SignIn
Kerala Kaumudi Online
Thursday, 29 July 2021 7.47 AM IST

കോടികൾ ഒലിച്ചു പോകുന്ന ചമ്രവട്ടം

chamravattom

എത്ര പറഞ്ഞാലും തീരില്ല ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയെ കുറിച്ച്. അഴിമതിയുടെയും അനാസ്ഥയുടെയും നീണ്ടുനിവർന്നു നിൽക്കുന്ന പ്രതീകമാണിത്. 160 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ച പദ്ധതിയിലൂടെ കോടികൾ ഒലിച്ചു പോയതല്ലാതെ ഇന്നും ജലസംഭരണമെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്. ചമ്രവട്ടം റെഗുലേറ്ററിന്റെ ചോർച്ച പരിഹരിക്കുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാരുകൾ വാഗ്ദാനങ്ങളേകും. ഇടതു വലതുഭേദമില്ലാതെ വോട്ട് പെട്ടിയിലാവുന്നതോടെ ഇതെല്ലാം മറക്കും. ഇത്തവണയും ഇങ്ങനെയൊരു ശുഭപ്രതീക്ഷയേകിയാണ് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു പോയത്. ചമ്രവട്ടം റെഗുലേറ്ററിന്റെ ചോർച്ച അടയ്‌ക്കുന്നതിനായി പൈലിംഗ് ഷീറ്റ് സ്ഥാപിക്കാൻ 32.6 കോടി രൂപയ്‌ക്ക് സ്വകാര്യ കമ്പനിക്ക് സർക്കാർ കരാർ നൽകിയിട്ടുണ്ടെന്നായിരുന്നു ആ ശുഭവാർത്ത. ചോർച്ചയടക്കാൻ പുഴയുടെ അടിത്തട്ടിൽ 11 അടി വരെ താഴ്‌ത്തി സ്റ്റീലിന്റെ ഷീറ്റ് സ്ഥാപിക്കണമെന്നാണ് ഡൽഹി ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം പൈലിംഗ് ഷീറ്റ് സ്ഥാപിക്കാനായി സർക്കാർ ആദ്യം 25 കോടി രൂപ വകയിരുത്തിയെങ്കിലും ഈ തുക മതിയാവില്ലെന്ന് കാണിച്ച് കമ്പനികൾ കരാർ എടുക്കാൻ തയ്യാറായില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കരാർ തുക 32.6 കോടി രൂപയായി സർക്കാർ ഉയർത്തുകയും സ്വകാര്യ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചോർച്ചയടയ്‌ക്കൽ പദ്ധതിയുടെ നാടും നാട്ടുകാരെയും കൊട്ടിയറിയിച്ച് നടത്തുകയും ചെയ്തു. പരിവാരങ്ങളും സംവിധാനങ്ങളുമായി കരാർ ഏറ്റെടുത്ത കമ്പനിയും ചമ്രവട്ടത്തെത്തി. ഇതിനിടെ അറ്റകുറ്റപ്പണിയും തുടങ്ങി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പണി സാധനങ്ങൾ തിരിച്ചുകൊണ്ടുപോവാൻ കമ്പനി ശ്രമം തുടങ്ങി. കാരണം കേട്ടവരെല്ലാം തലയിൽ കൈവയ്‌ക്കുന്ന അവസ്ഥയിലായിരുന്നു. പൈലിംഗിനുള്ള ഷീറ്റ് കിട്ടിയിട്ടില്ലത്രേ. ഇന്ത്യയിൽ ലഭ്യമല്ലാത്തത് കൊണ്ട് പുറത്തുനിന്ന് എത്തിക്കണമെന്നാണ് കമ്പനിയുടെ വാദം. അറ്റകുറ്റപ്പണിയ്‌ക്കാവശ്യമായ പ്രധാന വസ്തുവായ പൈലിംഗ് ഷീറ്റില്ലാതെ പിന്നെ എന്തിനാണ് പണി തുടങ്ങിയതെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. തിരഞ്ഞെടുപ്പ് അടുത്തതോടെ കണ്ണിൽ പൊടിയിടാൻ രാഷ്ട്രീയക്കാർ നടത്തിയ നാടകമാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്തായാലും വോട്ട് പെട്ടിയിലായതോടെ ചമ്രവട്ടം വീണ്ടും നോക്കുകുത്തിയായി.

ഈ വർഷവും ചോർച്ച തുടരും

മേയ് പകുതിയോടെ പൈലിംഗിനുള്ള ഷീറ്റുകൾ എത്തിക്കുമെന്നാണ് ഇപ്പോൾ കമ്പനിയും രാഷ്ട്രീയക്കാരും പറയുന്നത്. ഇത്തവണ മൺസൂൺ നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. വേനലിൽ മെലിഞ്ഞാഴുകുന്ന പുഴയല്ല, മൺസൂണിലെ നിള. ഇരുകരകളും മുട്ടി നിറഞ്ഞൊഴുകുന്ന നിളയിൽ ഇക്കാലയളവിൽ പൈലിംഗിന് പോയിട്ട് ഒന്ന് ഇറങ്ങാൻ പോലും കഴിയില്ല. അറബിക്കടലിലേക്ക് പാഞ്ഞൊഴുകാൻ വെമ്പുന്ന നിളയ്ക്ക് മുന്നിൽ ഒന്നും തടസമാവാറില്ല. പാലത്തിനടിയിൽ ഒരു കിലോമീറ്റർ നീളത്തിൽ പൈലിംഗ് ഷീറ്റ് മുഴുവനായും മണ്ണിനടിയിൽ അടിച്ചിറക്കണം. 11 അടി താഴ്ച‌യിലാണ് ഇവ പൈൽ ചെയ്തിറക്കേണ്ടി വരിക. പിന്നീടുണ്ടാകുന്ന ചോർച്ചയും മണലിന്റെ തള്ളലുകളുമെല്ലാം വഹിക്കാൻ കഴിയുന്ന തരത്തിലുള്ള ശക്തിയേറിയ സ്റ്റീൽ പ്ലേറ്റുകളാണിവ. ഈ സാഹചര്യത്തിൽ ഈ മാസം പണി തുടങ്ങിയാലും പാതിയിൽ എല്ലാം നിറുത്തേണ്ടി വരും. ഇനിയും ഒരു വർഷം നിളയിലെ ജലം കെട്ടിനിറുത്താനാവാതെ ചമ്രവട്ടത്തിലൂടെ ഒലിച്ചുപോവുമെന്ന് അർത്ഥം.

ചില്ലറയല്ല പദ്ധതി

138 തൂണുകളിലായി 974 മീറ്റർ നീളമുള്ള പാലവും റെഗുലേറ്ററും അടങ്ങിയതാണ് ചമ്രവട്ടം പദ്ധതി. മലപ്പുറം, തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യഥേഷ്ടം കുടിവെള്ളവും ജലസേചനവും ഉറപ്പാക്കാൻ കഴിയുന്ന പദ്ധതിയാണിത്. റെഗുലേറ്ററിൽ 12.7 മീറ്റർ വീതിയും നാല് മീറ്റർ ഉയരവുമുള്ള 70 ഷട്ടറുകളാണ് സ്ഥാപിച്ചത്. 13 കിലോമീറ്ററോളം ദൂരത്തിൽ നാല് മീറ്റർ ഉയരത്തിൽ ജലസംഭരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യം 148 കോടി രൂപ ചെലവ് കണക്കാക്കി തുടങ്ങിയ പദ്ധതി പൂർത്തിയായപ്പേൾ 160 കോടിയും പിന്നിട്ടു. നിളയുടെ തീരത്തെ എണ്ണമറ്റ കുടുംബങ്ങൾക്ക് കൊടുംവേനലിലും കുടിവെള്ളം ഉറപ്പാക്കാൻ ഈ പദ്ധതി മാത്രം മതി. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിൽ യഥേഷ്ടം വെള്ളമെത്തിക്കാനും ഇതിലൂടെ സാധിക്കും. 2012 മേയ് 17ന് പദ്ധതി ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ റെഗുലേറ്ററിലെ ചോർച്ച മൂലം ഒരു തുള്ളി വെള്ളം പോലും സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോടിനേയും മലപ്പുറത്തെയും ബന്ധിപ്പിച്ചുള്ള പാലം മാത്രമാണ് നാട്ടുകാർക്ക് ഉപകാരപ്പെട്ടത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രാംകി ഇൻഫ്രാസ്‌ട്രെക്‌ചർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാർ എടുത്തത്. എന്നാൽ ഇവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ചോർച്ചയടക്കാൻ വഴി അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു കമ്പനി തന്നെയില്ലെന്ന് ബോദ്ധ്യപ്പെട്ടത്. ആർക്കൊക്കയോ വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ കമ്പനി ചോർത്തിയത് കോടിക്കണക്കിന് രൂപയും ഒരു ജനതയുടെ കാലങ്ങളായുള്ള സ്വപ്നവും. 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ചോർച്ച അടയ്‌ക്കുന്നതിന്റെ മറവിൽ ടൺ കണക്കിന് മണലും കടത്തി. അഴിമതിയിലും ക്രമക്കേടിലും വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും പ്രധാന കുറ്റവാളികൾ ഇന്നും കാണാമറയത്താണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPPURAM DIARY, CHAMRAVATTOM REGULATOR-CUM-BRIDGE
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.