ക്വലാലംപൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് മേയ് 25 മുതൽ 30വരെ നടത്താൻ തീരുമാനിച്ചിരുന്ന മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മാറ്റിവച്ചു. അവശേഷിക്കുന്ന രണ്ട് ഒളിമ്പിക് യോഗ്യതാ ടൂർണമെന്റുകളിൽ ഒന്നായിരുന്ന മലേഷ്യൻ ഓപ്പൺ മാറ്റിവച്ചത് ഇന്ത്യൻ സൂപ്പർ താരങ്ങളായ സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും തിരിച്ചടിയായി. മലേഷ്യ ഓപ്പണിലൂടെ ഒളിമ്പിക്സിന് ടിക്കറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.
നേരത്തേ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റായ ഇന്ത്യാ ഓപ്പണും മാറ്റിവച്ചിരുന്നു. ജൂൺ 1മുതൽ 6വരെ നടക്കുന്ന സിംഗപ്പൂർ ഓപ്പണാണ് നിലവിൽ ഇനിയുള്ള ഒളിമ്പിക്സ് യോഗ്യതാ പോരാട്ടം.
എന്നാൽ ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെ സിംഗപ്പൂർ നിരോധിച്ചിരിക്കുന്നതിനാൽ സൈനയ്ക്കും ശ്രീകാന്തിനും ആ ടൂർണമെന്റിൽ പങ്കെടുക്കുകയെന്നത് വെല്ലുവിളിയാണ്. ഇരുവരേയും പങ്കെടുപ്പിക്കാൻ ബാഡ്മിന്റൺ അസോസിയേഷൻ ശ്രമം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |