവർ കാമരാജിന്റെ ശൈലിയിലാണ് പുതുവൈ കാമരാജ് എന്നറിയപ്പെടുന്ന സ്വാമിയുടെ നടപ്പ്. കറുത്ത് മെലിഞ്ഞ നീളമേറിയ ഈ മനുഷ്യന്റെ നെറ്റിയിൽ വീതിയുള്ള ഭസ്മക്കുറിയുണ്ടാകും. കാൽമുട്ടിന് താഴെയെത്തുന്ന നീളൻ ഖദർഷർട്ടും മുണ്ടുമാണ് വേഷം.

അതിരാവിലെ എഴുന്നേറ്റ് സൈക്കിളിൽ ഗ്രാമത്തിലെ ചായക്കടയിലെത്തും. അവിടെ കൂടിനിൽക്കുന്നവർക്കൊപ്പം ചായയും സംസാരവും. പിന്നീട് അല്പം ടെന്നീസ് .വീട്ടിലെത്തി കുളിച്ച് ഒരു മണിക്കൂർ പൂജ കഴിഞ്ഞാൽ ഔദ്യോഗിക തിരക്കുകളിലേക്ക്. ആര് വിവാഹം ക്ഷണിച്ചാലും വധൂവരൻമാരെ അനുഗ്രഹിക്കാൻ പോകും. മുഖ്യമന്ത്രിയുടെ സൗകര്യത്തിനായി മുഹൂർത്തം പാതിരാവിലേക്ക് മാറ്റാറുണ്ട് ഇവിടുത്തുകാർ.

മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വിദ്യാർത്ഥികൾക്ക് വരെ കടന്നു വരാം.അവർക്കു മുന്നിലും കൈകൂപ്പം. പറയുന്നതിന് കാതു കൊടുക്കും.സങ്കടം കേട്ടാൽ തന്നാലാവുന്നതെല്ലാം സങ്കേതികത്വം നോക്കാതെ വാരിക്കോരി കൊടുക്കും.പുതുച്ചേരിയിൽ മെഡിക്കൽ,എൻജിനീയറിംഗ് ഉൾപ്പെടെ സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാഭ്യാസം സൗജന്യമാക്കിയതടക്കം രംഗസ്വാമി തീർത്ത വിപ്ളവങ്ങളേറെയുണ്ട്.

മയ്യഴിയോട് പ്രണയം

മയ്യഴിയിലെ വൻകിട പദ്ധതികളായ പുഴയോര നടപ്പാത, ഇൻഡോർ സ്റ്റേഡിയം, തുറമുഖം തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു.പല തവണ മയ്യഴി സന്ദർശിച്ചിട്ടുള്ള രംഗസ്വാമിക്ക് മയ്യഴിയിലെ പൊതുപ്രവർത്തകരെ പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്. മയ്യഴി തന്റെ സ്വന്തം നാടെന്നാണ് രംഗസ്വാമി എപ്പോഴും പറയാറുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.