മാഡ്രിഡ്: കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സ്പാനിഷ് ടെന്നിസ് സെൻസേഷൻ റാഫേൽ നദാലും മികച്ച വനിതാ താരത്തിനുള്ള അവാർഡ് ജാപ്പനിസ് സൂപ്പർ വുമൺ നവോമി ഒസാക്കയും സ്വന്തമാക്കി. കഴിഞ്ഞ വർഷം കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷ താരങ്ങളുടെ പട്ടികയിൽ റോജർ ഫെഡററർക്കൊപ്പം (20) നദാൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
കഴിഞ്ഞ വർഷം രണ്ടാം യു.എസ് ഓപ്പൺ കിരീടം നേടിയ ഒസാക്ക ഫ്ലഷിംഗ് മെഡോസിനെ ബ്ലാക്ക് ലീവ്സ് മാറ്റർ പ്രതിഷേധ വേദിയായും മാറ്റിയിരുന്നു. രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം നദാലിന് ലഭിക്കുന്നത്. ഒസാക്ക ആദ്യമായാണ് മികച്ച കായികതാര പുരസ്കാരം സ്വന്തമാക്കുന്നത്.
ജർമ്മൻ ഫുട്ബാൾ ക്ലബായ ബയേൺ മ്യൂണിക്കാണ് മികച്ച ടീം. സാമൂഹിക പ്രതിബദ്ധതയുള്ള കായിതാരത്തിനുള്ള പുരസ്കാരം ഫോർമുല വൺ ചാമ്പ്യൻ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണിനാണ്. ബ്ലാക്ക് ലീവ്സ് മാറ്റർ പ്രതിഷേധങ്ങളുടെ മുന്നണിയിൽ ഹാമിൽട്ടണുമുണ്ടായിരുന്നു.
മികച്ച സ്പോർട്ടിംഗ് ഇൻസ്പിരേഷൻ പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മൊഹമ്മദ് സല സ്വന്തമാക്കി.സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിംഗിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |